2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന് ഗുജറാത്തിലേക്കുള്ള ദൂരം, അഥവാ മുസ്‌ലിം ഇരകളോടുള്ള നരേന്ദ്രമോദിയുടെയും ജസീന്താ ആര്‍ഡേന്റെയും പെരുമാറ്റം

യു.എം മുഖ്താര്‍

ഇത് ഒരു ഭരണാധികാരി മോശമെന്നോ മറ്റൊരു ഭരണാധികാരി നല്ലതെന്നോ ഉള്ള വിലയിരുത്തലല്ല, മറിച്ച് തങ്ങളുടെ അധീനതയിലുള്ള ചെറിയ പ്രദേശത്ത് കൂട്ടക്കൊലയ്ക്കിരയായ മതന്യൂനപക്ഷങ്ങളോട്, അവര്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ട സമയം അവിടങ്ങളിലെ ഭരണാധികാരികള്‍ എങ്ങിനെയാണ് ഇരകളോട് പെരുമാറിയത് എന്ന താരതമ്യമാണ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ലുണ്ടായ മുസ്ലിം കൂട്ടക്കൊലയും ജസീന്ത ആര്‍ഡേന്‍ എന്ന 38 കാരി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായിരിക്കെ കഴിഞ്ഞയാഴ്ച അവിടത്തെ മുസ്ലിം പള്ളിയില്‍ 50 വിശ്വാസികളെ വെടിവച്ചുകൊന്നതിനെയും ആ രണ്ടുഭരണാധികാരികളും എങ്ങിനെ കൈകാര്യംചെയ്തുവെന്നതാണ് ഇവിടെ വിഷയം.

ഗുജറാത്ത് കലാപത്തിനിടെ അഗ്നിക്കിരയാക്കപ്പെട്ട ബെസ്റ്റ് ബേക്കറി.

 

2001 ഫെബ്രുവരി 27ന് ഗോധ്രാനഗരം പുതിയൊരു ദിവസത്തിലേക്കു കാലെടുത്തുവച്ചുകൊണ്ടിരിക്കെ രാവിലെ ഏഴുമണിയോടെയാണ് സബമര്‍മതി എക്‌സ്പ്രസ്സിന്റെ രണ്ടുബോഗികള്‍ക്കു തീപിടിക്കുന്നത്. അയോധ്യയില്‍ നിന്നു മടങ്ങുകയായിരുന്ന ഹിന്ദുത്വ ഭ്രാന്ത് മൂത്ത ഉന്‍മത്തരായ വി.എച്ച്.പിക്കാര്‍ യാത്രചെയ്തിരുന്ന ബോഗികളിലാണ് തീപിടിച്ചത്. നിങ്ങള്‍ക്കറിയാവുന്ന പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് തീപിടിക്കാനുള്ള ഇന്ധനമായി എന്നും ഉപയോഗിച്ചുപോന്നിരുന്ന വിഷയം കൂടിയായിരുന്നു അയോധ്യ. 58 പേരാണ് ആ അഗ്നിയില്‍ വെന്തുമരിച്ചത്.

ഗോധ്രയില്‍ തീവണ്ടി അഗ്നിക്കിരയായത്, ഒരുപാട് അര്‍ത്ഥവശങ്ങളുള്ള ‘തീവ്രവാദി ആക്രമണം’ ആണ് എന്നു യാതൊരു അന്വേഷണമോ ഉണ്ടാവും മുന്‍പേ പ്രഖ്യാപിച്ച് ഗോധ്രയിലെ അഗ്നി ഗുജറാത്തിലാകെ ആളിക്കത്തിക്കുകയായിരുന്നു മോദി ചെയ്തത്. കലാപം ആസൂത്രണംചെയ്ത ശേഷം തീവണ്ടിക്ക് തീയിട്ടത് സംഘ്പരിവാര്‍ തന്നെയാണെന്ന് സംഘ് പാളയത്തിനുള്ളില്‍ നിന്നു തന്നെ പിന്നീട് പലപ്പോഴായി വെളിപ്പെടുത്തലുകളുണ്ടായി. ശിവസേനാ മേധാവി ഉദ്ധവ് താക്കറെയെ പോലുള്ളവരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

