2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മരണകാരണമായേക്കാവുന്ന ഡെങ്കിപ്പനി

ഡോ.കെ സക്കീന (മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍)

ഡെങ്കി ഉള്‍പ്പെടയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നത് ദ്രുതഗതിയിലാണ്. ഡെങ്കി ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവവും വര്‍ധിക്കുന്നു. കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും രോഗം സംബന്ധിച്ച് ജനങ്ങളില്‍ അവബോധവും ഇല്ലെങ്കില്‍ വരും നാളുകളില്‍ ജില്ല മഹാദുരന്തത്തിന് സാക്ഷിയാകുന്ന സാഹചര്യമാണുള്ളത്.

കൊതുകുകള്‍ പരത്തുന്ന രോഗങ്ങളില്‍ വ്യാപകവും ഗുരുതരവുമാണ് ഡെങ്കിപ്പനി. ഈഡിസ് വര്‍ഗത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗം. പലപ്പോഴും പനിയും ശരീരവേദനയുമായി മാറുമ്പോള്‍ മരണകാരണമായേക്കാവുന്ന ഗുരുതരമായ ഡെങ്കിപ്പനിയുമാകാറുണ്ട്.

രോഗാണു

ഫ്‌ളാവി വൈറസുകളാണ് ഡെങ്കിപ്പനി ഉണ്ടാക്കുന്നത്. പ്രധാനമായും 4 വിഭാഗത്തിലായി കാണപ്പെടുന്നു. DON-1, DON-2, DON-3, and DON- 4.

ഒരു സീറോ ടൈപ്പ് മൂലം

അസുഖമുണ്ടായി മാറുമ്പോള്‍ ജീവിതകാലം ആ വൈറസിനെതിരെ പ്രതിരോധം ഉണ്ടാകുന്നു.

ക്രോസ് ഇമ്മ്യൂണൈസേഷന്‍ തുടര്‍ന്നുണ്ടാകുമ്പോള്‍

ഒരിക്കല്‍ ഒരിനം ഡെങ്കി വൈറസ് ബാധിച്ച വ്യക്തിയില്‍ രണ്ടാമത് മറ്റൊരു ഡെങ്കി വൈറസ് ബാധിച്ചാലും ഒന്നില്‍ കൂടുതല്‍ തരം ഡെങ്കി വൈറസുകള്‍ ഒരാളില്‍ ഒരേ സമയം പ്രവേശിച്ചാലും രക്തസ്രാവത്തോടുകൂടിയതും കൂടുതല്‍ ഗുരുതരവുമായ ഡെങ്കി പനിക്കും ഡെങ്കിപ്പോക്ക് സിന്‍ഡ്രോമിനും കാരണമാകും.

രോഗലക്ഷണങ്ങള്‍

പെട്ടെന്നുള്ള ശക്തമായ പനി, കണ്ണിനു പുറകില്‍ വേദന, പേശികളിലും സന്ധികളിലും വേദന, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, തൊലി പുറമേ അഞ്ചാംപനിയുടെതുപോലുള്ള തടിപ്പുകള്‍, മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവം, മയക്കം തുടങ്ങിയ രോഗത്തിന്റെ തീവ്രത അനുസരിച്ചും മുന്‍പ് ഈ രോഗം ബാധിച്ചിട്ടള്ളതിനെയനുസരിച്ചും രോഗലക്ഷണങ്ങളില്‍ വൈവിധ്യങ്ങള്‍ ഉണ്ടാകുന്നു.

 

ഡെങ്കിപ്പനി മൂന്ന് തരത്തില്‍

  1. പനിയും ശരീരവേദനയുമായി കാണുന്ന സാധാരണ ഡെങ്കിപ്പനി.
  2. രക്തസ്രാവത്തില്‍ കലാശിക്കുന്ന ഡെങ്ക്യൂ ഹെമറേജിക് ഫിവര്‍.
  3. രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാക്കുന്ന ഡെങ്ക്യുഷോക്ക് സിന്‍ഡ്രോം.

