2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കൂറുമാറാന്‍ യെദ്യൂരപ്പ തനിക്ക് 1,000 കോടി രൂപ തന്നതായി വിമത ജെ.ഡി.എസ്‌ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍; കൊടുങ്കാറ്റായി കര്‍ണാടക രാഷ്ട്രീയം

 

ബംഗളൂരു: ഇതിനകം കാറ്റും കോളും കൊണ്ട് പ്രക്ഷുബ്ദമായ കര്‍ണാടക രാഷ്ട്രീയത്തെ ഇളക്കിമറിച്ച് ജെ.ഡി.എസില്‍ നിന്ന് കൂറുമാറിയ വിമത എം.എല്‍.എ നാരായണ ഗൗഡയുടെ വെളിപ്പെടുത്തല്‍. കൂറുമാറി കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തനിക്ക് ബി.എസ് യെദ്യൂരപ്പ ആയിരം കോടി രൂപ നല്‍കിയതായി നാരായണ്‍ ഗൗഡ ആരോപിച്ചു. തന്റെ മണ്ഡലമായ കൃഷ്ണരാജ് പേട്ടിന്റെ വികസനത്തിനു വേണ്ടിയാണ് ഇത്രയും പണം തന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അയോഗ്യനാക്കപ്പെട്ട ഗൗഡയുടെ എം.എല്‍.എ സ്ഥാനം സംബന്ധിച്ച കേസില്‍ സുപ്രിംകോടതി വിധി പുറപ്പെടുവിക്കാനിരിക്കുകയാണ്.

വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയുമായി സംസാരിക്കുകയായിരുന്നു ഗൗഡ. കുമാരസ്വാമി സര്‍ക്കാര്‍ വീഴുന്നതിന് മുന്‍പുള്ള ദിവസം ഒരുവൈകുന്നേരം അഞ്ചുമണിക്ക് എന്നെ ഒരാള്‍ യെദ്യൂരപ്പയുടെ വസതിയിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തുമ്പോള്‍ യെദ്യൂരപ്പ പൂജയിലായിരുന്നു. അതുകഴിയുംവരെ ഞാന്‍ അവിടെ ഇരുന്നു. യെദ്യൂരപ്പയെ പിന്തുണയ്ക്കാനും അപ്പോള്‍ അദ്ദേഹത്തിന് മുഖ്യമന്ത്രിയാവാനും കഴിയുമെന്നും എന്നെ കൊണ്ടുപോയ ആള്‍ പറഞ്ഞു. അങ്ങിനെയാണെങ്കില്‍ എന്റെ മണ്ഡലത്തിന്റെ വികസനത്തിന് 700 കോടി രൂപ നല്‍കാമോ എന്നു ഞാന്‍ ചോദിച്ചു. 300 കോടി രൂപ അധികമായി ആയിരം കോടി രൂപ തരാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതിന് ശേഷം അദ്ദേഹം ആ പണം നല്‍കി. അത്തരത്തിലുള്ള ഒരാളെ ഞാന്‍ പിന്തുണയ്‌ക്കേണ്ടേ? വേണം. അതിനാലാണ് ഞാന്‍ യെദ്യൂരപ്പയെ പിന്തുണച്ചത്- നാരായണ ഗൗഡ പറഞ്ഞു.

സംസ്ഥാനത്തെ കുതിരക്കച്ചവടത്തിന് നേതൃത്വം നല്‍കിയത് ബി.ജെ.ിപ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷയാണെന്ന് യെദ്യൂരപ്പ വെളിപ്പെടുത്തുന്ന വിഡിയോ ക്ലിപ്പ് കഴിഞ്ഞയാഴ്ച പുറത്തുവന്നത് വന്‍വിവാദത്തിന് കാരണണായിരുന്നു. ഇതിന് പിന്നാലെയാണ് കൂറുമാറാന്‍ ആയിരം കോടി രൂപനല്‍കിയെന്ന പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.

Disqualified Karnataka MLA Claims BS Yediyurappa Gave Him Rs. 1,000 Crore: Report


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.