 

ഗോധ്രാ സംഭവത്തിനു പിന്നാലെ വൈകീട്ട് മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ 130 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദാബാദിലേക്കു വിലാപയാത്രയായി കൊണ്ടുവരാനും പിറ്റേദിവസം ബന്ദ് ആചരിക്കാനുമുള്ള വി.എച്ച്.പിയുടെ തീരുമാനത്തെ ബി.ജെ.പി പിന്തുണച്ചത് ക്രമസമാധാനത്തിനു ഭീഷണിയാണെന്നും വര്‍ഗീയകലാപം ഉണ്ടാവുമെന്നും ചൂണ്ടിക്കാട്ടി ചില ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. എന്നാല്‍, ഇതിനുള്ള നരേന്ദ്രമോദിയുടെ മറുപടി യോഗത്തില്‍ പങ്കെടുത്തവരെ സ്തബ്ദരാക്കി. കുറച്ചുകാലമായി ഗുജറാത്ത് പൊലിസ് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ ബാലന്‍സ് ചെയ്തുവരികയാണെന്നും അത് ഇനി പറ്റില്ലെന്നും മുസ്ലിംകളെ പാഠംപഠിപ്പിക്കണമെന്നും ഹിന്ദുക്കളെ പ്രതികാരം ചെയ്യാന്‍ അനുവദിക്കണമെന്നും മോദി യോഗത്തില്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം യോഗത്തില്‍ പങ്കെടുത്ത ഐ.പി.എസ് ഓഫിസറായിരുന്ന സഞ്ജീവ് ഭട്ട് സുപ്രിംകോടതി മുന്‍പാകെ മൊഴിയും നല്‍കി. പക്ഷേ ഈ മൊഴിക്ക് ഭട്ട് വലിയ വിലയാണ് നല്‍കേണ്ടവന്നത്.

ഉദ്ദേശിച്ച പോലെ തന്നെ ഗോധ്രയിലെ തീ ഗുജറാത്ത് ഗ്രാമങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരുന്നു. ട്വന്റി- 20 ക്രിക്കറ്റ് മല്‍സരത്തിലെ സ്‌കോര്‍ബോര്‍ഡ് പോലെ മിനിറ്റുകള്‍ കൊണ്ട് കൂട്ടക്കൊലക്കിരയായ മുസ്ലിംകളുടെ എണ്ണം കുതിച്ചുയര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍, കൂട്ടക്കൊല നിര്‍ത്താനോ പൊലിസിനെ ഇടപെടീക്കാനോ മോദി ഒന്നുംചെയ്തില്ലെന്നു മാത്രമല്ല, ഡല്‍ഹിയില്‍ നിന്നെത്തിയ സായുധസൈന്യത്തിന് ഗുജറാത്തില്‍ ഇടപെടാനുള്ള അനുമതിയും നല്‍കിയില്ല. രണ്ടുമൂന്നുദിവസം സംഘ്പരിവാരിനെ അഴിഞ്ഞാടാന്‍ വിട്ടപ്പോഴേക്കും രണ്ടായിരത്തോളം ന്യൂനപക്ഷമതസ്തര്‍ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു.

 

