2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ഡെന്‍ ഒരു ശബ്ദവിസ്മയം

മനഃശക്തിയിലൂടെ ജീവിതവിജയം നേടിയ ഊമയായ ഒരു യുവാവിന്റെ കഥയാണിത്. മൗനത്തിന്റെ നീണ്ട 25 വര്‍ഷങ്ങള്‍ക്കുശേഷം രാജ്യത്തെ തന്നെ മികച്ച റേഡിയോ ജോക്കികളില്‍ ഒരാളായി മാറിയ ആര്‍.ജെ ഡെന്നിനെ കുറിച്ച്

മൗനത്താല്‍ നിറം മങ്ങിയ ഭൂതകാലത്തെ ശബ്ദംകൊണ്ടുതന്നെ തിരിച്ചുപിടിച്ചത് ഡെന്നിന്റെ അച്ഛന്‍ പബിത്ര ദേബിന്റെ തോല്‍ക്കാന്‍ തയാറില്ലാത്ത മനസാണ്. ഒപ്പം ഡെന്നിന്റെ ആത്മവിശ്വാസവും പ്രതീക്ഷയും. 2014ല്‍ ഏറ്റവും മികച്ച ബംഗാളി റേഡിയോ അവതാരകനുള്ള ഇന്ത്യന്‍ റേഡിയോ ഫോറത്തിന്റെ പുരസ്‌കാരം ഡെന്‍ എന്ന സായോം ദേബ് മുഖര്‍ജി ഏറ്റുവാങ്ങുമ്പോള്‍ അതു കാല്‍ നൂറ്റാണ്ടോളം ഊമയായ ഒരു യുവാവായിരുന്നുവെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരുന്നു

 

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

വിജയവും പരാജയവും ഓരോരുത്തരുടെയും മനസിനെ ആശ്രയിച്ചിരിക്കുന്നു. സ്വന്തം ജീവിതം കൊണ്ട് ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് അനുഭവത്തിലൂടെ പകര്‍ന്നുനല്‍കുകയാണ് ഇവിടെയൊരു യുവാവ്. ജനിച്ച് 25 വര്‍ഷം ഊമയായി ജീവിച്ച ശേഷം, മൗനത്തിന്റെ ഗുഹയ്ക്കുള്ളില്‍നിന്നു വാക്കുകളുടെ വെളിച്ചത്തിലേക്കു പറന്നുയര്‍ന്ന ഒരു റേഡിയോ ജോക്കിയെക്കുറിച്ചാണു പറഞ്ഞുവരുന്നത്. സംസാരം ജീവിതോപാധിയായ റേഡിയോ ജോക്കി എന്നു മാത്രമല്ല റേഡിയോ ജോക്കികളുടെ ലോകത്തെ ഒന്നാമനാകാന്‍ കഴിഞ്ഞുവെന്നതാണ് കൊല്‍ക്കത്തക്കാരനായ ആര്‍.ജെ ഡെന്നിനെ വ്യത്യസ്തനാക്കുന്നത്. ജീവിതത്തില്‍ അസാധ്യമായതൊന്നുമില്ലെന്ന് ഈ യുവജീവിതം നമ്മെ പഠിപ്പിക്കുന്നു.

 

