2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Editorial

നോട്ട് നിരോധനം തകര്‍ത്തത് രാജ്യത്തിന്റെ നട്ടെല്ല്


 

 

രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കേന്ദ്ര സര്‍ക്കാരിന്റെ ‘സാമ്പത്തിക വിപ്ലവത്തിന്റെ’ ഭാഗമായ നോട്ട് നിരോധനം മൂന്നു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇന്നലെ ആ ‘വിപ്ലവ’ത്തിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കൊന്നും മിണ്ടാട്ടമില്ലായിരുന്നു.
സാമ്പത്തിക റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടാണെന്നു കണ്ടെത്തിയതും കേന്ദ്ര സര്‍ക്കാരിനു തിരിച്ചടിയായിരിക്കുകയാണ്. സാമ്പത്തിക സ്ഥിരതയില്‍നിന്ന് നെഗറ്റീവ് ആയാണ് ഇന്ത്യയുടെ റേറ്റിങ് മൂഡീസ് കുറിച്ചത്. രാജ്യത്തെ കരകയറ്റാന്‍ പഠിച്ച പണി മുഴുവന്‍ പയറ്റിയിട്ടും സാമ്പത്തികസ്ഥിതി പിന്നോട്ടാണെന്ന് മൂഡീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍- ജൂണ്‍ പാദത്തിലെ വളര്‍ച്ചയാണ് മൂഡീസ് വിലയിരുത്തിയത്. അതേസമയം, സര്‍ക്കാര്‍ നടത്തുന്ന ഉത്തേജന പാക്കേജുകള്‍ മാന്ദ്യത്തിന്റെ രൂക്ഷത കുറയ്ക്കുമെന്നു തന്നെയാണ് മൂഡീസിന്റെ വിലയിരുത്തല്‍. 2017ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ റേറ്റിങ് കൂടുതലായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പ്രതിഫലനമായാണ് ഇതിനെ അന്നു ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിനു ശേഷം മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വന്ന ഇതേ ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളുകയാണ്.
അതിനിടെ, പരിഷ്‌കരണ പദ്ധതികളുടെ അഭാവംമൂലം തൊഴില്‍ക്ഷാമവും രൂക്ഷമായി. ഈ റിപ്പോര്‍ട്ടിനെതിരേ ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തുവന്നെങ്കിലും സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ കേന്ദ്രത്തെ തിരിഞ്ഞുകുത്തുകയാണ്. സെപ്റ്റംബറില്‍ അവസാനിച്ച കഴിഞ്ഞ ആറുമാസത്തെ കണക്കില്‍ നികുതിപിരിവ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം എന്താണെന്ന് വിശദീകരിക്കാനാകാതെ കുഴങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. സാധാരണക്കാരുടെ ജീവിതം അനുദിനം പ്രതിസന്ധിയിലാകുന്നു. വിലക്കയറ്റം രൂക്ഷമാകുന്നു. ഉയര്‍ന്ന ഇന്ധനവിലയും പ്രതികൂല കാലാവസ്ഥയിലെ വിളനാശവും വിലക്കയറ്റത്തിനു കാരണവുമാകുന്നു. ഇതിനോട് വികലമായ സാമ്പത്തികനയങ്ങള്‍ ചേര്‍ന്നുവന്നപ്പോള്‍ പൂര്‍ണാര്‍ഥത്തില്‍ ഇരുട്ടടിയുമായി.
രാജ്യത്തിന്റെ പ്രധാന വരുമാനം കൃഷിയിലൂടെയാണ്. കര്‍ഷകരാണ് രാജ്യത്തിന്റെ ആത്മാവ്. ഗ്രാമീണജനതയുടെ ജീവിതനിലവാരം മനസിലാക്കാതെ കാഷ്‌ലെസ് എക്കോണമിയിലേക്ക് പൊടുന്നനെ എടുത്തുചാടാന്‍ തുനിഞ്ഞതാണ് സര്‍ക്കാരിനു തിരിച്ചടിയായത്. കര്‍ഷകരുടെ പ്രശ്‌നങ്ങളെ ശാസ്ത്രീയവും സമഗ്രവുമായ രീതിയില്‍ പരിഹരിക്കുകയായിരുന്നു യഥാര്‍ഥത്തില്‍ ചെയ്യേണ്ടിയിരുന്നത്. ഉല്‍പാദനം വര്‍ധിക്കുകയും സേവനമേഖലകള്‍ മെച്ചപ്പെടുകയും ചെയ്യുമ്പോള്‍ അതോടൊപ്പം എല്ലാ മേഖലയിലും വളര്‍ച്ച കാണാമായിരുന്നു. ഉത്തേജന പാക്കേജുകള്‍ ഇടത്തരക്കാരെയും കര്‍ഷകരെയും ലക്ഷ്യമാക്കിയുള്ളതായിരുന്നില്ല. കോര്‍പറേറ്റുകളെ വളര്‍ത്താന്‍ അതു സഹായിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് മാത്രമായിരുന്നു ഇതിനായി ലക്ഷ്യംവച്ചത്. എന്നാല്‍ ഇതു രാജ്യത്തെ ഭൂരിഭാഗം ജനതയുടെയും ജീവിതം പ്രതിസന്ധിയിലാക്കി.
