2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഡ്രോണ്‍ പറത്തിയവരേ തിരിച്ചറിഞ്ഞു: മുംബൈയില്‍ നിന്നെത്തിയ സംഘമെന്ന്, പൊലിസ് ആസ്ഥാനത്തിന്റെ മുകളിലൂടെയും ഡ്രോണ്‍ പറന്നു

  • അനധികൃത ഡ്രോണുകള്‍ക്ക്
    പൂട്ടിടാന്‍ പൊലിസ്

തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ഡ്രോണുകള്‍ക്ക് പൂട്ടിടാന്‍ കര്‍ശന നടപടിയുമായി പൊലിസ്. അനധികൃത ഡ്രോണുകളെ കെണ്ടത്താനും നടപടിയെടുക്കാനുമായി ഓപ്പറേഷന്‍ ഉഡാന്‍ എന്ന പേരില്‍ പൊലിസ് പ്രത്യേക കര്‍മപദ്ധതി ആരംഭിച്ചു. പൊലിസ് ആസ്ഥാനത്തും പത്മനാഭ സ്വാമിക്ഷേത്ര പരിസരത്തും കോവളത്ത് തീരദേശമേഖലയിലും ശംഖുമുഖത്തും തുമ്പയിലും അനധികൃത ഡ്രോണുകള്‍ നിരീക്ഷണം നടത്തിയതായി കണ്ടെത്തിയതോടെയാണ് പൊലിസ് കര്‍ശന നടപടി ആരംഭിച്ചത്.
ലൈസന്‍സ് വേണ്ടാത്ത ചൈനീസ് ഡ്രോണുകള്‍ക്ക് വേണ്ടി സംസ്ഥാനവ്യാപകമായി പരിശോധനയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തില്‍ വ്യോമസേന, ഐ.എസ്.ആര്‍.ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണ സംഘത്തെയും നിയോഗിച്ചു. സംസ്ഥാനത്തെ ഡ്രോണ്‍ ക്യാമറകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉടമകളെയും ഓപ്പറേറ്റര്‍മാരെയും പൊലിസ് സ്റ്റേഷനുകളിലേക്ക് വിളിച്ച് പരിശോധന നടത്തുമെന്ന് അന്വേഷണ ചുമതലയുള്ള ഐ.ജി അശോക് യാദവ് പറഞ്ഞു.

250 ഗ്രാമിന് താഴെ ഭാരമുള്ള നാനോ ഡ്രോണുകള്‍ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിക്കും. ഡി.ജി.സി.എയുടെ അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ കേസെടുക്കും.

അതേസമയം, തീരദേശ റെയില്‍വേ പാതക്ക് സര്‍വേ തയാറാക്കാന്‍ വന്ന മുംബൈ ഏജന്‍സി സംഘമാണ് തിരുവനന്തപുരത്തെ തീരദേശത്ത് ഡ്രോണ്‍ പറത്തിയതെന്ന് സൂചന കിട്ടിയെങ്കിലും ഇവരെ ചോദ്യം ചെയ്തപ്പോള്‍ റെയില്‍വേ അനുമതിയോടെ നേമം മുതല്‍ നാഗര്‍കോവില്‍ വരെയുള്ള ഭാഗങ്ങളിലാണ് ഡ്രോണ്‍ പറത്തിയതെന്നും കോവളത്തേക്ക് വന്നിട്ടില്ലെന്നും ഇവര്‍ മൊഴി നല്‍കി.

ഇവരുടെ കൈവശമുള്ളത് നഗരത്തില്‍ കണ്ടതിനേക്കാള്‍ വലിപ്പം കൂടിയതാണെന്നും സ്ഥിരീകരിച്ചു. എന്നാല്‍ നേമം ഭാഗത്തെ സര്‍വേക്കിടെ ഇവരുടെ ഒരു ഡ്രോണ്‍ നഷ്ടമായതായി മൊഴിയുണ്ട്. ഇത് ആരെങ്കിലും ദുരുപയോഗിക്കുന്നതാണോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. 21ന് രാത്രി വി.എസ്.എസ്.സിയുടെ മുകളിലൂടെയും തുമ്പ തീരദേശ മേഖലയിലുമുള്ള അതീവസുരക്ഷാ മേഖലകളിലും ഡ്രോണ്‍ പറത്തിയത് രാത്രി പട്രോളിങ് നടത്തിയിരുന്ന പൊലിസുകാരാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോണ്‍ പറക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേ സമയം പൊലിസ് ആസ്ഥാനത്തിന് മുകളിലും അജ്ഞാത ഡ്രോണെത്തി.

പൊലിസ് ആസ്ഥാനത്തിന്റെ മുകളിലൂടെ പറന്നത് അധിക ദൂരം പോകാത്ത ചെറിയ ഡ്രോണ്‍ ആണ്. പൊലിസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലിസുകാരാണ് ഡ്രോണ്‍ ക്യാമറ കണ്ടതായി റിപ്പോര്‍ട്ട് നല്‍കിയത്.

പൊലിസ് ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോണ്‍ ക്യാമറ പറന്നത്. പലയിടങ്ങളില്‍ തുടര്‍ച്ചയായി ഡ്രോണ്‍ പറന്നതിനാല്‍ നിയന്ത്രണം നഷ്ടമായി അബദ്ധത്തില്‍ പറന്നതല്ലെന്നും ആരെങ്കിലും പറത്തിയതാണെന്നുമാണ് പൊലിസ് നിഗമനം. എന്നാല്‍ കളിപ്പാട്ടം പോലുള്ളതായതിനാല്‍ ആശങ്കപെടേണ്ടെന്നും പൊലിസ് കരുതുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുള്‍പ്പടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശനിര്‍ദേശം നല്‍കിയിരുന്നു. കടല്‍മാര്‍ഗം ഭീകരര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാന്‍ പഴുതടച്ച അന്വേഷണം നടത്താന്‍ പൊലിസും ഇന്റലിജന്‍സും തീരുമാനിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.