ദുരിതകാലത്തിന്റെ ഓര്‍മകള്‍


കൊല്‍ക്കത്തയിലെ പ്രശസ്തനായ റേഡിയോ ജോക്കിയാണ് ഡെന്‍ എന്ന സായോം ദേബ് മുഖര്‍ജി. വീല്‍ചെയറില്‍ ജീവിതം നയിക്കുന്ന ഈ യുവാവ് അപൂര്‍വരോഗത്താല്‍ സംസാരശേഷി ഇല്ലാതെയും ശരീരത്തിനു തളര്‍ച്ച ബാധിച്ചും മൗനത്തിന്റെ മഹാഗുഹയ്ക്കുള്ളില്‍ 25 വര്‍ഷങ്ങള്‍ തള്ളിനീക്കി. ഓടിനടക്കാന്‍ കൊതിച്ച നാളുകള്‍. തളരല്ലേ മകനേ എന്ന് അച്ഛനും അമ്മയും ഓര്‍മിപ്പിച്ച കുഞ്ഞുനാളില്‍ വിധിയെ പഴിക്കാതെ കാത്തിരുന്നു.
ഒരു വയസുള്ളപ്പോഴാണ് ഡെന്നിന്റെ രോഗം വീട്ടുകാര്‍ തിരിച്ചറിയുന്നത്. പേശികള്‍ നിശ്ചലമായി. ശരീരം പതിയെ ക്ഷയിക്കാന്‍ തുടങ്ങി. ഒടുവില്‍ ശബ്ദവും നിലച്ചു. തോറ്റുപിന്മാറാന്‍ മകനെ അനുവദിച്ചില്ല അച്ഛനും അമ്മയും. ഡോക്ടറായിരുന്ന പിതാവ് ക്ഷമയോടെയും ജാഗ്രതയോടെയും മകനെ പരിചരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വച്ചു നടത്തിയ ചികിത്സയില്‍ ഡെന്നിന്റെ നാവിന് അല്‍പം ബലം വച്ചു. നാവ് പുറത്തേക്കു തള്ളിയ ഡെന്നിനു പുതിയൊരു ജീവിതം ലഭിച്ചതായി തിരിച്ചറിഞ്ഞു. നാവിന്‍തുമ്പത്ത് യൗവനാരംഭം വരേക്കും മറഞ്ഞിരുന്ന വാക്കുകള്‍ തിരിച്ചെത്തി, തികച്ചും ഒരു വര്‍ഷം കൊണ്ട്.
കാല്‍നൂറ്റാണ്ടോളം ഊമയെന്ന് കരുതിയ യുവാവു ജീവിതത്തിലേക്കു തിരിച്ചുവരവ് നടത്തിയത് കൊല്‍ക്കത്തയിലെ ഫ്രണ്ട്‌സ് എന്ന എഫ്.എം നിലയത്തില്‍ റേഡിയോ ജോക്കിയായായിരുന്നു. 2011ല്‍ തുടങ്ങിയ ഈ പ്രോഗ്രാമിനു ലക്ഷങ്ങളായിരുന്നു ആരാധകര്‍. അനായാസം ചലിക്കുന്ന ചുണ്ടുകളിലൂടെ ഒരു ദുരിതകാലത്തിന്റെ ഓര്‍മകളൊക്കെയും ഡെന്‍ വാക്കുകളായി കേള്‍പ്പിച്ചു. തനിക്കു വേണ്ടി ഒപ്പംനിന്ന വീട്ടുകാരെ കുറിച്ച്, തളരാതെ നിലയുറപ്പിച്ച മനസിനെക്കുറിച്ച്, തനിക്കകത്തെ മനശക്തിയെക്കുറിച്ച് അങ്ങനെയങ്ങനെ ഓരോ വാക്കിലും ശ്രോതാക്കളിലേക്ക് ഊര്‍ജം പ്രവഹിച്ചുകൊണ്ടിരുന്നു ഡെന്‍.

 

