2020 February 23 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഉപേക്ഷിക്കപ്പെട്ട നഗരവും തേടി

കെ.എം ശാഫി

 

ചില ദുരന്തങ്ങളുടെ അടയാളങ്ങള്‍ ഓര്‍മകളിലിരമ്പി തലമുറകളിലേക്കു നീണ്ടുനിവര്‍ന്നുകിടക്കും. കാലത്തിന്റെ ഓര്‍മപുസ്തകങ്ങളില്‍ കറുത്ത അക്ഷരങ്ങള്‍ കൊണ്ട് കോറിവരച്ചിട്ട ചിത്രങ്ങള്‍ പോലെ. നരബാധിച്ചു തുടങ്ങിയ ആ ചിത്രങ്ങളിലേക്കുള്ള സഞ്ചാരങ്ങളെപ്പോഴും മനസുമുറിയുന്ന അനുഭവങ്ങളായിരിക്കും. ധനുഷ്‌കോടി ദുരന്തങ്ങളുടെ ഓര്‍മപുസ്തകമാണ്. ഒരുനാള്‍ ഇരുട്ടിവെളുത്തപ്പോള്‍ ഭൂമിക്കുമേല്‍ കടലും കാറ്റും പുണര്‍ന്ന പരാക്രമത്തിന്റെ തേങ്ങലുകള്‍ കണ്ണീര്‍കണങ്ങളായി തിരമാലകളോടു ചേര്‍ന്ന നഗരത്തിന്റെ ചേതനയറ്റ ചിത്രങ്ങളുടെ പുസ്തകം.
സുഹൃത്തുക്കളുടെ യാത്രാക്ലബായ മോണ്ടോറോവേഴ്‌സിന്റെ കൂടെയായിരുന്നു ധനുഷ്‌കോടിയിലേക്കുള്ള യാത്ര. സായാഹ്നം നാവുനീട്ടിത്തുടങ്ങിയ പെരുന്നാളും കഴിഞ്ഞുള്ളൊരു മഴ ദിവസം. പാലക്കാടും പൊള്ളാച്ചിയും പളനിയും വഴിയുള്ള രാത്രിയാത്ര അപൂര്‍വമായ ചില കാഴ്ചകളെ ഞങ്ങളില്‍നിന്നു മറച്ചുപിടിച്ചു. അകത്തെ സംഗീതത്തിന്റെ ആസ്വാദന നിര്‍വൃതിക്കിടയിലും പുറത്തെ മഴയുടെ വിരലുകള്‍ ജാലകത്തിന്റെ ചില്ലുപാളികളില്‍ താളമിടുന്നതു കാണാമായിരുന്നു.