ഇനി 12,600 കിലോമീറ്റര്‍ അകലെയുള്ള ക്രൈസ്റ്റ് ചര്‍ച്ചിലേക്കു വരാം. വെള്ളിയാഴ്ച ജമുഅ നിസ്‌കാരത്തിനായി പള്ളിയില്‍ ഇരിക്കുമ്പോഴാണ് ഭീകരന്‍ തോക്കുമായെത്തി വെടിവച്ചത്. വെടിവയ്പ് നടന്നു പത്തുമിനിറ്റുകള്‍ക്കകം പൊലിസെത്തി. തുടര്‍ ആക്രമണങ്ങളില്ലാതിരിക്കാനായി രാജ്യത്തെ ഒരുശതമാനം മാത്രം വരുന്ന മുസ്ലിംകളുടെ പള്ളികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം സുരക്ഷ ശക്തമാക്കി. പേടിച്ചരണ്ട ന്യൂനപക്ഷവിഭാഗത്തിന് ഇത്തരമൊരു ഘട്ടത്തില്‍ ആദ്യം വേണ്ടത് ആത്മവിശ്വാസവും രാജ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടെന്ന തോന്നലും ഉണ്ടാക്കലാണ്. അതു രണ്ടും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ നല്‍കി. പ്രദേശത്തെ മുസ്ലിംകള്‍ക്കെല്ലാം പ്രത്യേക ക്യാംപ് തയ്യാറാക്കി. അവിടെ അവരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ഭക്ഷണവും നല്‍കി. പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തി.

കഴിഞ്ഞ സപ്തംബറില്‍ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയിലിലേക്ക് മൂന്നുമാസം പ്രായമായ മകള്‍ നെവെ അരോഹയെയും എടുത്ത് വന്ന ജസീന്ത

 

കഴിഞ്ഞ ജൂണിലായിരുന്നു ജസീന്തയുടെ കന്നിപ്രസവം. നീണ്ട പ്രസവാവധി ഇല്ലാതെ ദിവസവും തന്റെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടി ഓഫിസിലെത്തുന്ന ജസീന്ത, ആക്രമണം ഉണ്ടായ ഉടന്‍ മുസ്‌ലിംകളുടെ അടുത്തെത്തി ആശ്വസിപ്പിച്ചു, അവരെ ചേര്‍ത്തുപിടിച്ചു. ആക്രമണം ഉണ്ടായപ്പോള്‍ രാജ്യത്തിന്റെ മൊത്തം അമ്മയായി അവര്‍ നിലകൊണ്ടുവെന്ന് സുരക്ഷാകാര്യങ്ങളിലെ വിദഗ്ധന്‍ പോള്‍ ബുചനന്‍ പറഞ്ഞതാണ് ശരി. ഇതിനിടെ, മുസ്ലിം കുടിയേറ്റമാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്ന തീവ്രവലതുപക്ഷ വംശീയവാദിയായ ആസ്‌ത്രേലിയന്‍ സെനറ്ററുടെ അഭിപ്രായപ്രകനടത്തെ അവര്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. കറുത്ത പര്‍ദയും തട്ടവും ധരിച്ചു മുസ്ലിം ക്യാംപിലെത്തി ഇരകളുടെ കുടുംബങ്ങളെ ചേര്‍ത്തുപിടിച്ചു.
മതവ്യത്യാസമില്ലാതെ ന്യൂസിലന്‍ഡ് ജനത മൊത്തവും മുസ്ലിംകള്‍ക്കൊപ്പം നിന്നു. മയ്യിത്ത് ഖബറടക്കുന്ന ചടങ്ങുകളിലും അവര്‍ സജീവമായി പങ്കെടുത്തു.

ക്രൈസ്റ്റ് ചര്‍ച്ചില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ന്യൂസിലന്‍ഡ് ജനത

 

