2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജമ്മുവും ചോദിക്കുന്നു, ഇതെന്ത് നരകമാണ്?

കെ.എ സലിം 8848001385

 

കശ്മിരില്‍ 370ാം വകുപ്പ് ഇല്ലാതാക്കുന്നതോടെ തുടര്‍ന്നങ്ങോട്ട് സംസ്ഥാനത്തിന് വച്ചടിവച്ചടി കയറ്റമായിരിക്കുമെന്നായിരുന്നല്ലോ പ്രചാരണം. കശ്മിരിന്റെ വികസനത്തിന് തടസ്സമായ നെഹ്‌റുവിയന്‍ സൃഷ്ടിയായ ഫ്രാന്‍കസ്‌റ്റൈന്‍ ഭൂതത്തെ കൊല ചെയ്ത അമിത് ഷാ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വീരപുരുഷനായി വാഴ്ത്തപ്പെട്ടു. അഞ്ചു മാസങ്ങള്‍ക്ക് ശേഷം കശ്മിര്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന് പരിശോധിക്കേണ്ട സമയമാണ്.
ഒറ്റ രാഷ്ട്രം, ഒറ്റ നിയമം എന്ന സര്‍ക്കാര്‍ വായ്ത്താരി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവിയ്ക്കും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നിയമം വ്യാപിപ്പിച്ചതിനും ശേഷം സംഘ്പരിവാറിന് വീണ്ടും എടുത്തുയര്‍ത്താന്‍ കഴിയാത്ത ഭാരമുള്ള ഒന്നായിട്ടുണ്ട്. സൈന്യത്തിന്റെ ഉരുക്കുമുഷ്ടിയും ഇന്റര്‍നെറ്റ് നിയന്ത്രണവും മാത്രമല്ല, കശ്മിരിനെ ദുരിതത്തിലാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ഒറ്റയടിക്ക് കേന്ദ്രഭരണ പ്രദേശമാക്കിയതോടെ ഏഴു പതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ചുവന്ന ഭരണ സംവിധാനങ്ങള്‍ ഇല്ലാതായി. പകരം കൊണ്ടുവരാന്‍ കഴിയാത്ത വിധം കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു നില്‍ക്കുന്നു. നിലവിലുണ്ടായിരുന്ന ഭരണഘടനാ സ്ഥാപനങ്ങളും ഇല്ലാതായി. നന്നായി പ്രവര്‍ത്തിച്ചിരുന്ന അഞ്ചു കമ്മിഷനുകളാണ് കശ്മിരില്‍ അസാധുവായത്. മനുഷ്യാവകാശ കമ്മിഷനും വിവരാവകാശ കമ്മിഷനും ഇതിലുണ്ട്. നിലവിലുള്ള ചട്ടങ്ങള്‍ റദ്ദായതോടെ പുതിയ ചട്ടം രൂപീകരിക്കാനും വീണ്ടും പ്രവര്‍ത്തനം നടത്താനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇന്റര്‍നെറ്റ് മാത്രമല്ല, അഞ്ചു മാസത്തിലധികമായി ഒന്നും പ്രവര്‍ത്തിക്കാത്ത കശ്മിരാണ് നമ്മുടെ മുന്നിലുള്ളത്.