പാമ്പന്‍പാലത്തിന്റെ വിസ്മയദൃശ്യം

പുലര്‍വെട്ടം ഭൂമിയെ ചുമ്പിക്കുന്നതിനും മുന്‍പേ രാമനാഥപുരവും കടന്നു ഞങ്ങള്‍ പാമ്പന്‍പാലത്തിലെത്തിയിരുന്നു. താഴെ തിരയടിക്കാതെ നീലക്കടല്‍ ഉദയകിരണങ്ങള്‍ക്കായി തപസിലാണ്. രണ്ട് കിലോമീറ്ററിലധികം നീളമുള്ള പാമ്പന്‍പാലത്തിലിങ്ങനെ നില്‍ക്കുമ്പോള്‍ മനസും ശരീരവും തണുപ്പിച്ചു കടന്നുപോയ കടല്‍ക്കാറ്റിന് അനുഭൂതിയുടെ ഏഴാംകടല്‍ സ്പര്‍ശം. അങ്ങു ദൂരെ കടലാഴങ്ങളില്‍നിന്നു സൂര്യന്‍ ഗഗനവെണ്‍മയിലേക്കു തല നീട്ടാന്‍ തുടങ്ങുന്നു. റോഡ് പാലത്തിനു താഴെ പാമ്പന്‍ റെയില്‍പാലം കാഴ്ചകളില്‍ വിസ്മയം നിറച്ചു നിവര്‍ന്നുകിടക്കുന്നു. രാമേശ്വരം ദ്വീപിനെ രാമനാഥപുരം ജില്ലയോടു ബന്ധിപ്പിക്കുന്ന സഞ്ചാരപഥങ്ങളാണ് ഈ രണ്ടുപാലങ്ങളും. 1914ല്‍ ബ്രിട്ടീഷുകാര്‍ പണിത രണ്ട് കി.മീറ്ററിലേറെ മീറ്റര്‍ നീളമുള്ള പാമ്പന്‍പാലമായിരുന്നു മുബൈയിലെ ബാന്ദ്ര-വര്‍ളി പാലം 2010ല്‍ തുറക്കുന്നതുവരെ ഇന്ത്യയിലെ നീളംകൂടിയ കടല്‍പാലം.
1964 ഡിസംബര്‍ 22ന്റെ സായാഹ്നം. രാമനാഥപുരത്തുനിന്ന് ധനുഷ്‌കോടിയിലേക്കുള്ള ട്രെയിന്‍ ദ്വീപ് കാണാനെത്തിയ സ്‌കൂള്‍ കുട്ടികളെയും വഹിച്ചു പാമ്പന്‍പാലത്തിലൂടെ പതിയെ കൂകിപ്പായുമ്പോഴാണു രാജ്യം നടുങ്ങിപ്പോയ ദുരന്തം ഭീകര താണ്ഡവമാടിയത്. പാലവും ട്രെയിനും നൂറ്റന്‍പതോളം വരുന്ന യാത്രക്കാരെയും ചുഴലിയും തിരമാലയും ചേര്‍ന്നു കടലാഴങ്ങളിലേക്കു വലിച്ചെറിഞ്ഞു. ബാക്കിയായത് ലണ്ടനില്‍ നിര്‍മിച്ച് ഇവിടെ കൂട്ടിയോജിപ്പിച്ച ട്രാക്കിലെ ലിഫ്റ്റ് മാത്രം. ഒരു വലിയ ദുരന്തത്തിന്റെ സ്മാരകശിലയെന്നോണം ഇടക്കിടെ തലനീട്ടി നില്‍പ്പുണ്ടു പഴയ പാളത്തിന്റെ ഇരുമ്പുദണ്ഡുകള്‍.
രാമേശ്വരത്തിന്റെ സന്തതികൂടിയായ ഇന്ത്യയുടെ മിസൈല്‍പുത്രന്‍ എ.പി.ജെ അബ്ദുല്‍ കലാം രാഷ്ട്രപതിയായ സമയത്താണ് പാമ്പന്‍ റെയില്‍പാളം പുനര്‍നിര്‍മിച്ചത്. മലയാളികളുടെ അഭിമാനമായ ഇന്ത്യയുടെ മെട്രോമാന്‍ ഇ. ശ്രീധരനാണ് 24 കോടി രൂപ ചെലവഴിച്ചുള്ള അത്ഭുതകരമായ ആ നിര്‍മിതിക്കു നേതൃത്വം നല്‍കിയത്. കടലിനുമുകളില്‍ കണ്ണെത്താദൂരം ഒരു നേര്‍രേഖ പോലെ പൊങ്ങിക്കിടക്കുന്ന പാമ്പന്‍പാലം എന്‍ജിനീയറിങ് വൈദഗ്ധ്യത്തിന്റെ മകുടമാതൃകയാണ്. 140 തൂണുകളില്‍ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ കാന്റി ലിവര്‍ പാലം. ബ്രിഡ്ജ് കാബിനിലെ ജീവനക്കാര്‍ സദാജാഗരൂഗര്‍. മണിക്കൂറില്‍ 30 കിലോ മീറ്ററില്‍ താഴെ വേഗതയില്‍ മാത്രമാണ് ഈ പാളത്തിലൂടെ തീവണ്ടിയോടുക. കാറ്റിന്റെ വേഗതയളക്കാന്‍ ഘടിപ്പിച്ച അനിമോമീറ്ററുണ്ട് കാബിനിന്റെ ഒരു വശത്ത്. 58 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയോടെ കാറ്റടിച്ചാല്‍ പാലം അടച്ചിടുമത്രെ.

