2020 January 27 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

അവര്‍ അവര്‍ക്കായി നിര്‍മിക്കുന്ന തടവറ

 

കെ.എ സലിം

സമിലെ ഗോല്‍പാറ ദൊമുനിയിലെ നിര്‍മാണത്തിലിരിക്കുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാംപിനുള്ളില്‍ നില്‍ക്കുമ്പോള്‍ നട്ടുച്ചയിലെ പൊള്ളുന്ന വെയിലില്‍ പണിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ ചൂണ്ടി അവിടുത്തെ പൊതുപ്രവര്‍ത്തകനായ രാജു അലി പറഞ്ഞു: അവരെ നോക്കൂ… ആ തൊഴിലാളികളില്‍ പലരും നാളെ വരുന്ന പൗരത്വപ്പട്ടികയിലുണ്ടാകില്ല. ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ നാടകത്തിനു ശേഷം അവര്‍ക്ക് വരാനുള്ളത് ഇവിടെത്തന്നെയാണ്. അവര്‍ക്കുള്ള തടവറ തന്നെയാണ് അവര്‍ നിര്‍മിക്കുന്നത്.

നിസഹായതയുടെ അന്ത്യത്തില്‍ ഓരോ മനുഷ്യനും അതിന്റെ സ്വാഭാവികതയിലേക്ക് തനിയെ മാറുമെന്നാണ്. അത്തരമൊരു പരകായപ്രവേശത്തിലാണ് ഹോളാകാസ്റ്റിന്റെ കാലത്ത് പോളിഷ് ജൂതന്‍മാര്‍ ആട്ടിത്തെളിക്കപ്പെട്ട കൊടിയ അനീതിയുടെ ഓഷ്‌വിറ്റ്‌സുകളിലേക്ക് നിര്‍വ്വികാരതയോടെ നടന്നുകയറിയത്. അനീതിയുടെ സ്വാഭാവികതയില്‍ പ്രതിഷേധങ്ങള്‍ ഇല്ലാതാവും. സമീപകാല ഇന്ത്യകണ്ട ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിക്കിടയിലും അത്തരമൊരു നിര്‍വികാരതയുടെ നടുവിലാണ് അസം ജനത.

