2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

അസമത്വമുണ്ടാക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം


 

കൊട്ടിഘോഷിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച ആരംഭിച്ച ഓണ്‍ലൈന്‍ പഠനത്തിന് നൊമ്പരപ്പെടുത്തുന്ന ഒരു ഇര. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതിലുള്ള മനോവിഷമം കാരണം മലപ്പുറം ജില്ലയിലെ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ദേവികയാണ് ജീവനൊടുക്കിയത്. ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ദേവിക പഠിക്കാന്‍ മിടുക്കിയായിരുന്നു. അക്കാര്യം ദേവികയുടെ രക്ഷിതാക്കളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇതിന്റെ വിജയ സാധ്യതയെക്കുറിച്ച് പലരും സംശയം ഉന്നയിച്ചിരുന്നു. യാതൊരു മുന്നൊരുക്കവും കൂടാതെയാണ് സര്‍ക്കാര്‍ ഈ ഓണ്‍ലൈന്‍ പരീക്ഷണത്തിന് തുടക്കമിട്ടത്. മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റം സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലൊക്കെയും വേണമെന്നത് പൊതുസമൂഹം തന്നെ കൊവിഡ്-19 പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അംഗീകരിച്ചതാണ്. അതിനനുസരിച്ചുള്ള ജീവിതശൈലിയാണ് കഴിഞ്ഞ അഞ്ചുമാസമായി ജനം സ്വീകരിച്ചു പോരുന്നതും. എങ്കിലും വിദ്യാഭ്യാസം പോലെ ശീലിച്ചുപോന്ന സമ്പ്രദായം മാറ്റത്തിന് വിധേയമാക്കുമ്പോള്‍ അതിന്റെ ഗുണദോഷങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് തിരിച്ചറിയാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിന്റെ കാര്യത്തില്‍ ഇല്ലാതെ പോയതും അതാണ്. മുന്നൊരുക്കമില്ലാതെ സര്‍ക്കാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പഠനത്തിന് ആരംഭത്തില്‍ തന്നെ ഒരു വിദ്യാര്‍ഥിക്ക് ജീവന്‍ വിലയായി നല്‍കേണ്ടിവന്നു. പഠനം തുടരാനാകില്ലെന്ന വ്യഥയില്‍ സമര്‍ഥയായ ഒരു ദലിത് പെണ്‍കുട്ടിക്ക് ജീവനൊടുക്കേണ്ടി വന്ന സംഭവം പ്രബുദ്ധ കേരളത്തെ ലജ്ജിപ്പിക്കേണ്ടതാണ്.

യാതൊരു മുന്നൊരുക്കവുമില്ലാതെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തിരികൊളുത്തിയ ഈ ‘വിദ്യാഭ്യാസ വിപ്ലവം’ അനുസ്മരിപ്പിക്കുന്നത് ഒരു മുന്നൊരുക്കവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ആണ്. അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിനെ തുടര്‍ന്ന്, വീട്ടിലെത്താനുള്ള അതിഥി തൊഴിലാളികളുടെ പലായനത്തിനിടെ 251 പേരാണ് മരിച്ചുവീണത്. അതിഥി തൊഴിലാളികളെ യഥാസ്ഥാനത്ത് എത്തിച്ചതിനു ശേഷമായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതെങ്കില്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനടുത്ത് വര്‍ധിക്കുകയില്ലായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടും മുന്നൊരുക്കമില്ലായ്മയുമാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവച്ചത്.