നമുക്ക് ഗുജറാത്തിലേക്കു തന്നെ മടങ്ങിപ്പോവാം.
കലാപത്തില്‍ ഉറ്റവരെയും വീടും സ്വത്തും നഷ്ടപ്പെട്ട മുസ്ലിംകള്‍ക്ക് താല്‍ക്കാലിക ക്യാംപ് ഒരുക്കാന്‍ പോലും മോദിസര്‍ക്കാര്‍ ആദ്യം തയ്യാറായില്ല. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കാനും മുഖ്യമന്ത്രി മോദി മടിച്ചു. ഫെബ്രുവരി 27ന് ഗോധ്രയില്‍ അഗ്നിക്കിരയായ ബോഗിയില്‍ നിന്ന് ആളിപ്പടര്‍ന്ന തീ മാസങ്ങള്‍ കഴിഞ്ഞിട്ടും ഗുജറാത്തിന്റെ തെരുവുകളില്‍ നിന്ന് അണഞ്ഞിരുന്നില്ല. മാസങ്ങളോളും ഭീതിയുടെ നിഴലില്‍ കഴിഞ്ഞ മുസ്ലിംകളോട് തിരികെ വീടുകളിലേക്കു തിരിച്ചുപോവാനാണ് അധികൃതര്‍ നല്‍കിയ നിര്‍ദേശം. ക്യാംപുകള്‍ എത്രയും വേഗം അടച്ചുപൂട്ടാനുള്ള നീക്കങ്ങളും ഉണ്ടായി. അന്നൊരിക്കല്‍ നരേന്ദ്രമോദി പ്രസംഗിച്ചത് ഇങ്ങനെ: ‘നാം ഈ ദുരിതാശ്വാസ ക്യംപുകള്‍ നടത്തേണ്ടതുണ്ടോ? കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ നാം തുറക്കേണ്ടതുണ്ടോ? കുടുംബാസൂത്രണം വളരെ കര്‍ക്കശമായി നടപ്പാക്കാന്‍ നാം ആഗ്രഹിക്കുന്നു. നാം അഞ്ച്, നമുക്ക് 25… (പരിഹാസ്യച്ചിരി). ജനസംഖ്യ ഇരട്ടിപ്പിക്കുന്നവരെ തീര്‍ച്ചയായും പാഠംപഠിപ്പിക്കേണ്ടതുണ്ട്’.
പിന്നീട് സാമുദായിക സൗഹാര്‍ദം ലക്ഷ്യമിട്ട് മോദി നടത്തിയ ഉപവാസത്തിനിടെ തന്നെ സന്ദര്‍ശിച്ച മുസ്ലിം നേതാക്കള്‍ നീട്ടിയ തൊപ്പി ധരിക്കാന്‍ പോലും അദ്ദേഹം തയ്യാറായതുമില്ല.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മുസ്ലിം നേതാക്കള്‍ നീട്ടിയ തൊപ്പി ധരിക്കാന്‍ വിസമ്മതിക്കുന്ന മോദി

 

ന്യൂസലന്‍ഡിലേക്കു തിരിച്ചുപോവാം.
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം ചര്‍ച്ചചെയ്യാന്‍ മാത്രം ജസീന്താ ആര്‍ഡേന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടി. സമ്മേളനം തുടങ്ങിയതാവട്ടെ, ഇമാം നിസാമുല്‍ ഹഖിന്റെ മധുരശബ്ദത്തോടെയുള്ള ഖുര്‍ആന്‍ പാരായണത്തോടെ. പിന്നീട് പ്രധാനമന്ത്രിയും സ്പീക്കര്‍ ത്രേവര്‍ മല്ലാര്‍ഡും സഭയെ അഭിസംബോധനചെയ്തത് സലാം പറഞ്ഞും. ‘ഞങ്ങളുടെ മുസ്ലിം സമുദായത്തിലെ 50 പേരുടെ ജീവന്‍ നഷ്ടമായി’ എന്ന് പ്രസംഗിച്ചു തുടങ്ങിയ ജസീന്ത, ഇരകളുടെ കുടുംബങ്ങള്‍ക്കു തീര്‍ച്ചയായും നീതിലഭ്യമാക്കിയിരിക്കുമെന്നും ആവര്‍ത്തിച്ചു. ക്രൈസ്റ്റ് ചര്‍ച്ചില്‍ രക്തസാക്ഷികളായവരുടെ ഓര്‍മയ്ക്കായി വരുന്ന വെള്ളിയാഴ്ച ജമുഅ സമയത്ത് രണ്ടുമിനിറ്റ് രാജ്യം മുഴുവന്‍ മൗനം ആചരിക്കുകയും ആ സമയം ബാങ്കുവിളി മുഴങ്ങുകയും ചെയ്യും. അന്നേദിവസം രാജ്യത്തെ സ്‌ക്രീകള്‍ മുസ്ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു തലമറയ്ക്കുകയും ചെയ്യും.
കൂട്ടക്കൊലക്കിരയായ ഒരുസമുദായം, തങ്ങളുടെ ഭരണകൂടത്തില്‍ നിന്ന് എന്തെല്ലാം പ്രതീക്ഷിച്ചോ അതിനപ്പുറംചെയ്തു കൊടുത്തു ന്യുസിലന്‍ഡ് സര്‍ക്കാര്‍. ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ഭീകരാക്രമണം കൈകാര്യംചെയ്ത രീതിയെ പ്രശംസിച്ചു മാധ്യമങ്ങള്‍ എഡിറ്റോറിയലുകള്‍ എഴുതി. ചില അറബ് രാജ്യങ്ങള്‍ ജസീന്തയുടെ നടപടിയെ പ്രശംസിച്ചു. ആഴ്ചകള്‍ കഴിഞ്ഞാല്‍ ആസ്‌ത്രേലിയ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ആ സമയം ഞങ്ങള്‍ക്കൊരു ജസീന്ത ആര്‍ഡേനെ ലഭിച്ചിരുന്നെങ്കില്‍ എന്ന് ആസ്‌ത്രേലിയന്‍ ടെലിവിഷന്‍ അവതാരകന്‍ ഓഷര്‍ ഗുന്‍സ്‌ബെര്‍ഗ് പറഞ്ഞു.