കലാം സമാധിയില്‍

പാളത്തിലൂടെ ട്രെയിന്‍ കൂകി വിളിച്ചു വരുന്ന കാഴ്ചയ്ക്ക് ഇനിയുമൊരുപാടു സമയം കാത്തിരിക്കണമെന്ന് ബ്രിഡ്ജ് ഓപറേറ്റര്‍ പറഞ്ഞതില്‍ പിന്നെ ഞങ്ങള്‍ കലാം സമാധിയിലേക്കു യാത്ര തിരിച്ചു. കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രിയാണ് കലാം സമാധി സമുച്ഛയം നാടിനു സമര്‍പ്പിച്ചത്. ഞങ്ങളവിടെ ചെന്നപ്പോള്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ദേശീയപതാക പുതച്ചു കിടക്കുന്ന കലാമിന്റെ ഖബറിനു ചാരെ ഞങ്ങള്‍ ഒരു നിമിഷം പ്രാര്‍ഥനാനിരതരായി. രാമേശ്വരത്തുകാര്‍ക്ക് കലാം ഇന്ത്യയുടെ പ്രതിരോധ ശാസ്ത്രജ്ഞനെന്നതിനപ്പുറം കണ്‍കണ്ട ദൈവമാണ്. ഇവിടത്തെ ചെറ്റകുടിലുകളിലൊന്നില്‍ പിറന്നു വിശ്വത്തോളം പടര്‍ന്നുകയറിയ മഹാമനീഷീ. ചിലര്‍ക്ക് സൂഫിയാണദ്ദേഹം, മറ്റു ചിലര്‍ക്കു സന്യാസിയും.
ശ്രീരാമപാദസ്പര്‍ശനമേറ്റ മണ്ണിലൂടെ എ.പി.ജെയുടെ വസതിയിലേക്കു നടക്കുമ്പോള്‍ തെരുവിനു തിരക്കുപിടിച്ചു വരുന്നേയുണ്ടായിരുന്നുള്ളൂ. കലാം മ്യൂസിയത്തിലെ കാഴ്ചകളിലൂടെ കണ്ണും മനസും സഞ്ചാരം തുടങ്ങിയതില്‍ പിന്നെ എന്തോ ഒരുന്മേഷം ദേഹത്തെവന്നു പൊതിയും പോലെ. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന അടക്കം അംഗീകാരങ്ങളുടെ പടച്ചട്ടകളും പട്ടുവസ്ത്രങ്ങളും ഒരു സാധാരണക്കാരന്റെ അലങ്കാരചിഹ്നങ്ങളായി ചരിത്രം ഇവിടെ അടുക്കിവച്ചിരിക്കുന്നു. ബഹിരാകാശ ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യത്തില്‍ രാജ്യത്തിന്റെ കേളി ആകാശത്തോളമുയര്‍ത്തിയ എസ്.എല്‍.വി 3, അഗ്നി, ആകാശ് മിസൈലുകളുടെ പ്രതീകാത്മക രൂപങ്ങള്‍ മരിക്കാത്ത സ്മാരകങ്ങളായി അവിടെയുണ്ട്.

