2018 December 18 Tuesday
തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാന്‍ മനുഷ്യനു പറ്റില്ല

ഡോക്ടര്‍മാര്‍ സമരത്തില്‍: ബിഹാറില്‍ 15 രോഗികള്‍ മരിച്ചു

പട്‌ന: ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതിനെ തുടര്‍ന്ന് ബിഹാറിലെ പട്‌ന മെഡിക്കല്‍ കോളജില്‍ 15 രോഗികള്‍ക്ക് ദാരുണാന്ത്യം. ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട 15 പേരാണ് വേണ്ടത്ര ചികിത്സ കിട്ടാതെ മരിച്ചത്.

കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മര്‍ദിച്ചെന്നാരോപിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കി സമരത്തിനിറങ്ങിയത്. 500 ല്‍ അധികം ജൂനിയര്‍ ഡോക്ടര്‍മാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

സമരത്തെത്തുടര്‍ന്ന് 36 ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്. പുതിയ രോഗികള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനെത്തുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. പലരും സ്വകാര്യ ആശുപത്രികളിലേക്ക് ചികിത്സ തേടിപ്പോകാന്‍ നിര്‍ബന്ധിതരായെന്നും അവര്‍ പറഞ്ഞു. അത്യാഹിത വിഭാഗങ്ങളില്‍ സീനിയര്‍ ഡോക്ടര്‍മാരെ നിയോഗിച്ചതായി പി.എം.സി.എച്ച് ആക്ടിങ് പ്രിന്‍സിപ്പില്‍ വി.കെ ഗുപ്ത അറിയിച്ചു.

രണ്ടു മാസത്തിനിടെ മൂന്നുതവണയാണ് ഡോക്ടര്‍മാര്‍ക്കെതിരേ ഇതേ ആശുപത്രിയില്‍ ആക്രമണമുണ്ടാകുന്നത്. ഇത് ഇനിയും അനുവദിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാരുടെ വാദം. സംസ്ഥാന ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍, ഡോക്ടര്‍മാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.