സമാനമാണ് ഓണ്‍ലൈന്‍ പഠനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതും. കുറേ കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയെന്താണെന്നു പോലും അറിയാന്‍ കഴിഞ്ഞിട്ടില്ല. ദുരന്തങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും എപ്പോഴും ഇരയാകുന്നത് അടിസ്ഥാന വര്‍ഗങ്ങളും കീഴാളരുമാണെന്ന് ഈ രണ്ടു സംഭവങ്ങളും വിളിച്ചു പറയുന്നുണ്ട്. വീട്ടില്‍ ടി.വി കേടുവന്നത് നന്നാക്കാന്‍ കഴിയാതെ വന്നതും സ്മാര്‍ട്ട് ഫോണ്‍ ഇല്ലല്ലോ എന്ന ദുഃഖവും പഠിക്കാന്‍ മിടുക്കിയായ ദേവികയെപ്പോലുള്ള നിര്‍ധനരായ ഏത് കുട്ടികളെയും മാനസിക സംഘര്‍ഷത്തിലാക്കുമെന്നതില്‍ സംശയമില്ല. ഇതൊരു പരീക്ഷണമാണെന്നും ക്ലാസ് കിട്ടാത്തവര്‍ അസ്വസ്ഥരാകേണ്ടെന്നും അവര്‍ക്ക് പഠന സൗകര്യമുണ്ടാകുമെന്നും സര്‍ക്കാര്‍ പറയേണ്ടിയിരുന്നത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിനു ശേഷമായിരുന്നില്ല. അതിന് മുന്‍പ് വേണമായിരുന്നു. സര്‍ക്കാര്‍ പ്രധാനമായും പ്രചാരണം നടത്തിയത് ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുക ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമെന്നായിരുന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ പഠനത്തിന് സജ്ജരാണെന്നും അവര്‍ അതിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നുവെന്നുമായിരുന്നോ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കരുതിയത്?

സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠനം കേള്‍ക്കാനും കാണാനും ഭാഗ്യമില്ലാതെ പോയത് രണ്ടര ലക്ഷം കുട്ടികള്‍ക്കാണ്. അധഃസ്ഥിതന് അവകാശം കരഗതമാകണമെങ്കില്‍ അവനെ ഭാഗ്യവും കൂടി തുണക്കണമെന്ന ധാരണയാണ് ഇതുവഴി സംസ്ഥാന സര്‍ക്കാര്‍ അരക്കിട്ടുറപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ഓണ്‍ലൈന്‍ പഠനത്തില്‍ മലപ്പുറം ജില്ലയിലെ പന്ത്രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത വീടുകളില്‍ പോയി പഠിക്കാമായിരുന്നില്ലേ എന്ന നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ ഇതിനിടെ പല ഭാഗത്തുനിന്നും ഉയരുകയുണ്ടായി. കൊവിഡ് പിടിതരാതെ പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് എല്ലാവരും അവരവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കുക എന്ന് പറയപ്പെടുമ്പോള്‍ അടുത്ത വീടുകളിലേക്കു പോലും കയറിച്ചെല്ലാന്‍ ആരും മടിക്കും. മാത്രമല്ല, ദാരിദ്ര്യം ഉണ്ടായിരുന്നുവെങ്കിലും ആത്മാഭിമാനം കാത്തുസൂക്ഷിച്ച പെണ്‍കുട്ടിയായിരുന്നു ദേവിക. തനിക്ക് പഠിക്കാന്‍ കഴിയില്ലല്ലോ എന്ന ആശങ്ക അമ്മയോടും അച്ഛനോടുമല്ലാതെ ആ പെണ്‍കുട്ടി മറ്റാരോടും പങ്കുവച്ചില്ല. പഠനത്തില്‍ താന്‍ പിറകോട്ടുപോകുമെന്ന ഭയമാണ് ഞാന്‍ പോകുന്നുവെന്ന ആത്മഹത്യാ കുറിപ്പെഴുതി ജീവിതത്തില്‍നിന്ന് എന്നെന്നേക്കുമായി പോകുവാന്‍ ആ കുട്ടിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് ദേവികയുടെ മരണത്തിന്റെ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ചോദിച്ചത് കൊണ്ടൊന്നും ഈ പാപത്തില്‍നിന്ന് കൈകഴുകാന്‍ വിദ്യാഭ്യാസ വകുപ്പിനോ സര്‍ക്കാരിനോ കഴിയില്ല. പഠനമികവിന് പുരസ്‌കാരം ലഭിച്ച കുട്ടിയായിരുന്നു ദേവിക. ദേവികയെപ്പോലുള്ള നിര്‍ധനരായ കുട്ടികളില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ഉതകൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.