പ്രചോദനമായത് ജെസിക്കാ കോക്‌സ്

37 വയസുള്ള ഡെന്നിനു പ്രചോദനമായത് ഇരു കൈകളുമില്ലാതെ വിമാനം പറത്തി ഗിന്നസ് റെക്കോര്‍ഡിട്ട ജെസീക്ക കോക്‌സാണ്. മിടുക്കിയായിരുന്നു ജെസീക്ക. സ്വപ്നങ്ങളില്‍ മാത്രമല്ല ജീവിതത്തിലും അവള്‍ പറക്കുകയായിരുന്നല്ലോ.
മൗനത്താല്‍ നിറം മങ്ങിയ ഭൂതകാലത്തെ ശബ്ദംകൊണ്ടുതന്നെ തിരിച്ചുപിടിച്ചത് ഡെന്നിന്റെ അച്ഛന്‍ പബിത്ര ദേബിന്റെ തോല്‍ക്കാന്‍ തയാറില്ലാത്ത മനസാണ്. ഒപ്പം ഡെന്നിന്റെ ആത്മവിശ്വാസവും പ്രതീക്ഷയും. 2014ല്‍ ഏറ്റവും മികച്ച ബംഗാളി റേഡിയോ അവതാരകനുള്ള ഇന്ത്യന്‍ റേഡിയോ ഫോറത്തിന്റെ പുരസ്‌കാരം ഡെന്‍ എന്ന സായോം ദേബ് മുഖര്‍ജി ഏറ്റുവാങ്ങുമ്പോള്‍ അതു കാല്‍ നൂറ്റാണ്ടോളം ഊമയായ ഒരു യുവാവായിരുന്നുവെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരുന്നു. വൈകല്യങ്ങള്‍ അനുഭവിക്കുന്ന നിരവധി പേരിലേക്ക് ഇപ്പോള്‍ ഡെന്നിന്റെ വാക്കുകള്‍ പ്രചോദനാത്മകമായി ഒഴുകുന്നു. ആത്മവിശ്വാസവും കഠിനാധ്വാനവും നല്‍കാന്‍ തയാറുണ്ടോ, നിങ്ങള്‍ക്കു നിങ്ങളെ തന്നെ സമ്പൂര്‍ണമായി മാറ്റിയെടുക്കാമെന്നാണ് ഡെന്‍ പറയുന്നത്. വെളിച്ചം നിറഞ്ഞ ഈ വാക്കുകളെക്കാള്‍ മഹത്വം മറ്റേതിനുണ്ട്. വീല്‍ചെയറില്‍ തിരിയുന്ന ഈ യുവാവിന്റെ ജീവിതം നമുക്കും പാഠമാണ്. ഇല്ലായ്മകളിലേക്കു പരാതികളും പരിഭവങ്ങളും നിരാശകളും മാത്രം നിറച്ചു നോക്കരുതെന്ന പാഠം.
‘മരണം അനിവാര്യമാണ്. പക്ഷെ മരണത്തെക്കാള്‍ മോശമായി ഞാന്‍ കാണുന്നത് ജീവിതത്തില്‍ ഒന്നും തന്റേതായി ചെയ്യാത്തവരുടെ ജീവിതത്തെയാണ്. നമുക്ക് കുറവുകളും വൈകല്യങ്ങളും കൂടും തോറും അവയെ അതിജീവിക്കാന്‍ പ്രകൃതി ഒരു ശക്തി തരും. പലരും അതു കണ്ടെത്താറില്ല എന്നുമാത്രം’-ഒരു അഭിമുഖത്തില്‍ ഡെന്‍ പറഞ്ഞ വാക്കുകളാണിത്. വിധി അടിതെറ്റിക്കാിന്‍ നോക്കുമ്പോഴെല്ലാം ജീവിതത്തിനുനേരെ ഒരു നനുത്ത ചിരിയോടെ മുന്നേറാന്‍ കഴിയണമെന്നാണ് ഈ യുവാവ് പറഞ്ഞുവയ്ക്കുന്നത്.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരിയായ ഡെന്‍ ഇപ്പോള്‍ ബിരുദാനന്തര ബിരുദ പഠനം തുടരുകയാണ്. യാത്രകള്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഈ യുവാവ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും യാത്രചെയ്തിട്ടുണ്ട്. അമേരിക്കയും ബ്രസീലും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ടി.വിയും വായനയും കഥയെഴുത്തും പ്രചോദനാത്മകമായ പ്രഭാഷണവും പാട്ടും അങ്ങനെ പോകുന്നു ഡെന്നിന്റെ മനോഹരമായ ജീവിതം. ജീവിത വൈകല്യങ്ങളൊന്നുമില്ലാത്ത ആളുകള്‍ പോലും ജീവിക്കാന്‍ കഷ്ടപ്പെടുന്ന, നിരന്തരം ജീവിതത്തെ കുറിച്ചു പരാതികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ ലോകത്ത് ഒരു വിസ്മയം തന്നെയാണ് ഈ യുവാവിന്റെ ജീവിതം. ഓരോ മനുഷ്യനിലും വലിയ കഴിവുകളാണു നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്ന് ഡെന്നിന്റെ ജീവിതം നമുക്കു കാണിച്ചുതരുന്നു.