370ാം വകുപ്പ് എടുത്തുകളഞ്ഞ് കശ്മിരിനെ രണ്ടായി വിഭജിച്ച ഹിംസയെ കൈയടിച്ചഭിനന്ദിച്ച ജമ്മു ഇപ്പോള്‍ കേന്ദ്രത്തിനൊപ്പമില്ല. നിയന്ത്രണത്തിന്റെ ചൂടും പുകയും അഞ്ചു മാസങ്ങള്‍ക്കു ശേഷമെങ്കിലും ജമ്മുവിനെയും ബാധിച്ചു തുടങ്ങിയതോടെ അവരും കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇന്റര്‍നെറ്റ് നിയന്ത്രണവും ഭരണസ്തംഭനവും ഹിന്ദുഭൂരിപക്ഷ പ്രദേശമായ ജമ്മുവില്‍ക്കൂടി അസ്വസ്ഥതയുണ്ടാക്കുന്നുവെന്നത് കേന്ദ്രസര്‍ക്കാര്‍ നല്ല വാര്‍ത്തയായി കാണുന്നില്ല. ജമ്മുവിന്റെ വായടക്കാന്‍ പാകിസ്താന്‍ ഭീകരതയെക്കുറിച്ചുള്ള സംഘ്പരിവാറിന്റെ പതിവ് ഉപചാപങ്ങള്‍ മതിയാവില്ല. തൊഴിലില്ലായ്മ ജമ്മുവില്‍ രൂക്ഷമാണ്. ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നില്ല. കയറ്റുമതി മേഖല സ്തംഭിച്ചു. കശ്മിരിനൊപ്പം ജമ്മുവിലും ഫോണില്‍ ഇന്റര്‍നെറ്റില്ല. കശ്മിരില്‍ നിന്ന് ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോള്‍ ജമ്മു മേഖലയിലെത്തിയാല്‍ പോസ്റ്റ് പെയ്ഡ് ഫോണുകളില്‍ എസ്.എം.എസുകള്‍ ലഭ്യമാകുമെന്നത് മാത്രമാണ് ഏക വ്യത്യാസം. പരിമിതമായ തോതില്‍ ബ്രോഡ്ബാന്‍ഡ് സര്‍വിസുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നുമാവില്ല. ജമ്മുവും കടന്ന് പഞ്ചാബിലെത്തിയാല്‍ മാത്രമേ ഇന്റര്‍നെറ്റ് ലഭ്യമായിത്തുടങ്ങൂ.
വ്യവസായ മുരടിപ്പ് ജമ്മുവില്‍ പ്രകടമാണ്. മൊബൈല്‍ ആപ്പ് കേന്ദ്രീകരിച്ചുള്ള എല്ലാ വ്യവസായങ്ങളും സേവനങ്ങളും ഇല്ലാതായി. കശ്മിരികളെ പാഠം പഠിപ്പിക്കാനായിരുന്നില്ലേ ഇതെല്ലാം. പിന്നെന്തിന് ഞങ്ങളെക്കൂടി ബുദ്ധിമുട്ടിക്കുന്നുവെന്ന ചോദ്യമെങ്കിലും ജമ്മുവിലെ ഹിംസാത്മക ഹിന്ദുത്വവാദികള്‍ പോലും ചോദിച്ചു തുടങ്ങിയിട്ടുണ്ട്.
എക്കാലത്തും ജമ്മുകശ്മിരിലെ ഉദ്യോഗസ്ഥ തലങ്ങളില്‍ വലിയൊരു വിഹിതം കൈയാളിയിരുന്നവരാണ് ജമ്മു നിവാസികള്‍. കശ്മിരിലുള്ള 300 ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ 200ല്‍ കൂടുതലും ജമ്മുവില്‍ നിന്നുള്ളവരാണ്. ഭരണസ്തംഭനം അവരുടെ അവസരങ്ങളെയും ഇല്ലാതാക്കിയിട്ടുണ്ട്. കശ്മിരിലേക്ക് ജമ്മുവഴിയുള്ള ടൂറിസവും കശ്മിരികളുടെ ഡല്‍ഹിയിലേക്കുള്ള പോക്കുവരവുകളുമായിരുന്നു ജമ്മു നഗരത്തിലെ വാണിജ്യസാമ്പത്തിക മേഖലയെ ചലിപ്പിച്ചു നിര്‍ത്തിയിരുന്നത്. കശ്മിരിനുണ്ടാക്കുന്ന ഏതൊരു നിയന്ത്രണവും ജമ്മുവിനെയും ബാധിക്കുമെന്നത് കൂടി ഇപ്പോള്‍ ജമ്മു തിരിച്ചറിയുന്നുണ്ട്.
ജമ്മു കശ്മിരിന് എന്തെല്ലാം ഇല്ലാതായെന്നറിയാന്‍ അവിടെ എന്തെല്ലാം ഉണ്ടായിരുന്നുവെന്ന ചോദ്യത്തില്‍ നിന്ന് തുടങ്ങണം. സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസം എന്നീ മേഖലയില്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളും ഉയര്‍ന്നു നില്‍ക്കുന്നവരായിരുന്നു കശ്മിരികള്‍. 1957ല്‍ ദക്ഷിണേഷ്യയില്‍ തന്നെ സന്തോഷകരമായ കുട്ടിക്കാലം ഭരണഘടനാപരമായി അവകാശമാക്കിയ ആദ്യത്തെ സംസ്ഥാനമായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം കശ്മിരില്‍ വന്നത് 1957ലാണ്. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ വന്നത് 2011ലും. വനിതാ – ശിശുക്ഷേമ കമ്മിഷന്‍, വിവരാവകാശ കമ്മിഷന്‍, പട്ടികജാതി കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവയെല്ലാമുണ്ടായിരുന്നു.