ചികിത്സ – രോഗിക്ക് പൂര്‍ണ്ണ വിശ്രമം, രോഗലക്ഷണത്തിന് അനുസൃതമായി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ നല്‍കുക.

പൂര്‍ണ്ണ വിശ്രമം പ്രധാനം

1. പരിപൂര്‍ണ്ണ വിശ്രമം ഏറ്റവും പ്രധാനം. പനിയുള്ള കുട്ടികളെ പൂര്‍ണ്ണമായും പനി മാറുന്നത് വരെ സ്‌കൂളില്‍ വിടരുത്. ഇതിനായി പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടേണ്ടതില്ലെന്ന് ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം. ചൂടുള്ള പാനീയങ്ങള്‍ ക്രമമായി നിരന്തരം കുടിക്കണം. ഉപ്പ് ചേര്‍ത്ത കട്ടിയുള്ള കഞ്ഞിവെള്ളം (പ്രമേഹമില്ലാത്തവര്‍ക്കും, കുട്ടികള്‍ക്കും), നാരങ്ങവെള്ളം, ഇളനീര്‍ എന്നിവ കട്ടന്‍ചായ, കട്ടന്‍കാപ്പി, വെറും ചൂടുവെള്ളം എന്നിവയേക്കാള്‍ പനി വിട്ടുപോയതിനുള്ള ക്ഷീണം കുറക്കാന്‍ നല്ലതാണ്.

3. നന്നായി വേവിച്ച മൃദുവായ, പോഷകപ്രധാനമായ ഭക്ഷണവും ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവില്‍ ഇടവിട്ട് തുടര്‍ച്ചയായി കഴിക്കുക.

വീട്ടില്‍ ചികിത്സിക്കുന്നവര്‍ താഴെ പറയുന്ന ഘട്ടങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചേരുക.

  • പ്രതീക്ഷിച്ച സമയം കൊണ്ടു പനി ഭേദമാകുന്നില്ല.
  • നല്ല ചികിത്സയും പരിചരണവും കിട്ടിയശേഷം പനി മൂര്‍ഛിക്കുന്നു.
  • ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, പെരുമാറ്റ വ്യതിയാനം എന്നിങ്ങനെ സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ കാണപ്പെടുമ്പോള്‍.
  • ഭക്ഷണം കഴിക്കാന്‍ വയ്യാതാകുന്നു.

പനികള്‍ ശ്രദ്ധിക്കേണ്ടത്

1. പനി പൂര്‍ണ്ണമായും മാറുംവരെ വിശ്രമിക്കുക. രോഗം വേഗം മാറാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ചും പകര്‍ച്ചപ്പനികള്‍ പടരുന്നത് തടയാനും ഇത് സഹായിക്കും.
2. തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും പൊത്തുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ കഴുകുക. വൈറല്‍ പനികള്‍ പടര്‍ന്നു പിടിക്കുന്നത് തടയാനും ശ്വാസ കോശരോഗങ്ങള്‍ വീട്ടിലെ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാനും ഈ ശീലം സഹായിക്കുന്നു.
3. സ്വയം ചികിത്സ അപകടകരമായ ഒരു ശീലമാണ്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് കഴിക്കുന്നത് ഒഴിവാക്കുക.

ഈഡിസ് കൊതുകുകള്‍

ഈഡിസ് കൊതുകുകള്‍ ഇന്ന് നമ്മുടെ ചുറ്റുപാടും ധാരാളമായി കണ്ടുവരുന്നു. പെണ്‍ കൊതുകുകളാണ് അസുഖം പരത്തുന്നത്. ഈഡിസ് ഈജിപ്റ്റിയും, ഈഡിസ് ആല്‍ബോ പിക്റ്റസുമാണ് ഡെങ്കിപ്പനി പരത്തുന്ന പ്രധാന കൊതുകുകള്‍. ഈഡിസ് കൊതുകുകള്‍ ഡെങ്കി, ചിക്കന്‍ഗുനിയ, സിക്ക തുടങ്ങിയ വൈറസ് രോഗങ്ങളെ പരത്തുന്നു.

