2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

അഖിലേഷിനെ വിമാനത്താവളത്തില്‍ തടഞ്ഞ് യു.പി പൊലിസ്

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ പ്രയാഗ് രാജിലേക്കുള്ള പ്രത്യേക വിമാനത്തില്‍ കയറുന്നത് പൊലിസ് തടഞ്ഞു. അലഹബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോവുകയായിരുന്നു അഖിലേഷ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഛാത്ര സഭയാണ് യൂണിയന്‍ നിയന്ത്രിക്കുന്നത്.

ഇതിനിടെ തന്നെ വിമാനത്തില്‍ കയറാന്‍ സമ്മതിക്കാതെ പൊലിസ് തന്നെ തടഞ്ഞുവെച്ചതായി അഖിലേഷ് ട്വീറ്റ് ചെയ്തു. ഉത്തരവുകളൊന്നും ഇല്ലാതെയാണ് പൊലിസ് ലക്‌നോ ചൗധരി ചരണ്‍ സിങ് വിമാനത്തിനു മുന്നില്‍ തന്നെ തടഞ്ഞത്. അത് മറികടന്ന് അകത്തെത്തിയെങ്കിലും പൊലിസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിക്കുകയായിരുന്നു- അഖിലേഷ് പറഞ്ഞു.

രാജ്യത്തെ യുവജനങ്ങള്‍ അനീതിക്കെതിരാണ്. ഇത് ബി.ജെ.പി സര്‍ക്കാരിനെ ഭയപ്പെടുത്തുന്നുണ്ട്. അതാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു.

അഖിലേഷ് ട്വീറ്റ് ചെയ്തിരിക്കുന്ന ഫോട്ടോകളിലും വീഡിയോയിലും മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അഖിലേഷിന്റെ വിമാനത്തിലേയ്ക്കുള്ള വഴി തടഞ്ഞ് കോവണിയില്‍ നില്‍ക്കുന്നത് കാണാം. ഹാത് മത് ലഗാവോ (ദേഹത്ത് തൊട്ടുള്ള കളി വേണ്ട) എന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥനോട് അഖിലേഷ് പറയുന്നുണ്ട്. വിമാനത്തില്‍ കയറാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അഖിലേഷ് യാദവ് തിരിച്ചുപോയി.

അതേസമയം, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അലഹബാദ് യൂണിവേഴ്‌സിറ്റി അധികൃതര്‍ അഖിലേഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചതായും ക്രമസമാധാനം പാലിക്കാനാണ് അഖിലേഷിനെ തടഞ്ഞത് എന്നുമാണ് പൊലീസും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.