 

ക്രൈസ്റ്റ്ചര്‍ച്ചിലെ ക്യാംപില്‍ ഹിജാബ് ധരിച്ചെത്തി ഇരകളുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്ന ജസീന്ത.

 

ഇനി മോദിയില്‍ അവസാനിക്കാം.
ഗുജറാത്ത് കലാപം ഇന്ത്യക്കു വിദേശതലത്തിലുണ്ടാക്കിയ മുറിപ്പാട് കാരണം ഇനിയെങ്ങിനെ ഞാന്‍ വിദേശനേതാക്കളുടെ മുഖത്ത് നോക്കുമെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി പറഞ്ഞത്. കൂട്ടക്കൊലകളിലെ പങ്ക് ചൂണ്ടിക്കാട്ടി ഏറെക്കാലം അമേരിക്ക നരേന്ദ്രമോദിക്കു യാത്രാവിലക്കും ഏര്‍പ്പെടുത്തി. കലാപം നടന്നിട്ട് 18 വര്‍ഷം തികഞ്ഞു. ഇപ്പോഴും ഇരകള്‍ക്കു നീതി ലഭിച്ചിട്ടില്ല.

2017 ജൂണില്‍ പോര്‍ച്ചുഗലിലെ വനപ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ വരെ ദുഖം രേഖപ്പെടുത്തി ട്വിറ്ററില്‍ കുറിപ്പിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, പക്ഷേ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടും ഇതുവരെ ട്വിറ്ററില്‍ പ്രതികരിച്ചില്ല. മറിച്ച് സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രിയുടെ പേരില്‍ വിദേശകാര്യമന്ത്രാലയം ന്യൂസിലന്‍ഡ് പ്രധാനമന്ത്രിക്കു കത്തയക്കുകയാണുണ്ടായത്. ക്രൈസ്റ്റ് ചര്‍ച്ചിലെ ആരാധനാലയത്തിലുണ്ടായ ഭീകരപ്രവര്‍ത്തിയെ അപലപിക്കുന്നുവെന്നാണ് കത്തിലുള്ളത്. എന്നാല്‍, കത്തില്‍ എവിടെയും ഇരകളെ കുറിച്ചു പറഞ്ഞതേയില്ല, ആക്രമണം ഉണ്ടായത് പള്ളിയിലാണെന്നും കൊല്ലപ്പെട്ടത് മുസ്ലിംകളാണെന്നും പരാമര്‍ശിച്ചതുമില്ല.

ജസീന്ത ആര്‍ഡേന്‍ ജസീന്ത ആര്‍ഡേന്‍ ദിരുതാശ്വാസ ക്യാംപില്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.