മൂന്നാം വാര്‍ഷികത്തിലും സമൂഹമാധ്യമങ്ങള്‍ ഇത് ഓര്‍മപ്പെടുത്തുന്നുണ്ട്. മോദി അങ്ങാടിയിലേക്ക് വരൂ, നോട്ട് നിരോധനം ദുരന്തം തുടങ്ങിയവാണ് ഇന്നലത്തെ ട്രെന്റിങ് വാക്കുകള്‍. നോട്ട് നിരോധനം സാധാരണക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഭീതിയെ കവിതയായി അവതരിപ്പിച്ചായിരുന്നു ശശി തരൂര്‍ എം.പിയുടെ ട്വീറ്റ്. നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കുമേല്‍ ഏല്‍പ്പിച്ച ആഘാതം ചൂണ്ടിക്കാട്ടുന്ന ആയിരക്കണക്കിനു ട്വീറ്റുകളും പോസ്റ്റുകളുമാണ് ഇന്നലെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഇതില്‍ ഏറെയും പ്രമുഖ സാമ്പത്തിക വിദഗ്ധരുടെയും ഗവേഷകരുടേതുമായിരുന്നു. മൂന്നു ലക്ഷം കോടി രൂപയുടെ കുറവാണ് ജി.ഡി.പിയില്‍ ഉണ്ടായതെന്നും 25 ലക്ഷം തൊഴിലുകള്‍ ഇല്ലാതാക്കിയെന്നുമാണു കുറിപ്പുകള്‍. നോട്ട് നിരോധനത്തിനു പിന്നാലെ സാമ്പത്തിക വ്യവസ്ഥ പൂര്‍വസ്ഥിതിയിലാക്കാന്‍ എനിക്ക് 50 ദിവസം തരൂ, തന്റേത് തെറ്റാണെങ്കില്‍ ശിക്ഷിക്കൂ എന്നു പ്രധാനമന്ത്രി പ്രസംഗിച്ച വിഡിയോകളും വ്യാപകമായി പ്രചരിച്ചു. നോട്ട് നിരോധനം ദുഷ്‌കരമായി ബാധിച്ച പൊതുജനങ്ങളുടെ പ്രതികരണങ്ങളും രോഷവും പലരും പങ്കുവച്ചു.
രാജ്യം 70 വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണു പ്രതിപക്ഷം പറയുന്നത്. കള്ളപ്പണം തടയാന്‍ മോദി സര്‍ക്കാരിന്റെ ഏറ്റവും ധീരമായ നടപടിയാണ് നോട്ട് നിരോധനമെന്നു സംഘ്പരിവാര്‍ അവകാശപ്പെടുമ്പോഴാണ് കണക്കുകളും യാഥാര്‍ഥ്യങ്ങളും തിരിച്ചടിയായത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി രൂപയാണ് അസാധുവാക്കപ്പെട്ടത്. ഇതില്‍ 99.3 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതോടെയാണ് നോട്ട് നിരോധനം പരാജയമാണെന്ന വിമര്‍ശനം ഉയര്‍ന്നത്. ഏതാണ്ട് മൂന്നു ലക്ഷം കോടി രൂപയ്ക്കുള്ള പഴയ കറന്‍സി നോട്ടുകള്‍ കള്ളപ്പണമോ കള്ളനോട്ടോ ആണെന്നും അവ ബാങ്കുകളിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്നുമാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ 99.3 ശതമാനവും തിരികെ എത്തിയതോടെ കള്ളപ്പണം ഇല്ലാതാക്കുന്ന നടപടി പൂര്‍ണമായി പരാജയപ്പെട്ടുവെന്നു വ്യക്തമായി.
കള്ളപ്പണം, കള്ളനോട്ട് ഇടപാടുകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടായി എന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഫിനാന്‍സ് ഇന്റലിജന്‍സ് യൂനിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും നടന്ന സംശയാസ്പദമായ ധനകാര്യ അക്കൗണ്ടുകള്‍ 2015-16ല്‍ 1,05,973 ആയിരുന്നത് 2016-17 ല്‍ 4,73,006 ആയി വര്‍ധിച്ചു. ബാങ്കുകളില്‍ കിട്ടിയ കള്ളനോട്ടുകളുടെ റിപ്പോര്‍ട്ടുകളുടെ എണ്ണത്തിലും ഇതേ വര്‍ധനവുണ്ടായി. 2015-16ല്‍ 4,10,899 ആയിരുന്നത് 2016-17ല്‍ 7,33,508 ആയി വര്‍ധിച്ചു. അതായത്, കള്ളനോട്ട് വര്‍ധിച്ചത് 78 ശതമാനം.
നോട്ട് നിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അരക്കോടി കവിഞ്ഞു. ഇതു കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ്. ഇതിനിടെ മൂന്നു വര്‍ഷം മുന്‍പ് ഇറക്കിയ 2000 രൂപയുടെ നോട്ടുകളുടെ അച്ചടി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചതായാണു വിവരം. 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് നോട്ട് നിരോധന വാര്‍ഷികം കടന്നുപോയത്. ഭരണാധികാരികളുടെ വികലമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ജനതയെ എങ്ങനെ ബാധിക്കുമെന്ന ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തെ അനുഭവം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.