
ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ തുടരണമോ എന്നതു സംബന്ധിച്ച് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. അതിനിടെ കുറ്റവിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദില്‍മ സുപ്രിംകോടതിയെ സമീപിച്ചു.
ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ പാര്‍ലമെന്റ് അധോസഭ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉപരിസഭയായ സെനറ്റ് ഇക്കാര്യം പരിഗണിക്കുന്നത്. ഇന്നു നടക്കുന്ന വോട്ടെടുപ്പിലും ഫലം എതിരായാല്‍ ദില്‍മയ്ക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ടി വരും. അധോസഭയില്‍ നടത്തിയ വോട്ടെടുപ്പ് വീണ്ടും നടത്തണമെന്ന് ആക്റ്റിംങ് സ്പീക്കര്‍ നിലപാടെടുത്തത് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. പിന്നീട് ഈ തീരുമാനം പിന്‍വലിക്കാന്‍ ആക്റ്റിങ് സ്പീക്കര്‍ തീരുമാനിച്ചതോടെ സെനറ്റില്‍ വോട്ടെടുപ്പ് നടത്താനുള്ള തടസ്സം നീങ്ങി. ദില്‍മ അനുകൂലികള്‍ കുറ്റ വിചാരണക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.