നമ്മുടെ ചുറ്റുപാടുകളില്‍ ജീവിക്കുന്ന ഈ കൊതുകുകള്‍ക്ക് മനുഷ്യരെ കടിക്കുന്നതിനും ജീവിത സാഹചര്യം തെരഞ്ഞെടുക്കുന്നതിനും പ്രത്യേകതകള്‍ ഉണ്ട്. ചുരുങ്ങിയത് 6, 7 പേരെ കടിച്ചതിന് ശേഷമേ ഈ ഈജിപ്റ്റി കൊതുകിന്റെ ബ്ലഡ്മീല്‍ പൂര്‍ത്തിയാകുന്നുള്ളൂ. ആയതിനാല്‍ രോഗാണുബാധയുള്ള ഒരു കൊതുക് ഒരേ സമയം കുറെ പേര്‍ക്ക് അസുഖം പരത്താം.

വീടിനുള്ളിലും കട്ടിലിനടിയിലും മറ്റും ഒളിച്ചിരിക്കുന്ന ഇവ പെട്ടെന്ന് വന്ന് കടിച്ച് തിരിച്ചുപോകുന്നു. ഈ ആല്‍ബോ പിക്റ്റസിന് ഒരൊറ്റ കടികൊണ്ട് വയറുനിറക്കുന്നു. മാത്രവുമല്ല ഇവ മൃഗങ്ങളെയും കടിക്കുന്നു. എന്നിരുന്നാലും ജില്ലയില്‍ പല ഭാഗങ്ങളിലും രണ്ട് തരം കൊതുകുകളുടേയും സാന്ദ്രത കൂടുതലാണ്. ശരീരത്തില്‍ വെളുത്ത പൊട്ടുകളോടെയുള്ള എളുപ്പത്തില്‍ തിരിച്ചറിയാവുന്ന ഈ കൊതുകുകളെ കാണാത്തവരുണ്ടാകില്ല.

കൊതുക് കടിയേല്‍ക്കുന്ന ആരേയും ബാധിക്കും

കൊതുകു നിയന്ത്രണവും കൊതുകുകടിയില്‍ നിന്നും സ്വയംരക്ഷയും മാത്രമേ രക്ഷയുള്ളൂ. പനികേസുകളും മരണങ്ങളും വരുമ്പോള്‍ സ്ഥലം സന്ദര്‍ശനവും പഠനങ്ങളും നടത്തുമ്പോള്‍ മനസ്സിലാക്കുന്നത് ഈ ചെറിയ ജീവിയെ ഒറ്റക്ക് ഒരാള്‍ക്കോ ഒരു വിഭാഗം ആളുകള്‍ക്കോ തുരത്താനാവില്ല, മാത്രവുമല്ല ഉറവിടങ്ങള്‍ അഥവാ മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ നാം കണ്ടുപിടിച്ച് ഇല്ലാതാക്കുമ്പോള്‍ ഈ കൊതുകുകള്‍ പുതിയ താവളങ്ങള്‍ കണ്ടുപിടിച്ച് നമ്മെ പറ്റിച്ചുകൊണ്ടിരിക്കുന്നു. ഇതൊരു വെല്ലുവിളിയാണ്. വീടിനകത്തും വീടിന് പുറത്തും തോട്ടങ്ങളിലും ടൗണുകളിലും കൊതുകിന് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യങ്ങള്‍ ധാരാളമാണ്.