കണ്ണീര്‍ ചാലൊഴുകുന്ന ബ്രഹ്മപുത്ര

ഭരണസൗകര്യത്തിനായി വിഭജിക്കപ്പെട്ട പരസ്പരം പൊരുത്തപ്പെടാത്ത സംസ്‌കാരങ്ങള്‍ നിറഞ്ഞതാണ് അസം. ലോകിംപൂരും ശിവസാഗറും ടിന്‍സൂകിയയും ഉള്‍പ്പെടെ ഒന്‍പതു ജില്ലകള്‍ ബ്രഹ്മപുത്ര താഴ്‌വരയോളം നീണ്ടുകിടക്കുന്നതാണ് അപ്പര്‍ ആസാം. തേയിലത്തോട്ടങ്ങളുടെ നാടാണിത്. കംറൂപും ഗോല്‍പാറയും ബാര്‍പേട്ടയും ഉള്‍പ്പടെ ബ്രഹ്മപുത്ര നദിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളുള്‍പ്പെടുന്ന ലോവര്‍ അസമിലുള്ളവര്‍ സാധാരണ കൃഷിക്കാരാണ്. ദാരിദ്ര്യവും നിസ്സഹായതവും മാത്രം പങ്കുവയ്ക്കുന്നവര്‍. ബാര്‍പേട്ടയിലെ ബഹാരി ഗ്രാമത്തില്‍ നില്‍ക്കുമ്പോള്‍ തെരുവില്‍ കുടില്‍കെട്ടിയിരുന്ന് ചണനൂലുകള്‍ കോര്‍ക്കുന്ന വൃദ്ധനോട് ചോദിച്ചു: ഇതാണോ നിങ്ങളുടെ വീട്. അയാള്‍ തൊട്ടപ്പുറത്തെ പരന്നൊഴുകുന്ന ബ്രഹ്മപുത്ര നദിയിലേക്ക് കൈചൂണ്ടി. അവിടെയാണ് എന്റെ സ്ഥലം. മുന്‍പ് അതൊരു ഗ്രാമമായിരുന്നു. അതില്‍ എന്റെ വീടുമുണ്ടായിരുന്നു. ബ്രഹ്മപുത്രയില്‍ വെള്ളംപൊങ്ങിയ ഒരു ദിവസം എല്ലാം പുഴയെടുത്തു. ഭൂരേഖകളും മറ്റു സര്‍ക്കാര്‍ രേഖകളുമെല്ലാം അതോടൊപ്പം പോയി.
മാസങ്ങളായി അതിലൂടെത്തന്നെയാണ് ബ്രഹ്മപുത്രയൊഴുകുന്നത്. ചിലപ്പോഴത് വര്‍ഷങ്ങളോളം നീളും. ഒരിക്കലും തിരിച്ചു കിട്ടിയില്ലെന്നും വരും. ഇപ്പോള്‍ പൊലിസ് വന്നു ചോദിക്കും. എവിടെയാണ് നിങ്ങളുടെ നാടെന്ന്. ചൂണ്ടിക്കാണിക്കാന്‍ ഈ പുഴയേയുള്ളൂ. ഇത്തരത്തിലുള്ള നിരവധി മനുഷ്യരാണ് പൗരത്വപ്പട്ടികയുടെ പേരില്‍ പെട്ടെന്നൊരുനാള്‍ വിദേശികളായിരിക്കുന്നത്. ബാര്‍പേട്ടയിലും ഗോല്‍പോരയിലും ഹൈവേകളൊഴിച്ചാല്‍ ടാറിട്ട റോഡുകള്‍ അപൂര്‍വ്വമായേയുള്ളൂ. വെള്ളക്കെട്ടുകള്‍ക്ക് ചുറ്റും വളര്‍ന്നുനില്‍ക്കുന്ന മുളങ്കാടുകള്‍ക്കിടയില്‍ മുളപ്പായ് കൊണ്ട് നിര്‍മിച്ച വീടുകളില്‍ ദാരിദ്ര്യമാണ് മുഴച്ചുനില്‍ക്കുന്നത്. അതില്‍ ദാരിദ്ര്യംകൊണ്ട് കുഴിഞ്ഞ കണ്ണുകളും എല്ലുന്തിയ ദേഹവുമുള്ള ഒരു പറ്റം പാവപ്പെട്ട മനുഷ്യര്‍. അവരാണ് ഈ രാജ്യത്തിന്റ സുരക്ഷയ്ക്ക് ഭീഷണിയായ പൗരന്‍മാരല്ലാത്തവര്‍. അവരെയാണ് വൈകാതെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലേക്ക് ആട്ടിത്തെളിക്കാന്‍ പോകുന്നത്. വെള്ളക്കെട്ടുകളില്‍ നിന്ന് മീന്‍പിടിച്ചും പിന്നിലെ വയലുകളില്‍ കൃഷി ചെയ്തും ജീവിക്കുന്നവരാണ് ലോവര്‍ അസമിലെ ജനങ്ങളില്‍ ഭൂരിഭാഗവും. തൊട്ടടുത്തുള്ള നദികളില്‍ ജലനിരപ്പുയരുന്നതോടെ വെള്ളക്കെട്ട് വീടിനുള്ളിലെത്തും. പിന്നീട് ദുരിതത്തിന്റെയും വറുതിയുടെയും കാലമാണ്.