രാമനാഥ ക്ഷേത്രം

രാമനാഥ ക്ഷേത്രത്തിലേക്കാണ് ഇനി ഞങ്ങളുടെ യാത്ര. തീര്‍ഥാടകരുടെ മഹാ പ്രവാഹമാണവിടെ. ആചാരങ്ങള്‍ വില്‍പന നടത്തി ഉപജീവനം നടത്തുന്നവര്‍ ക്ഷേത്രത്തെരുവിന്റെ നാലുപാടും ചിതറിനില്‍പുണ്ട്. ശ്രീരാമചന്ദ്രനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഈശ്വരന്‍ വാണരുളുന്ന പുണ്യഭൂമിയായതിനാലാണ് രാമേശ്വരം എന്ന് ഈ ദേശം അറിയപ്പെടുന്നതെന്നാണ് ഐതിഹ്യം. രാമായണകാല ചരിത്രത്തോട് ഇഴകിച്ചേര്‍ന്ന ഈ മണ്ണ് ഭാരതീയ സംസ്‌കാരത്തിന്റെ ആദിചിഹ്നങ്ങളിലൊന്നാണ്. രാമേശ്വരം തീര്‍ഥാടനം ജീവിതസാഫല്യവും ഈശ്വര സാക്ഷാല്‍ക്കാരവുമാണു ഹിന്ദുമത വിശ്വാസികള്‍ക്ക്. വെയില്‍ പരന്നുകിടക്കുന്ന ക്ഷേത്ര കവാടത്തിലെ തിരക്കുകള്‍ക്കിടയിലൂടെ പാദരക്ഷകള്‍ പുറത്തെ കൗണ്ടറില്‍ അഴിച്ചുവച്ചു ഞങ്ങള്‍ അകത്തുകടന്നു. പ്രവിശാലമാണ് ക്ഷേത്രാങ്കണം. പുരാതന നിര്‍മാണകലയുടെ പ്രാമാണിത്വം തുളുമ്പിനില്‍ക്കുന്ന ഭീമന്‍ തൂണുകളും ശില്‍പങ്ങളും. കൊത്തുപണികളുടെ മാഹാത്മ്യം തൂണിലും ചുമരിലും മച്ചിലുമുണ്ട്.
വിചിത്രമായ പാപമോചനാചാരങ്ങള്‍ ഏറെയുള്ള ക്ഷേത്രത്തില്‍ 22 തീര്‍ഥകിണറുകളുണ്ട്. അവയില്‍ കുളി കഴിഞ്ഞ് ഈറന്‍മാറിയ ശേഷമേ ശിവപ്രതിഷ്ഠയായ ശ്രീരാമനാഥ സ്വാമിയെ ദര്‍ശിക്കാന്‍ പാടുള്ളൂ. തീര്‍ഥകിണറുകളിലെ കുളികാഴ്ച രസകരമായൊരാചാരം പോലെ തോന്നി. ക്ഷേത്രജീവനക്കാര്‍ ഓരോ കിണറ്റിന്‍പടവിലും കയറിനില്‍പാണ്. ഇരുമ്പുതൊട്ടിയില്‍ വെള്ളം കോരിയെടുത്തു മുന്‍പില്‍ ഊഴം കാത്തുനില്‍ക്കുന്നവരുടെ മൂര്‍ധാവിലേക്കു ക്രമംതെറ്റാതെ ഒഴിച്ചുകൊണ്ടേയിരിക്കുന്നു. 22 തീര്‍ഥങ്ങളിലെ വെള്ളത്തിനും വ്യത്യസ്തങ്ങളായ രുചിയാണെന്നു സഹയാത്രികന്‍ സതീഷാണ് പറഞ്ഞത്. പ്രധാന പ്രതിഷ്ഠയ്ക്കരികില്‍ ഭഗവാന്‍ ഹനുമാന്‍ പ്രതിഷ്ഠിച്ച സ്ഫടിക ശിവവിഗ്രഹമുണ്ട്. തൊട്ടുചാരി പാര്‍വതീ ദേവിയുടെ ക്ഷേത്രവും. പരന്നുകിടക്കുന്ന ക്ഷേത്രാങ്കണം ചുറ്റിക്കറങ്ങി പുറത്തിറങ്ങുമ്പോള്‍ മണിക്കൂറുകള്‍ ങ്ങങ്ങളെ കടന്നുപോയിരുന്നു.

