2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

കര്‍ഷകര്‍ ഇന്ന്‌ മഹാരാഷ്ട്ര നിയമസഭ വളയും

മുംബൈ: സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ ലോങ് മാച്ചിന് സമാപനം കുറിച്ച് ഇന്ന്‌ മഹാരാഷ്ട്ര നിയമസഭ വളയും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

സമാധാന ചര്‍ച്ചകളുടെ ഭാഗമായി നേരത്തെ, മന്ത്രി ഗരീഷ് മഹാജനെ സര്‍ക്കാര്‍ പ്രതിനിധിയായി അയച്ചിരുന്നു. അതിനു പിന്നാലെയാണ് ഫഡ്‌നാവിസ് ഉദ്യോഗസ്ഥ തല യോഗം വിളിച്ചത്.

ആറു ദിവസം മുന്‍പ് 12,000 ആളുകളുമായി ആരംഭിച്ച റാലി ഇപ്പോള്‍ അര ലക്ഷം കവിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ പ്രതിഷേധകരുടെ എണ്ണം ലക്ഷം കവിയുമെന്നാണ് സംഘാടകര്‍ കണക്കു കൂട്ടുന്നത്. മഹാനദിയില്‍ കൈനദികളെന്ന പോലയാണ് റാലിയിലേക്ക് ആളുകള്‍ വന്നു ചേരുന്നത്.

പ്രായവും രോഗവുമൊന്നും കിലോമീറ്ററുകള്‍ നടക്കുന്നതില്‍ നിന്ന് ആളുകളെ പിന്തിരിക്കുന്നില്ല. കൈക്കുഞ്ഞുങ്ങളുമായും നഗ്‌നപാദരായും വരെ ആളുകള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

റാലിയെ പിന്തുണച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് പുറമേ ആയിരക്കണക്കിന് ആദിവാസികളും അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ വനാവകാശനിയമം നടപ്പിലാക്കണമെന്ന മുദ്രാവാക്യവുമായി അണിനിരക്കുന്നുണ്ട്.

പ്രക്ഷോഭം എന്തിന്?

അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, തക്കതായ നഷ്ടപരിഹാര തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക, എം.എസ് സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വരുത്തുക, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുക, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുക, നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ സമരത്തില്‍ മുന്നോട്ടുവെക്കുന്നത്.

 

200 കിലോ മീറ്റര്‍ മാര്‍ച്ച്

മാര്‍ച്ച് ആറിന് നാസിക്കില്‍ നിന്നാണ് യാത്ര തുടങ്ങിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കിസാന്‍സഭയുടെ നേതൃത്വത്തില്‍ മറ്റ് സംഘടനകളുടെ സഹകരണത്തോടെ കര്‍ഷകര്‍ നിരന്തര സമരത്തിലായിരുന്നു. 2016 മാര്‍ച്ചില്‍ ഒരുലക്ഷം കര്‍ഷകരാണ് നാസിക്കില്‍ ഉപരോധസമരം നടത്തിയത്. രണ്ടുമാസം കഴിഞ്ഞ് താനെയില്‍ ശവപ്പെട്ടിസമരം. ഒക്ടോബറില്‍ പാല്‍ഘര്‍ ജില്ലയില്‍ ഗിരിവര്‍ഗ വികസനമന്ത്രിയുടെ വാഡയിലെ വീടുവളഞ്ഞ് സമരം ചെയ്തത് അരലക്ഷം കര്‍ഷകരാണ്. ഔറംഗബാദിലും മറാത്തവാഡയിലും ഖംഗാവോണിലും നടന്ന മറ്റ് എണ്ണമറ്റ സമരങ്ങള്‍.

 

2017 ജൂണില്‍ പതിനൊന്നുദിവസം നീണ്ട പണിമുടക്ക്. ഈവര്‍ഷം തന്നെ ഓഗസ്റ്റില്‍ രണ്ടുലക്ഷം കര്‍ഷകര്‍ അണിനിരന്ന് സംസ്ഥാനത്താകെ സംഘടിപ്പിച്ച ചക്കാ ജാം (റോഡ് ഉപരോധം) തുടങ്ങി സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സമരങ്ങളുടെ തുടര്‍ച്ചയിലാണ് അരലക്ഷം കര്‍ഷകര്‍ ഇപ്പോള്‍ ഇരുനൂറ് കിലോമീറ്റര്‍ കാല്‍നടയായെത്തി നിയമസഭ ഉപരോധിക്കാനൊരുങ്ങുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.