ജീവിത തീരം തേടിയെത്തിയവര്‍

ദോമുനിയിലേക്കുള്ള യാത്രയില്‍ തകര്‍ന്നടിഞ്ഞ റോഡുകളില്‍ ഇരുമ്പുകാലുകളില്‍ മരങ്ങള്‍ കെട്ടിയുണ്ടാക്കിയ പാലങ്ങളിലൂടെയാണ് യാത്ര. ചുറ്റും നോക്കെത്താ ദൂരത്തോളം വയലുകളാണ്. ആദ്യ ബ്രിട്ടീഷ് ബര്‍മ യുദ്ധത്തിനു ശേഷം 1826 ഫെബ്രുവരിയില്‍ ഒപ്പിട്ട യാന്‍ദാബൂ കരാറിന്റെ അടിസ്ഥാനത്തിലാണ് അസം ബ്രിട്ടീഷുകാര്‍ക്ക് കീഴില്‍വരുന്നത്. അന്ന് അസമിന്റെ ഭാഗമല്ലാതിരുന്ന ഗോല്‍പാറ പ്രദേശങ്ങള്‍ കരാറിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. ബ്രിട്ടീഷുകാര്‍ അപ്പര്‍ അസമില്‍ തേയിലകൃഷി തുടങ്ങിയെങ്കിലും ചരിചയമുള്ള തൊഴിലാളികളുണ്ടായിരുന്നില്ല. അക്കാലത്ത് ബിഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ബ്രിട്ടീഷുകാര്‍ ആളുകളെ എത്തിച്ചത്. അവരില്‍ ഭൂരിഭാഗവും പിന്നീട് തിരിച്ചുപോയില്ല. ഇക്കാലത്താണ് ഭക്ഷ്യക്ഷാമം വരുന്നത്. അതോടെ കിഴക്കന്‍ ബംഗാളില്‍ നിന്ന് കൃഷി ചെയ്യാന്‍ തൊഴിലാളികളെ കൊണ്ടുവന്നു. ബ്രഹ്മപുത്രയുടെ തീരത്ത് അവര്‍ കൃഷി ചെയ്തു. ബംഗാളി സംസാരിക്കുന്നവരായിരുന്നു അവര്‍.
രണ്ടാംലോകയുദ്ധത്തോടെ ബ്രിട്ടീഷ് പട്ടാളത്തിന് കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റിയയക്കേണ്ട സാഹചര്യമുണ്ടായി. അതോടെ കൂടുതല്‍ പേരെ കൃഷിക്കായി കൊണ്ടുവന്നു. അസമില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നികുതിയിളവും വാഗ്ദാനം ചെയ്തിരുന്നു. ഗോല്‍പോര, കംറൂപ്, ദാരംഗ്, നൗഗാവ്, ലോക്കിംപൂര്‍ തുടങ്ങിയ ജില്ലകളില്‍ കുടിയേറ്റക്കാരെത്തിയത് അങ്ങനെയാണ്. മലമ്പനിയോടും വന്യമൃഗങ്ങളോടും പാമ്പുകളൊടും പൊരുതി ആര്‍ക്കും വേണ്ടാതിരുന്ന കാടുകള്‍ വെട്ടിത്തെളിച്ച് ആദ്യമായി കൃഷിയിറക്കിയവരായിരുന്നു അവര്‍. അക്കാലത്ത് തരായ് മേഖലയില്‍ പടര്‍ന്ന് പിടിച്ച് പിന്നീട് കംറൂപിലും നൗഗാവിലുമെത്തിയ മലമ്പനിയില്‍പ്പെട്ട് നിരവധി പേര്‍ മരിച്ചു. ബാര്‍പേട്ട പോലുള്ള സ്ഥലങ്ങളില്‍ ധാരാളം വെള്ളക്കെട്ടുള്ളതിനാല്‍ ചെറുകിട കൃഷിക്കാരും മത്സ്യബന്ധനത്തില്‍ താല്‍പര്യമുള്ളവരുമായിരുന്നു അവിടേക്ക് കുടിയേറിയതെന്ന് ചരിത്രരേഖകളിലുണ്ട്. അവരുടെ പിന്‍മുറക്കാരായ മനുഷ്യരാണ് ഇപ്പോള്‍ പൗരത്വം ചോദ്യംചെയ്യപ്പെട്ട് അവിടെയുള്ളത്.