വീടിനകത്ത്

മരണങ്ങളും കേസുകള്‍ വരുമ്പോളും (ഡെങ്കിപ്പനി) വീടുകള്‍ പരിശോധിച്ചാല്‍ കാണുന്നത് വീട്ടിനകത്ത് തന്നെ വില്ലന്‍മാരെയാണ്. ഫ്രിഡ്ജിനടിയിലെ ട്രേ, ഫഌര്‍വേയ്‌സ്, ഫഌര്‍പോട്ടിലെ വെള്ളം, ഉപയോഗിക്കാത്ത റൂമിലെ ക്ലോസറ്റ് സണ്‍ഷൈഡ്, ടെറസിലെ ചെറിയ കുഴിഞ്ഞ പ്രതലം, വെള്ളപാത്തിയില്‍ ഇല വീണ് ബ്ലോക്കായത്, അഴുക്കുചാല്‍ ബ്ലോക്ക്, വെള്ളം പിടിച്ചുവെച്ച പാത്രം മൂടാതെ തുറന്ന് വെച്ചത്. ഇവയില്‍ പലതും മഴക്കാലത്ത് മാത്രമല്ല വേനല്‍കാലത്തും ഡെങ്കിപ്പനി വരുത്തുന്നു. ആയതുകൊണ്ട് മഴക്കാലത്ത് കൂടുതലാണെങ്കിലും വര്‍ഷത്തില്‍ ഒട്ടുമിക്ക മാസങ്ങളിലും പ്രത്യേകിച്ച് വെള്ളം പിടിച്ചു വെക്കുന്ന ഫെബ്രുവരി , മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലും ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീടിനുപുറത്ത്

നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകള്‍ ചിരട്ട, കുപ്പി, മുട്ടത്തോട്, വാഴപ്പോള, വലിയ ഇലകുമ്പിള്‍, ഒരു സ്പൂണ്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ഏതൊരു സാഹചര്യങ്ങളും ഉറവിടങ്ങളാണ്. പൊന്തക്കാടുകള്‍ വീടിനോട് ചേര്‍ന്ന് ഉണ്ടെങ്കില്‍ കൂടുതല്‍ അപകടമാണ്. ഇലകള്‍ക്കടിയിലും പൊന്തക്കാട്ടിലും വിശ്രമിക്കുന്ന ഇവ അപകടകാരികളാണ്.  വീടിനോടും ബില്‍ഡിംഗിനോടും അടുത്തുള്ള കുറ്റിച്ചെടികളും പൊന്തക്കാടുകളും വെട്ടികളയേണ്ടത് അത്യാവശ്യമാണ്. വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍ ടാറിന്റെ വീപ്പകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയിടത്തെ വെള്ളടാങ്കുകള്‍, മരപൊത്ത് തുടങ്ങി ധാരാളം ഘടകങ്ങള്‍ കൊതുകിന് മുട്ടയിടാനും വളരാനും സാഹചര്യമൊരുക്കുന്നു.

ടൗണുകളിലും മാര്‍ക്കറ്റുകളിലും ഐസ്‌ക്രീം കടകളുടെ പിന്‍ഭാഗത്ത് അലക്ഷ്യമായി കൂട്ടിയിട്ടിട്ടുള്ള ഒഴിഞ്ഞ ഐസ്‌ക്രീം പാത്രങ്ങള്‍ , ടയറുകടകളില്‍ മഴവെള്ളം കൊള്ളുന്ന ഭാഗത്ത് ടയറ് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍, ആക്രികടകള്‍ മഴ കൊള്ളുന്നുണ്ടെങ്കില്‍- കൂട്ടിയിട്ട ഓരോ വസ്തുക്കളും കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളും കൊതുകിന്റെ ഉറവിടങ്ങളുമാകുന്നു.

