2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

ഡബിള്‍ ഹോഴ്‌സിന്റെ മട്ടപൊടിയരിയില്‍ മായമെന്ന് കണ്ടെത്തല്‍; പിന്‍വലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഡബിള്‍ ഹോഴ്‌സിന്റെ മട്ട പൊടിയരിയുടെ ഒരു ബാച്ച് ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ആ ബാച്ചില്‍ പെട്ട മട്ട പൊടിയരി വിപണിയില്‍നിന്നു പിന്‍വലിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി.

അതേസമയം 13-ാം തിയതി ലഭിച്ച ലാബ് പരിശോധനാ റിപ്പോര്‍ട്ട് അനുസരിച്ച് അരിയില്‍ ഒരു തരത്തിലുമുള്ള മായവും ചേര്‍ന്നിട്ടില്ലെന്നാണ് ഡബിള്‍ ഹോഴ്‌സിന്റെ വിശദീകരണം.

ഡബിള്‍ ഹോഴ്‌സിന്റെ 15343 എന്ന ബാച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിച്ചത്. കഴുകുമ്പോള്‍ തന്നെ അരിയുടെ നിറം ഇളകി പോകുന്നതായി കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനയിലാണ് അമിത അളവില്‍ തവിട് എണ്ണ കലര്‍ത്തിയതായി സ്ഥിരീകരിച്ചത്. ഇതോടെ ഈ ബാച്ച് അരിക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

പരിശോധനാ ഫലം കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാകമ്മിഷണര്‍ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവനന്തപുരത്ത് വീട്ടമ്മ മട്ട പൊടിയരി വാങ്ങി കഴുകിയപ്പോള്‍ നിറംപോയി പച്ചരിയാകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.