പ്രേതനഗരത്തില്‍

രാമേശ്വരത്തുനിന്ന് 25 കിലോമീറ്ററാണ് ധനുഷ്‌കോടിയിലേക്ക്. ദുരന്തം ചവച്ചുതുപ്പിയ ഉപേക്ഷിക്കപ്പെട്ട നഗരത്തിലേക്ക് സര്‍വിസ് നടത്തുന്ന ഫോര്‍വീല്‍ വാനിലാണു ഞങ്ങളുടെ യാത്ര. ഉച്ചയൂണു കഴിഞ്ഞുള്ള പുറപ്പെടലായതുകൊണ്ടാവാം പലരും പാതിമയക്കത്തിലേക്കു വീണിരുന്നു. യാത്ര കുറച്ചുദൂരം പിന്നിട്ടപ്പോള്‍തന്നെ കാഴ്ചകളുടെ ഘോഷയാത്ര ഞങ്ങളെ എതിരേല്‍ക്കാന്‍ തുടങ്ങി. മുന്‍പില്‍ ചക്രവാളത്തോളം പന്തലിട്ട നീലകാശം. ഇരുവശങ്ങളിലും പച്ചക്കടല്‍ അറ്റമില്ലാതെ കിടക്കുന്നു. നടുവില്‍ സേതുബന്ധനം. ധനുഷ്‌കോടി മനോഹരമായൊരു തീരനഗരം.
ശ്രീലങ്കയോടു ചേര്‍ന്നുകിടക്കുന്ന ഇന്ത്യയുടെ മുനമ്പ്. കടലും ചുഴലിയും ചേര്‍ന്നു ശവപ്പറമ്പാക്കി മാറ്റിയ ഒരു ജനതയുടെ ജീവിതവും സംസ്‌കാരവും മണ്ണോടുചേര്‍ന്ന അടയാളങ്ങള്‍ അങ്ങിങ്ങായി ഇടിഞ്ഞുപൊളിഞ്ഞു നരച്ചുകിടപ്പുണ്ട്. രാമേശ്വരത്തേക്കാള്‍ ജനസാന്ദ്രതയേറിയ തുറമുഖനഗരമായിരുന്നു ധനുഷ്‌കോടി. 1964 ഡിസംബര്‍ 22 മുതല്‍ 25 വരെ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കടലിനോടു ചേര്‍ന്നത് നാല്‍പതിനായിരത്തോളം വരുന്ന ജനങ്ങള്‍. നൂറുനൂറു സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങിയ ആ ദുരന്തഭൂമിയില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കടലെടുത്ത റെയില്‍വേ സ്റ്റേഷന്റെ ഭീമന്‍ കരിങ്കല്‍ഭിത്തികള്‍, പാതിമുറിഞ്ഞുപോയ റെയില്‍പാളങ്ങള്‍, ഈ നഗരത്തിന്റെ വിശേഷങ്ങളുമായി ദേശാന്തരങ്ങള്‍ താണ്ടിയ കുറിപ്പടികള്‍ അതിര്‍ത്തിതിരിച്ചു മുദ്രയടിച്ച പോസ്റ്റ് ഓഫിസ്, മേല്‍ക്കൂരയും കുരിശുമടര്‍ന്നു പ്രേതാലയം പോലെ ബാക്കികിടക്കുന്ന പള്ളി, നേവി കെട്ടിടവും പള്ളിക്കൂടവും ഉപേക്ഷിക്കപ്പെട്ടതിന്റെ വ്യഥയും പേറി മീസാന്‍ കല്ലുകളെ പോലെ നിവര്‍ന്നുനില്‍ക്കുന്നു. കാഴ്ചകള്‍ മനസും ശരീരവും മരവിപ്പിക്കും. ഭീതിയിഴഞ്ഞു കയറുന്ന കാഴ്ചകളില്‍നിന്ന് എത്രയും പെട്ടെന്നൊരു തിരിഞ്ഞുനടത്തം കൊതിക്കും നമ്മള്‍.