 

ജയിക്കാന്‍ മാത്രമുള്ള ജീവിതം

ഈ ജീവിതം വിജയിക്കാന്‍ മാത്രമുള്ളതാണെന്ന് ഒരിക്കല്‍ ഡെന്നിനെ കാണാന്‍ വന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. ഒരിക്കലും നിരാശയില്ലാതെ ശുഭകരമായ ചിന്തകള്‍ മാത്രം ചേര്‍ത്തുവച്ച് അവ സ്വന്തം ജീവിതത്തിന്റെ അനുഭവമാക്കി ലോകത്തിനു സമര്‍പ്പിക്കുകയാണ് ഡെന്‍. പ്രചോദനാത്മകമായ നിരവധി ക്ലാസുകളാണ് ഇപ്പോള്‍ ഡെന്‍ നല്‍കുന്നത്. ഒരാളുടെ ഭാവി നിശ്ചയിക്കുന്നത് അയാളുടെ മനോഭാവവും സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള ഇച്ഛാശക്തിയുമാണ്. അതാണ് ഈ യുവാവിന്റെ വിജയം.
നമുക്കു കൈകളുണ്ട്, കാലുകളുണ്ട്. എന്നിട്ടും നമുക്കുള്ളതു പരാതികളും പരിഭവങ്ങളും മാത്രം. സ്വന്തം പശ്ചാത്തലത്തിനുമപ്പുറം, ഇല്ലായ്മകള്‍ക്കുമപ്പുറം സ്വന്തം ജീവിതം കൊണ്ടു മറ്റുള്ളവര്‍ക്കു സുഗന്ധം പരത്താന്‍ ഡെന്നിനു കഴിയുന്നു. മനഃശക്തികൊണ്ട് എന്തും നേടാമെന്ന വിജയമന്ത്രമാണ് ഡെന്നിന്റെ ജീവിതം. നടക്കാന്‍ പ്രയാസമുണ്ടായിരുന്ന വ്യക്തിയാണു പിന്നീട് പ്രശസ്ത എഴുത്തുകാരനായി മാറിയ ചാള്‍സ് ഡിക്കന്‍സ്, അന്ധയും മൂകയും ബധിരയുമായിരുന്നു പിന്നീട് ലോകപ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഹെലന്‍ കെല്ലര്‍, കൂനുമായി ജീവിച്ചയാളാണു ചിത്തനായ പ്ലേറ്റോ, ബാല്യത്തില്‍ പോളിയോ ബാധിച്ചു കാലുകള്‍ തളര്‍ന്ന വ്യക്തിയായിരുന്നു പിന്നീട് അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ്, പോളിയോ ബാധിച്ചു നടക്കാന്‍ പോലും കഴിയാത്ത പെണ്‍കുട്ടിയാണ് പിന്നീട് ലോകത്തെ മികച്ച ഓട്ടക്കാരിയായി മാറിയ വില്‍മ റുഡോള്‍ഫ്. അക്കൂട്ടത്തിലിതാ കൈകളും കാലുകളും തളര്‍ന്നു വീല്‍ചെയറിലായ ജീവിതത്തിലും വിജയകഥകള്‍ രചിക്കുന്ന ഒരു കൊല്‍ക്കത്തക്കാരന്‍. ഇല്ലായ്മകളില്‍ പരിഭവിക്കാതെ അതിനെതിരേ പോരാടാന്‍ കഴിയണം. എല്ലാം ലഭിച്ചിട്ടും ചെറിയ പരാജയങ്ങളില്‍ പരിഭവിക്കുന്നവര്‍ ഒരു നിമിഷം ഡെന്നിന്റെ ജീവിതത്തിലേക്കു നോക്കുക. ഏതു സാഹചര്യത്തിലാണെങ്കിലും ജീവിതം തോറ്റുകൊടുക്കാനുള്ളതല്ല എന്ന സന്ദേശം ആ ജീവിതത്തില്‍ കാണാം.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ് ഒരിക്കല്‍ ഡെന്നിനെ കാണാന്‍ വീട്ടില്‍ വന്നു. എന്നിട്ട് നെറ്റിയില്‍ കൈവച്ച് കാതിലോതിയത് ഡെന്‍ ഇന്നും ഓര്‍ക്കുന്നു:”തളരരുത് സഹോദരാ, ഒരിക്കലും. എങ്ങനെ ജീവിക്കുന്നുവെന്നതല്ല, എന്തിനു ജീവിക്കുന്നുവെന്നതാണു കാര്യം. നിന്നില്‍ പ്രതീക്ഷയുടെ, ഇച്ഛാശക്തിയുടെ കൊടുമുടി എനിക്ക് കാണാനാകുന്നുണ്ട്.”
അതെ, ആ ഇച്ഛാശക്തിയുടെ കൊടുമുടിയിലിരുന്നാണ് ഡെന്‍ ഇപ്പോള്‍ വിജയക്കൊടുമുടികള്‍ കീഴടക്കിക്കൊണ്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.