2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹജ്ജിനെ രാഷ്‌ട്രീയ വൽക്കരിക്കാൻ അനുവദിക്കില്ലെന്ന് സഊദി; വിദേശ ഏജൻസികൾക്കുള്ള ബാങ്ക് ഗാരണ്ടി വ്യവസ്ഥയിൽ ഇളവ് വരുത്തി,  ഗ്ലോബൽ സ്റ്റാന്റേർഡ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കും 

അബ്‌ദുസ്സലാം കൂടരഞ്ഞി 

റിയാദ്: വിശുദ്ധ ഹജ്ജിനെ രാഷ്ട്രീയ വൽക്കരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ സഊദി അറേബ്യ ശക്തമായ നിലപാടുമായാണ് മുന്നോട്ടു പോകുന്നതെന്നും സഊദി ഹജ്ജ് ഉംറ ഉപ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് വ്യക്തമാക്കി. സഊദിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നടപടി ഇത് വരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ്,  ഉംറ കർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് ഒരു രാജ്യക്കാരെയും  വിലക്കാറില്ല. ഇത് ഇത് പോലെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമെത്തുന്ന തീർഥാടകരെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. 
          ഹജ്ജിനെ രാഷ്ട്രീയ വൽക്കരിക്കുന്നത് ഒരിക്കലും സഊദി  അംഗീകരിക്കില്ല.തീർത്ഥാടകർക്കായി മെച്ചപ്പെട്ട സേവനങ്ങൾ വര്ഷം തോറും വർധിപ്പിച്ചാണ് സഊദി ഇതിനു മറുപടി നൽകുന്നത്. തീര്ഥാടകർക്കാവശ്യമായ എലാവിധ സേവനങ്ങളും രാജ്യം നൽകി വരുന്നുണ്ട്. ഖത്തർ തീർഥാടകരെ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാവിധ ഇളവുകളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തർ തീർഥാടകർക്കു മുന്നിൽ സൗദി അറേബ്യ ഒരുവിധ പ്രതിബന്ധങ്ങളും ബാധകമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  
          സഊദി  ഉംറ സർവീസ് കമ്പനികളുടെ വിദേശ ഏജൻസികൾക്കുള്ള ബാങ്ക് ഗാരണ്ടി വ്യവസ്ഥയിൽ ഹജ്, ഉംറ മന്ത്രാലയം അടുത്തിടെ ഭേദഗതികൾ വരുത്തിയാതായതും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ വിദേശ ഏജൻസികൾക്കുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും സാധ്യമായത്ര തീർഥാടകർക്ക് ഉംറ കർമം നിർവഹിക്കുന്നതിന് അവസരമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് വിദേശ ഏജൻസികൾക്കുള്ള ബാങ്ക് ഗാരണ്ടി വ്യവസ്ഥയിൽ ഭേദഗതികൾ വരുത്തിയത്.  ഉംറ സർവീസ് കമ്പനികളുടെ ശക്തമായ ആവശ്യത്തെ തുടർന്നാണ് ഇക്കാര്യം നടപ്പിലാക്കിയത്. ഇതു പ്രകാരം വിദേശ ഏജൻസികൾ ബാങ്ക് ഗാരണ്ടി കെട്ടിവെക്കേണ്ടതില്ല. പകരം ബാങ്ക് ഗാരണ്ടി നൽകും എന്ന് ഉറപ്പു നൽകുന്ന പ്രത്യേക ഫോറം പൂരിപ്പിച്ചു നൽകിയാൽ മാത്രം മതി. 
         ഗ്ലോബൽ സ്റ്റാന്റേർഡ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനും സഊദി ഹജ്, ഉംറ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഇത് വഴി അനുയോജ്യമായ നിരക്കുകളിലുള്ള പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനും വിദേശ ഏജൻസികളെ സമീപിക്കാതെ ഓൺലൈൻ വഴി ഉംറ വിസ നേടുന്നതിനും തീർഥാടകർക്ക് സാധിക്കും. സഊദി ഉംറ സർവീസ് കമ്പനികൾ മുഴുവൻ പാക്കേജുകളും ഗ്ലോബൽ സ്റ്റാന്റേർഡ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ പരസ്യപ്പെടുത്തും. ഈ വർഷം ആഭ്യന്തര തീർത്ഥാടകരിൽ 2,27,000 പേർക്കാണ് ഹജിന് അവസരം ലഭിക്കുക. 190 ഹജ് സർവീസ് കമ്പനികൾ വഴിയാണ് ഇവർക്കുള്ള അനുമതി നൽകുന്നത്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.