വിവരാവകാശ നിയമമുണ്ട്. സംവരണ നിയമമുണ്ട്. 10 ശതമാനം പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണമുണ്ട്. 12 ശതമാനം സംവരണം പട്ടിക വര്‍ഗവിഭാഗത്തിനുണ്ട്. ഈസ്റ്റ് പാകിസ്താനില്‍ (ഇന്നത്തെ ബംഗ്ലാദേശ്) നിന്ന് ഇവിടേക്ക് അഭയാര്‍ഥികളായി എത്തിയവര്‍ക്ക് എല്ലാ അവകാശങ്ങളും നല്‍കിയിട്ടുണ്ട്. കേന്ദ്ര ഭരണ പ്രദേശമായതോടെ ഈ നിയമങ്ങളും കമ്മിഷനുകളുമെല്ലാം ഇല്ലാതായി. നിയന്ത്രണങ്ങളോടെ വിഭ്യാഭ്യാസ നിലവാരം താഴോട്ടു പോയി. സംവരണ നിയമം ഇല്ലാതായി. വിവരാവകാശ കമ്മിഷന്‍ മാത്രം ഇല്ലാതായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നോക്കുക. 364 കേസുകളാണ് കമ്മിഷന്റെ പരിഗണനയിലുണ്ടായിരുന്നത്. ഈ കേസുകളുടെ ഭാവി അനിശ്ചിതത്വത്തിലായി. കശ്മിര്‍ പുനഃസംഘടനാ നിയമം പാസാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുള്ള വിവരാവകാശ നിയമം കശ്മിരിലേക്കും ബാധകമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവ് പുറപ്പെടുവിക്കണം. അപേക്ഷ നല്‍കാനുള്ള സംവിധാനമായിട്ടില്ല. പഴയ കമ്മിഷന്റെ മുന്നിലുള്ള അപേക്ഷകള്‍, കേസുകള്‍ എന്നിവയ്ക്ക് എന്തു സംഭവിക്കുമെന്നും വ്യക്തമായിട്ടില്ല.
131 പരാതികള്‍, 233 സെക്കന്റ് അപ്പീലുകള്‍ എന്നിവയാണ് പഴയ കമ്മിഷനു മുന്നില്‍ ബാക്കിയുള്ളത്. ഇത് പുതിയ കമ്മിഷനിലേക്ക് മാറ്റണമെങ്കില്‍ അതിനും ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. പഴയ കേസുകള്‍ പഴയ നിയമപ്രകാരമാണോ അതോ ഇപ്പോള്‍ ബാധകമായ നിയമപ്രകാരമാണോ പരിഗണിക്കേണ്ടത്? നേരത്തെ അപ്പീല്‍ നല്‍കിയവര്‍ വീണ്ടും അപ്പീല്‍ നല്‍കേണ്ടതുണ്ടോ തുടങ്ങിയ അനവധി കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്.
ജമ്മുകശ്മിര്‍ സംസ്ഥാന വിവരാവകാശ നിയമവും ഇപ്പോള്‍ ബാധകമായ രാജ്യത്തെ വിവരാവകാശ നിയമവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പഴയ നിയമത്തിന് സുതാര്യത കൂടുതലാണ്. കുറച്ചു കാര്യങ്ങള്‍ മാത്രമേ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. ഇത് പുതിയ നിയമപ്രകാരം പരിഗണിക്കാനാവില്ല. പഴയ നിയമപ്രകാരം കമ്മിഷണര്‍മാര്‍ അപ്പീലുകളില്‍ 120 ദിവസം കൊണ്ട് തീര്‍പ്പുണ്ടാക്കണം. എന്നാല്‍ രാജ്യത്ത് നിലവിലുള്ള നിയമത്തില്‍ അങ്ങനെയൊരു കാലാവധി നിശ്ചയിച്ചിട്ടില്ല. ഇതെ പ്രശ്‌നം മറ്റു കമ്മിഷനുകളിലുമുണ്ട്. വെറുമൊരു ഇന്റര്‍നെറ്റ് സ്തംഭനം മാത്രമല്ല കശ്മിര്‍ നേരിടുന്ന ദുരിതം. ഒരു സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കുകയാണത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.