2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ഈ ചെകിട്ടത്തടി എന്തിനായിരുന്നു

ഗിരീഷ് കെ. നായര്‍ kgirishk@gmail.com

2016 നവംബര്‍ എട്ടാം തിയതി രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ടി.വി, റേഡിയോകളിലൂടെ പുറത്തുവന്നു. രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതായിരുന്നു അത്. നോട്ടിനു മൂല്യമില്ലാതായതോടെ ജനത പരക്കം പാഞ്ഞു. കഷ്ടപ്പാടിന്റെ പ്രളയക്കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മുന്നറിയിപ്പില്ലാതെ വന്ന നിരോധനം പാവപ്പെട്ടവരെയാണ് ഏറെ കഷ്ടപ്പെടുത്തിയത്.
രാജ്യത്ത് കള്ളപ്പണത്തിന്റെ സമാന്തര സമ്പദ് വ്യവസ്ഥയുണ്ടെന്നും കള്ളനോട്ടും കുഴല്‍പ്പണവും നോട്ടിരട്ടിപ്പും പണം ഭീകരവാദികളിലും വിധ്വംസക പ്രവര്‍ത്തകരിലുമെത്തുന്നതും തടയാനാണിതെന്നും പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അതു ജനം വിശ്വസിച്ചു. നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക അരാജകത്വം സൃഷ്ടിച്ച അന്തരീക്ഷത്തില്‍നിന്ന് ജനങ്ങള്‍ മുക്തമായിട്ടേയുള്ളൂ. ഇപ്പോള്‍ ഇതാ റിസര്‍വ് ബാങ്ക് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയിരിക്കുന്നു. ജനം വാപൊളിച്ചുപോകുന്നു.

പരീക്ഷണം സാഹസികം
രാജ്യത്തെ ജനങ്ങളെ സാഹസികചൂതാട്ടത്തിലൂടെ പരീക്ഷിക്കുന്നതായിരുന്നു നോട്ട് നിരോധനം. പ്രചാരത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി രൂപയാണ് ഒറ്റ രാത്രി കൊണ്ട് നിരോധിക്കപ്പെട്ടത്. കള്ളപ്പണം കൂട്ടിവച്ചവരെ പിടിക്കാമെന്ന ലക്ഷ്യമുണ്ടായിരുന്നുവെങ്കിലും അത്തരക്കാരുണ്ടോ എന്നോ ഈ മാര്‍ഗം അതിനുപര്യാപ്തമാണോ എന്നോ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലേ എന്നോ മുന്‍പിന്‍ നോക്കാതെ ഒരു ചൂതാട്ടമായിരുന്നു നോട്ടു നിരോധനം. മൂന്നു ലക്ഷം കോടി രൂപ തിരികെ വരില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നികുതി വെട്ടിക്കാന്‍ സ്വരൂപിച്ചിരിക്കാം ഇത്രയും പണമെന്നും അത് ബാങ്കിലേക്കെത്തില്ലെന്നും കരുതിയ മോദിയും പരിവാരവും മൂഢസ്വര്‍ഗത്തിലായിരുന്നു എന്നാണ് പുതിയ കണക്കുകള്‍ വെളിവാക്കുന്നത്.
നിലവില്‍ 99.3 ശതമാനം നിരോധിച്ച നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. അതായത് 15.31 ലക്ഷം കോടിയുടെ നോട്ടുകള്‍ തിരിച്ചെത്തി. ഇതിനര്‍ഥം 10,720 കോടി ഇനിയും തിരിച്ചെത്തിയിട്ടില്ല എന്നാണ്. കള്ളനെ പിടിച്ചു എന്നു പറയാന്‍ വരട്ടെ. ഈ പണത്തിന്റെ നല്ലൊരു പങ്കും ഭൂട്ടാന്‍, നേപ്പാള്‍ രാജ്യങ്ങളില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അപ്പോള്‍ നിരോധിച്ചത് എന്തിന്, ആരെ പിടിക്കാന്‍.

