2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഇസ്‌ലാമോഫോബിയ വച്ചുപൊറുപ്പിക്കില്ല’; യു.എ.ഇക്ക് പിന്നാലെ കാനഡയും, ബാങ്ക് വിളി അനുവദിച്ചതിനെതിരെ ട്വീറ്റ് ചെയ്ത ഇന്ത്യക്കാരനെ പുറത്താക്കി

 

ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന തരത്തില്‍ കടുത്ത വിദ്വേഷ പരാമര്‍ശം നടത്തിയ സ്‌കൂള്‍ കൗണ്‍സില്‍ ചെയറായ ഇന്ത്യക്കാരനെ പുറത്താക്കി കനേഡിയന്‍ പീല്‍ സ്‌കൂള്‍ ബോര്‍ഡ്. റമദാന്‍ പ്രമാണിച്ച് നോമ്പ് തുറക്കുന്ന നേരത്ത് ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കാന്‍ അനുമതി നല്‍കിയ ബ്രാംറ്റണ്‍ സിറ്റിയുടെ തീരുമാനത്തിനെതിരെയാണ് രവി ഹൂഡ എന്നയാള്‍ ട്വീറ്റ് ചെയ്തത്. കടുത്ത വിദ്വേഷ പരാമര്‍ശമുള്ള ട്വീറ്റ് കണ്ടയുടനെ അധികൃതര്‍ ഇടപെടുകയും ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് ടൊറന്റൊ മേഖലയിലുള്ള പല മുനിസിപ്പാലിറ്റികളും മഗ്‌രിബ് ബാങ്ക് വിളിക്ക് അനുമതി നല്‍കിയത്. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പ്രാര്‍ഥനയ്ക്കായി ഒരുമിച്ചു കൂടാനാവില്ലെന്ന സാഹചര്യത്തിലാണ് ഈയൊരു സൗകര്യം ചെയ്തുകൊടുത്തത്.

എന്നാല്‍ ഇതിനെതിരെ കടുത്ത വിദ്വേഷ പരാമര്‍ശമാണ് രവി ഹൂഡ നടത്തിയത്. ‘അടുത്തത് എന്ത്? ത്യാഗത്തിന്റെ പേരില്‍ മൃഗബലി അനുവദിക്കുന്നതാണോ?’- തുടങ്ങിയ പരാമര്‍ശങ്ങളാണ് ട്വിറ്ററിലൂടെ നടത്തിയത്.

‘ചര്‍ച്ച് ബെല്ലുള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് നമ്മുടെ ശബ്ദമലിനീകരണ നിയമം പാസാക്കിയത് 1984 ലാണ്. ഇപ്പോള്‍ എല്ലാ വിശ്വാസങ്ങള്‍ക്കും നിയന്ത്രിത ശബ്ദത്തോടെ, നിശ്ചിത സമയം അതനുവദിച്ചിരിക്കുന്നു. മുസ്‌ലിംകള്‍ക്ക് മഗ്‌രിബ് ബാങ്ക് വിളിക്കാം. കാരണം ഇത് 2020 ആണ്. എല്ലാ വിശ്വാസങ്ങളെയും ഞങ്ങള്‍ ഒരു പോലെയാണ് കാണുന്നത്’- ബ്രാംറ്റണ്‍ മേയര്‍ പാട്രിക്ക് ബ്രൗണ്‍ ട്വീറ്റ് ചെയ്തു.

‘പ്രിന്‍സിപ്പാള്‍ അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ കൗണ്‍സില്‍ ചെയര്‍ സ്ഥാനത്ത് നിന്ന് ഇയാളെ പുറത്താക്കിയിട്ടുണ്ട്. ഇനി കൗണ്‍സിലില്‍ സംബന്ധിക്കാനാവില്ല. ഇസ് ലാമോഫോബിയ അംഗീകരിക്കാനാവില്ല. ഇത് സ്‌കൂള്‍ നയങ്ങള്‍ക്ക് വിരുദ്ധവുമാണ്’- പീല്‍ സ്‌കൂള്‍സും ട്വീറ്റ് ചെയ്തു.

നടപടിയെടുത്തതോടെ ട്വീറ്റില്‍ ഖേദവുമായി രംഗത്തെത്തിയിരിക്കുകയാണ് രവി ഹൂഡ. തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രൈവറ്റായി വയ്ക്കുകയും ചെയ്തു. തന്റെ പരാമര്‍ശം വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുകയാണെന്നും ട്വീറ്റ് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും രവി ഹൂഡ ട്വറ്റ് ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.