എല്ലാ വര്‍ഷവും കണക്കുകള്‍ നോക്കുമ്പോഴും മാപ്പിംഗ് നടത്തുമ്പോള്‍ കേസുകളും മരണങ്ങളും ഇത്തരം സാഹചര്യങ്ങളുടെ വെല്ലുവിളികള്‍ കൂടുതല്‍ ശക്തമായി മനസ്സിലാക്കാന്‍ കഴിയുന്നു. ആയതിനാല്‍ സമൂഹത്തിന്റെയും ഓരോ വ്യക്തികളുടെയും കൂട്ടായ സഹകരണത്തോടെയും പൊതുജനാരോഗ്യനിയമപ്രകാരം നടപടി എടുക്കുകയും മോണിറ്ററിംഗ് ചെയ്യുമ്പോഴുമേ പരിഹാരങ്ങള്‍ സാധ്യമാവുന്നുള്ളൂ. ശക്തമായ നടപടികളിലേക്ക് നീങ്ങുമ്പോഴും പലപ്പോഴും വിശാലമായ മേഖലകളും സ്റ്റാഫിന്റെ പരിമിതികളും ആഴ്ചയില്‍ ഒരിക്കല്‍ ഇതെല്ലാം ആവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കുറക്കുന്നു.

എന്താണ് ഡ്രൈ ഡേ

ആഴ്ചയില്‍ ഒരിക്കല്‍ വീടും പരിസരവും കൊതുക് വളരാനുള്ള സാഹചര്യങ്ങളില്ലായെന്ന് ഉറപ്പ് വരുത്തുന്ന പ്രക്രിയ വഴി വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ള ഉറവിടങ്ങളെ അവിടെനിന്ന് മാറ്റുക, മറിച്ചിടുക വഴി കൊതുകുകള്‍ മുട്ടയിട്ട് വിരിഞ്ഞ് ലാര്‍വ, പ്യൂപ്പ എന്നീ ഘട്ടങ്ങള്‍ വഴി ഉണ്ടാകുന്ന ജീവിതചക്രത്തെ തടയാന്‍ കഴിയും. സാധാരണ കൂത്തന്‍, കൂത്താടിയെന്നൊക്കെ പറഞ്ഞ് നിസ്സാരമായി നാം കാണാറുള്ള ഇവ പിന്നീട് കൊതുകുകളായി രൂപാന്തരപ്പെടുന്നത് ശ്രദ്ധിക്കാറില്ല.

എന്തുകൊണ്ടാണ് ആഴ്ചയിലൊരിക്കല്‍

മുട്ടയിട്ട് വിരിഞ്ഞ് പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ ഏഴ് ദിവസം വേണം ആയതിനാല്‍ ആഴ്ചയില്‍ ഒരു ദിവസം കൊതുകിനെതിരെയുള്ള യുദ്ധത്തില്‍ ഓരോരുത്തരും പങ്കാളികളായേ മതിയാകൂ. പ്രതിദിനം പ്രതിരോധം ആരോഗ്യജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ എല്ലാ വിദ്യാലയങ്ങളും വെള്ളിയാഴ്ച എല്ലാ സ്ഥാപനങ്ങളും ശനിയാഴ്ചയും എല്ലാ വീടുകളും ഞായറാഴ്ചയും ശുചീകരിക്കാനും ഡ്രൈ ഡേ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മഹത്തായ രോഗപ്രതിരോധ യജ്ഞത്തില്‍ പങ്കാളികളാവുക വഴി നാം നമ്മുടെ വീടും സമൂഹത്തെയും രോഗത്തില്‍ നിന്നും രക്ഷിക്കുന്നു.

കൊതുക് പറക്കുന്ന ദൂരം 500 മീറ്റര്‍ മുതല്‍ 1 കിലോമീറ്റര്‍ വരെയും പലപ്പോഴും 4 കിലോമീറ്റര്‍ വരെയുമാകാമെന്നുള്ളപ്പോള്‍ സ്വന്തം വീട് മാത്രമല്ല നാം ജീവിക്കുന്ന ചുറ്റുവട്ടത്തുള്ള വീടുകളും കടകളും സ്ഥാപനങ്ങളുമൊക്കെ കൊതുകിന്റെ വളര്‍ച്ചക്കാവശ്യമായ ഉറവിടങ്ങള്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും എഞ്ചിനികളിലും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കേണ്ട ആവശ്യകത ഇക്കാലത്ത് അനിവാര്യമാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News