ഭാരം ജനങ്ങള്‍ക്ക്
നോട്ട് നിരോധനം ശീതീകരിച്ച മുറിയിലിരുന്ന് പ്രധാനമന്ത്രി തട്ടിവിട്ടപ്പോള്‍ പൊരിവെയിലില്‍ അധ്വാനിച്ചതിനു കിട്ടിയ 500 രൂപയുടെ മൂല്യം രാവിരുട്ടിവെളുത്തപ്പോള്‍ ഇല്ലാതായതില്‍ മുറവിളി കൂട്ടിയവന്റെ വേദനയാണ് പിന്നീട് കണ്ടത്. രണ്ടായിരം പൊതിയാതേങ്ങയായിരുന്നു പലര്‍ക്കും. ചില്ലറ ക്ഷാമം വലച്ച നാളുകള്‍. വിപണികള്‍ തകര്‍ന്നടിഞ്ഞു. സാമ്പത്തിക അരാജകത്വത്തിന്റെ നാളുകളായിരുന്നു അത്. നോട്ട് നിരോധനത്തിന്റെ 50 ദിവസം കൊണ്ട് 1.28 ലക്ഷം കോടിയുടെ അധികച്ചെലവുണ്ടായെന്നാണ് കണക്കുകള്‍. ആര്‍.ബി.ഐയുടെ വരുമാനം പകുതിയോളം കുറഞ്ഞു. പ്രതിശീര്‍ഷ വരുമാനത്തില്‍ 1.5 ശതമാനത്തിന്റെ ഇടിവ്. അതുമാത്രം 2.25 ലക്ഷം കോടിയുടെ നഷ്ടം പ്രതിവര്‍ഷമുണ്ടാക്കുന്നു.
ഇതൊക്കെ അറിയാത്തവരാണോ മണ്ടന്‍ തീരുമാനങ്ങളെടുത്തത്. അജ്ഞത കൊണ്ടാണെന്നു കരുതാനുമാവില്ല. കാരണം ഇപ്പോഴും കേന്ദ്രം നോട്ടു നിരോധനത്തെ പ്രതിരോധിക്കുന്നു. നിരോധനത്തോടെ കോടിക്കണക്കിന് രൂപയാണ് ചില വ്യക്തികള്‍ ബാങ്കുകളിലെത്തിച്ചിരിക്കുന്നതെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ പരിശോധിക്കുകയാണെന്നുമാണ് പുതിയ നിലപാട്.

നൂറാണോ കള്ളന്‍
അഞ്ഞൂറും ആയിരവുമാണ് കള്ളനോട്ടുകളെന്നും പൂഴ്ത്തിവയ്ക്കുന്നതെന്നും പ്രത്യക്ഷത്തില്‍ കരുതാനുണ്ടായ കാരണം നിസാരം. വലിയ തുകയായതിനാല്‍ പൂഴ്ത്തിവയ്ക്കാം, ഒരു കള്ളനോട്ട് അടിച്ചാല്‍പോലും മൂല്യം നേടാം. എന്നാല്‍, നൂറു രൂപയുടെ കള്ളനോട്ടുകളെത്രയെന്നോ അതിനു താഴേക്കുള്ള മൂല്യത്തിലുള്ള നോട്ടുകളുടെ കള്ളനെത്രയെന്നോ കേന്ദ്രം അറിയാത്തതാണോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.
ഒരിക്കലെങ്കിലും നൂറു രൂപയുടെ കള്ളനോട്ട് നമ്മുടെ കൈകളില്‍ കൂടി കടന്നുപോയിട്ടുണ്ടാവുമെന്ന് കണക്കുകള്‍ പറയുന്നു. 2017-2018 കാലത്ത് രാജ്യത്ത് പിടികൂടിയ കറന്‍സി നോട്ടുകളില്‍ 45.75 ശതമാനവും 100 രൂപയുടേതായിരുന്നു എന്ന ആര്‍.ബി.ഐ കണക്ക് ഞെട്ടിക്കുന്നതാണ്. 100 രൂപയുടെ രണ്ടരലക്ഷത്തോളം കള്ളനോട്ടുകളാണ് പ്രചാരത്തിലെന്നാണ് കണക്കുകള്‍.
നോട്ട് നിരോധിച്ച് കള്ളനോട്ട് പിടിക്കാമെന്ന പൂതി നടക്കില്ലെന്നാണ് അനുമാനിക്കേണ്ടത്. മുമ്പ് അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ നോട്ടുകള്‍ അച്ചടിക്കുന്നതിനു പകരം കള്ളന്‍മാര്‍ ഇപ്പോള്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ സുരക്ഷിതമായി അടിച്ചുകൂട്ടുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രാജ്യത്ത് പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും വ്യാജന്‍മാര്‍ ഇരട്ടിയോളമെത്തിയിരിക്കുന്നെന്നാണ് അന്വേഷകര്‍ പറയുന്നത്. ഇനിയും നിരോധനം വന്നേക്കുമോ?

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.