2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

വെന്റിലേറ്ററിലായ വിദൂരവിദ്യാഭ്യാസം

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി. 9400577531

കേരളത്തിലെ വിദൂരവിദ്യാഭ്യാസം വെന്റിലേറ്ററിലായിരിക്കുന്നു. യു.ജി.സി. പുറപ്പെടുവിച്ച പുതിയ നിബന്ധന പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളില്‍, ‘നാക്’ അക്രഡിറ്റേഷനില്‍ 3.26 എന്ന ഗ്രേഡ് പോയിന്റിന് മുകളിലുള്ളവര്‍ക്കേ വിദൂരവിദ്യാഭ്യാസമോ പ്രൈവറ്റ് രജിസ്‌ട്രേഷനോ വഴിയുള്ള ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്താന്‍ അനുമതിയുള്ളൂ. ഈ അക്കാദമിക് വര്‍ഷം മുതല്‍ അത് പ്രാബല്യത്തിലാവുകയും ചെയ്തു.
മേല്‍പറഞ്ഞ ഗ്രേഡ് നേടാന്‍ ഇനിയും നമ്മുടെ സര്‍വകലാശാലകള്‍ വര്‍ഷങ്ങളെടുക്കും എന്നതിനാല്‍, തത്വത്തില്‍ ഈ മേഖലയെ ആശ്രയിച്ച് വിദ്യാഭ്യാസ യോഗ്യത നേടാന്‍ തയ്യാറെടുക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും ഇത്തരം ലാവണങ്ങളില്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നൂറുക്കണക്കിന് അഭ്യസ്തവിദ്യരെയും ഏറെ പ്രതിസന്ധിയിലാക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.
ആശങ്കകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികളെടുക്കുമെന്നും സംസ്ഥാനത്തിന് വേണ്ടി യു.ജി.സി.യെ സമീപിച്ച് പ്രത്യേക ഇളവുകള്‍ക്ക് ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് നിയമസഭയെ ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ക്കൂടിയും അത് യാഥാര്‍ഥ്യമാകാന്‍ സാധ്യത കുറവാണ്. ഇനി അങ്ങനെയൊന്ന് സംഭവിക്കുകയാണെങ്കില്‍ തന്നെയും വെറുമൊരു താല്‍ക്കാലികമായ പരിഹാരം എന്ന നിലയിലേ അതിനെ കാണാന്‍ സാധിക്കൂ.
വര്‍ഷങ്ങളായി ഇവിടുത്തെ വിദ്യാഭ്യാസ വിദഗ്ധരും അക്കാദമിക് സമൂഹവും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഓപണ്‍ യൂനിവേഴ്‌സിറ്റി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കുക എന്നതല്ലാതെ ഈ പ്രശ്‌നത്തിന് മറ്റൊരു ശാശ്വത പരിഹാരമില്ല.

ജലരേഖയായ നിര്‍ദേശങ്ങള്‍
2009ലാണ് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ പരിഷ്‌കാരമെന്ന് കൊട്ടിഘോഷിച്ചുകൊണ്ട്, അന്നത്തെ അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന എം. എ ബേബി ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ അഥവാ സി.ബി.എസ്.എസി നടപ്പിലാക്കിയത്.
സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതര സ്ഥാപനങ്ങള്‍ക്കും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി, അവയെ കൂട്ടിയോജിപ്പിക്കാനെന്ന മട്ടില്‍ ഇതേ കാലത്ത് തന്നെ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. കെ.എന്‍ പണിക്കരുടെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ എന്ന ഉന്നത ബോഡിയെ ശക്തിപ്പെടുത്തുകയും ചെയ്തു.
വേണ്ടത്ര മുന്നൊരുക്കങ്ങളൊന്നും കൂടാതെ നടപ്പാക്കിയ പ്രസ്തുത പരിഷ്‌കരണം, ദുര്‍ബലമായ പ്രതിപക്ഷ അധ്യാപക സംഘടനാ പ്രതിഷേധങ്ങളില്‍ തട്ടിവീഴാതെ, പിച്ചവച്ചു തുടങ്ങി. വിദൂരവിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തില്‍ തൊട്ടടുത്ത വര്‍ഷം തന്നെ ഒരു ഓപണ്‍ സര്‍വകലാശാല ആരംഭിക്കും എന്ന്, മറ്റ് പല പ്രഖ്യാപനങ്ങളുടെയും കൂട്ടത്തില്‍ നടത്തിയ വാഗ്ദാനം വെറും ജലരേഖയായി.
മഹാരാഷ്ട്രയിലെ ഓപണ്‍ യൂനിവേഴ്‌സിറ്റി സ്ഥാപകനായിരുന്ന രാം തക്‌വാലെയുടെ നിര്‍ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കേരളാ ഓപണ്‍ യൂനിവേഴ്‌സിറ്റി എന്ന പ്രഖ്യാപനം.
പിന്നീട് ഭരണത്തില്‍ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച പ്രൊഫ. ഹൃദയകുമാരി കമ്മറ്റി 2012 ജൂലായ് 10ന് സമര്‍പ്പിച്ച റിപോര്‍ട്ടിലും സംസ്ഥാനത്ത് ഒരു ഓപണ്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിന്റെ അനിവാര്യത എടുത്തുകാട്ടി. കമ്മിറ്റി റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്ന മറ്റ് നിരവധി നിര്‍ദേശങ്ങള്‍, ഭാഗികമായിട്ടാണെങ്കിലും നടപ്പാക്കിയപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഈ നിര്‍ദേശം വിദൂരവിദ്യാഭ്യാസ സര്‍വകലാശാല സ്ഥാപിക്കുന്നത് വിസ്മരിക്കപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.