രാമേശ്വര മഹത്വം പറയുന്ന മഹോതതിയും (ബംഗാള്‍ ഉള്‍ക്കടല്‍) രത്‌നാകരവും (ഇന്ത്യന്‍ സമുദ്രം) സന്ധിക്കുന്നിടമാണു ധനുഷ്‌കോടി. ശ്രീരാമന്‍ ഇവിടെവച്ചാണു ലങ്കാദഹനത്തിനുശേഷം വിഭീഷണന്റെ നിര്‍ദേശപ്രകാരം സേതു തന്റെ ധനുഷ് വില്ല് ഉപയോഗിച്ചുമുറിച്ചത്. അതാണത്രെ ധനുഷ്‌കോടി എന്ന ദേശപ്പേരിന്റെ ഐതിഹ്യം. ഇന്നിവിടം പ്രേതനഗരമാണ്. ജനവാസയോഗ്യമല്ലാത്ത പ്രദേശമെന്നു സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ഭൂപ്രദേശം. ഓലമേഞ്ഞ ഏതാനും ചെറ്റകുടിലുകള്‍ മാത്രം വിജനതയുടെ ഈ ഏകാന്തതീരത്തുണ്ട്. അതില്‍ മത്സ്യബന്ധനവുമായി കഴിഞ്ഞുകൂടുന്ന കുറച്ചു മനുഷ്യരും.
ദുരന്തശേഷിപ്പുകളോടു വിടപറഞ്ഞു ഞങ്ങള്‍ യാത്രയായത് അരിച്ചാല്‍ മുനമ്പിലേക്ക്. തടാകം പോലെ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടിലെ കുണ്ടും കുഴിയും താണ്ടി രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചുകാണും. അവിടന്നങ്ങോട്ട് ആറു കിലോമീറ്ററുണ്ട് മുനമ്പിലേക്ക്. നടന്നുതന്നെ പോകണം. ബെറ്റുമിന്‍ റബറൈസ്ഡ് ചെയ്ത പുതിയപാത പണി പൂര്‍ത്തിയായി വരുന്നു. അധികൃതരുടെ അനുമതിയുണ്ടെങ്കില്‍ മാത്രം അതിലൂടെ വാഹനങ്ങള്‍ക്കു കടന്നുപോകാം. നടക്കാന്‍ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. വെള്ളമണല്‍ വിരിച്ച പ്രതലം തൊട്ടാണു ഞങ്ങളുടെ തുടക്കം. കുറച്ചുനടന്നാല്‍ ഇരുണ്ട പാതയിലേക്കു കയറാം. അങ്ങകലങ്ങളിലേക്കു വിരിച്ചിട്ട കറുത്ത പരവതാനിപോലേ നെടുനീളന്‍ പാത. ഇരുപാര്‍ശ്വങ്ങളിലും കടലിന്റെ സീല്‍ക്കാരങ്ങള്‍, അതിനെ മറികടന്ന് കാറ്റിന്റെ ചൂളംവിളി. പ്രപഞ്ചക്കാഴ്ചയുടെ അത്യപൂര്‍വമായ അനുഭവം.

ഇടതുവശത്ത് തിരയനക്കമില്ലാതെ ശാന്തസുന്ദരമായി പച്ചനിറത്തില്‍ ബംഗാള്‍ ഉള്‍ക്കടല്‍. വലതുവശത്ത് നുരകുത്തിച്ചാടുന്ന തിരമാലകളുമായി നീലനിറം പൂണ്ട് ഇന്ത്യന്‍ മഹാ സമുദ്രം. നടുവിലെ ഒറ്റയടിപ്പാതപോലെ കിടക്കുന്ന വീഥിയിലൂടെ ഈ മാസ്മരിക സൗന്ദര്യമാസ്വദിച്ചുള്ള നടത്തം ഇതാ ഇവിടെ അവസാനിക്കുകയാണ്. മുകളില്‍ സുവര്‍ണ നിറമണിഞ്ഞ അശോകസ്തംഭം പേറിനില്‍ക്കുന്ന സ്തൂപം. മണല്‍കാറ്റിന്റെ അതിക്രമമാണിവിടെ. മുഖം മറച്ചുപിടിച്ച് സമാഗമസ്ഥലിയിലേക്കു നടന്നു. ബംഗാള്‍ ഉള്‍ക്കടല്‍ ഇവിടെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മാറില്‍ അലിഞ്ഞുചേരുകയാണ്. വിവരണാതീതമായൊരു ദര്‍ശനസൗന്ദര്യം ഓരോ യാത്രക്കാരന്റെയും കണ്ണും മനസും ഒപ്പിയെടുക്കും. സായാഹ്നം സടകുടയാന്‍ തുടങ്ങിയിരുന്നു. കടലിരമ്പം കരയെ പുണരാന്‍ പ്രണയാര്‍ദ്രമായി അടുത്തുകൂടുകയാണ്. നോക്കി നില്‍ക്കുന്നതിനപ്പുറത്ത് അനുഭവിക്കണമെന്നു മനസ് പിടക്കുന്നു. ഉടയാടകള്‍ മാറ്റി കടലിന്റെ കൈകളിലേക്ക് സ്വയമൊരു കൂഞ്ഞായി മലര്‍ന്നു കിടക്കണം. ഉപ്പുവെള്ളത്തിലെ മനസ് നിറഞ്ഞ സ്‌നാനവും കഴിഞ്ഞു തിരിച്ചുനടക്കുംനേരം ആരോ പറയുന്നുണ്ട്. ദാ.. ആ കാണുന്നതാണ് ശ്രീലങ്കയെന്ന്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.