എന്നും പുറന്തള്ളപ്പെട്ടവര്‍

സ്വാതന്ത്ര്യത്തോടെ ഓരോ ഘട്ടത്തിലും ചോദ്യം ചെയ്യപ്പെട്ട പൗരത്വത്തിന്റെ ഭാരവുമായാണ് തുടര്‍ന്നങ്ങോട്ട് ഈ സമൂഹം കഴിഞ്ഞത്. 1947ന് ശേഷം മൂന്നു തവണയെങ്കിലും ബംഗാളി സംസാരിക്കുന്നവരെ കൂട്ടത്തോടെ രാജ്യത്തു നിന്ന് പുറത്താക്കാനുള്ള ശ്രമമുണ്ടായിട്ടുണ്ട്. പൊലിസുകാര്‍ രാത്രികളില്‍ വീടുകളിലെത്തി വാതില്‍ ചവിട്ടിത്തുറന്ന് വീട്ടുകാരെ കൂട്ടത്തോടെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകും. പുലര്‍ച്ചെ അവരെ ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിച്ച് പുറത്തേക്ക് തള്ളും. പിന്നീടവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അസമിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 1983ല്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് 1983ല്‍ അസാമിനായി കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള അനധികൃത കുടിയേറ്റ (ഡിറ്റര്‍മിനേഷന്‍ ബൈ ട്രൈബ്യൂണല്‍) നിയമം വരുന്നത്. ഇതില്‍ തൃപ്തരാവാതെ യൂനിയന്‍ ശക്തമായ സമരം നടത്തി. അതിനു പിന്നാലെ പരിഹാരമായി 1985 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി അസം കരാറുണ്ടാക്കി. ഇതിലെ 5.11 മുതല്‍ 5.9 വരെയുള്ള വ്യവസ്ഥകളായിരുന്നു പ്രധാനം.

വേര്‍പ്പെടുത്തലിന്റെ പട്ടിക

1971 മാര്‍ച്ച് 25ന് അര്‍ധരാത്രിക്ക് മുന്‍പ് അസമിലേക്ക് കുടിയേറിയവരെല്ലാം ഇന്ത്യന്‍ പൗരന്‍മാരാകുമെന്നായിരുന്നു വ്യവസ്ഥ. ഇതു സംബന്ധിച്ച് നിരവധി കേസുകള്‍ കീഴ്‌ക്കോടതികളിലും സുപ്രിംകോടതിയിലുമുണ്ടായിട്ടുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് 2016 ജനുവരി ഒന്നോടെ പൗരത്വപ്പട്ടിക പുതുക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. എന്നാലത് നാലു വര്‍ഷം നീണ്ടു. ഇടയ്ക്ക് കരട് പ്രസിദ്ധീകരിച്ചു. തിരുത്തലുകള്‍ വരുത്തി. അന്തിമ പട്ടിക കൂടി വന്നതോടെ 19,06,657 ലക്ഷം മനുഷ്യരാണ് ഭാവിയെക്കുറിച്ചുള്ള ചോദ്യവുമായി നില്‍ക്കുന്നത്.
ഇനിയൊരു ട്രൈബ്യൂണല്‍ നാടകം മാത്രമാണ് ബാക്കിയുള്ളത്. ട്രൈബ്യൂണല്‍ വിദേശികളാണെന്ന് വിധിക്കപ്പെടുന്നവര്‍ ബന്ധുക്കളില്‍ നിന്നും മക്കളില്‍ നിന്നും ജീവിതപങ്കാളിയില്‍ നിന്നും കൂട്ടത്തോടെ വേര്‍പ്പെടുത്തപ്പെടും. ഗോല്‍പ്പാറ മാത്രമല്ല, ഒന്നിനു പിറകെ ഒന്നായി വരാന്‍ പോകുന്നത് ഒന്‍പത് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ കൂടിയാണ്. കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ യൂറോപ്പ് എക്കാലത്തും ലജ്ജിക്കുന്ന ചരിത്രത്തിലെ തെറ്റുകളാണ്. ലോകം തെറ്റു തിരുത്തുമ്പോള്‍ നാം പുതിയ തെറ്റുകളാണ് കോടികള്‍ ചിലവിട്ട് കെട്ടിപ്പൊക്കുന്നത്. പോളണ്ടിലെ ഓഷ്‌വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ക്കഴിഞ്ഞ എല്ലി വീസല്‍ തന്റെ നേരനുഭവമെഴുതിയ പുസ്തകമായ നൈറ്റില്‍ ഒരു ബാലനെ നാസികള്‍ ക്യാംപിനുള്ളില്‍ തൂക്കിക്കൊന്നത് വിവരിച്ചുകൊണ്ട് പറയുന്നുണ്ട്: അന്ന് രാത്രി തങ്ങള്‍ക്ക് അത്താഴമായി ലഭിച്ച സൂപ്പ് തടവുകാര്‍ക്കാര്‍ക്കും കുടിക്കാനായില്ല. ആ രാത്രിയിലെ സൂപ്പിനു ശവത്തിന്റെ
രുചിയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News