2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡില്‍ മുങ്ങിപ്പോയ ഡല്‍ഹി വംശഹത്യ

കാസിം ഇരിക്കൂര്‍

 

കൊവിഡ് -19 പകര്‍ച്ചവ്യാധിയും അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സൃഷ്ടിച്ച പരിഭ്രാന്തിയും ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് നരേന്ദ്രമോദി സര്‍ക്കാരിനും ഹിന്ദുത്വ സംഘടനകള്‍ക്കുമാണ്. ഡല്‍ഹിയില്‍ ഫെബ്രുവരി 23 – 26 തിയതികളില്‍ നടമാടിയ ഏകപക്ഷീയ ന്യൂനപക്ഷവിരുദ്ധ വംശഹത്യയുടെയും കൂട്ടനശീകരണത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് കൊവിഡ് കയറിവന്നതും മാധ്യമശ്രദ്ധ മുഴുവന്‍ മറ്റൊരു വഴിക്ക് തിരിച്ചുവിട്ടതും. അതോടെ, 2002ല്‍ മോദിയുടെ ആശീര്‍വാദത്തോടെ ഗുജറാത്തില്‍ അരങ്ങേറിയ മുസ്‌ലിംവിരുദ്ധ കൂട്ടക്കൊലക്കുശേഷം രാജ്യം സാക്ഷ്യംവഹിക്കേണ്ടിവന്ന മനുഷ്യക്കുരുതിയുടെയും ആസൂത്രിത ഉന്മൂലനത്തിന്റെയും ഞെട്ടിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ വിസ്മരിക്കപ്പെടുകയോ തമസ്‌കരിക്കപ്പെടുകയോ ചെയ്തു. കലാപത്തില്‍ പരുക്കേറ്റവരും കൈകാലുകള്‍ നഷ്ടപ്പെട്ടവരും ഇപ്പോഴും ആശുപത്രികളിലാണ്. ജീവിതപ്പെരുവഴിയില്‍ വലിച്ചെറിയപ്പെട്ടവരെ കുറിച്ചോ തല ചായ്ക്കാനുള്ള കൂര കത്തിച്ചാമ്പലായ ഹതഭാഗ്യരെ കുറിച്ചോ ആരും ഒരക്ഷരം മിണ്ടുന്നില്ല. അതിനിടയിലാണ് കൊവിഡിനെ തുരത്താന്‍ ബാല്‍ക്കണിയിലിറങ്ങിയോ ഉമ്മറപ്പടിയില്‍ നിന്നോ കിണ്ണം മുട്ടാന്‍ പ്രധാനമന്ത്രി മോദി രാജ്യവാസികളോട് ആഹ്വാനം ചെയ്തത്.

ഡല്‍ഹിയില്‍ വര്‍ഗീയവാദികള്‍ തീവച്ച് നശിപ്പിച്ച 14 പള്ളികള്‍ ഇപ്പോഴും ആരാധനായോഗ്യമല്ലാതെ പൂട്ടിക്കിടക്കുകയാണ്. കെജ്‌രിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ഇതുവരെ അര്‍ഹിക്കുന്നവരെ തേടിയെത്തിയിട്ടില്ല. അക്രമികള്‍ കത്തിച്ചാമ്പലാക്കിയ വീടുകളും കടകളും കലാപത്തിന്റെ ബാക്കിപത്രമായി ശേഷിക്കുന്നു. പക്ഷേ, മീഡിയ ആ ദിശയില്‍നിന്ന് കാമറ എടുത്തുമാറ്റി എന്നുമാത്രമല്ല, തെറ്റായ വിശകലനങ്ങളും അവലോകനങ്ങളും വഴി ഇരകളെ പ്രതിക്കൂട്ടില്‍ കയറ്റാനും ലോകത്തിന്റെ കണ്‍വെട്ടത്തില്‍വച്ച് നടത്തിയ അറുകൊലക്കും കൊള്ളക്കും നശീകരണ യത്‌നങ്ങള്‍ക്കുമെല്ലാം പുതിയ വ്യാഖ്യാനങ്ങള്‍ ചമക്കുകയുമാണ്. അക്രമത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്ര 24 മണിക്കൂറും ‘വൈ കാറ്റഗറി’ സുരക്ഷാബന്തവസില്‍ തലസ്ഥാന നഗരിയില്‍ വിഹരിക്കുമ്പോള്‍ സ്വന്തംവീട് പോലും അഗ്‌നിക്കിരയായ ഡല്‍ഹി എം.എല്‍.എ താഹിര്‍ ഹുസൈനെ അങ്കിത് ശര്‍മ എന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ പ്രതി ചേര്‍ത്ത് ജയിലില്‍ അടച്ചിരിക്കയാണ്. ചാന്ദ്ബാഗിനും കരാവല്‍ നഗറിനുമിടയില്‍ പ്രക്ഷുബ്ധത മുറ്റിനിന്ന സന്ദര്‍ഭത്തില്‍ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിയ ഇന്റലിജന്‍സ് ഓഫിസറെ ‘ജയ് ശ്രീറാം’എന്ന മുദ്രാവാക്യം മുഴക്കി ഇരച്ചുകയറിയ സംഘം പിടിച്ചുവലിച്ച് ഇഴച്ചുകൊണ്ടുപോകുന്നത് കണ്ടവരുണ്ട്. ഒടുവില്‍, മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം ഓവുചാലില്‍നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

അങ്കിതിനെ കൊന്നത് മുസ്‌ലിം കലാപകാരികളാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് രാജ്യസ്‌നേഹം തുടിക്കുന്ന ചാനലുകളുടെ ആവശ്യമായിരുന്നു. അങ്കിതിന്റെ മരണവാര്‍ത്തയറിഞ്ഞ് വിഷണ്ണനായ സഹോദരനെ കൊണ്ട് കൊലയാളികള്‍ ന്യൂനപക്ഷ വിഭാഗമായിരിക്കുമെന്ന് പറയിപ്പിച്ച ശേഷം, ആങ്കര്‍ ചോദിച്ച ഒരു ചോദ്യമുണ്ട്: ‘ക്യാ ജിഹാദ് മെ ജലി ദില്ലി’ ( ജിഹാദില്‍പ്പെട്ട് ഡല്‍ഹി കത്തുകയാണോ).

53 പേര്‍ കൊല്ലപ്പെട്ടതില്‍ നാല്‍പതോളം പേര്‍ മുസ്‌ലിംകളാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കര്‍ദംപുരി, കബീര്‍നഗര്‍, മുസ്തഫാബാദ്, ശിവവിഹാര്‍, കജൂരി, മൗജ്പൂര്‍ തുടങ്ങി പ്രശ്‌നബാധിത പ്രദേശങ്ങള്‍ ചുറ്റിക്കണ്ട ഈ ലേഖകന് ന്യൂനപക്ഷ വിഭാഗത്തിന്റേതല്ലാത്ത ഏതെങ്കിലും വീടോ കടയോ ദേവാലയമോ നശിപ്പിക്കപ്പെട്ടതായി കാണാന്‍ സാധിച്ചിട്ടില്ല. വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പുതുമയുള്ള ദുരന്തമൊന്നുമല്ലെങ്കിലും ചരിത്രത്തില്‍ ഇതാദ്യമാവാം ഇത്രയധികം പള്ളികള്‍ തകര്‍ക്കപ്പെടുന്നതും കത്തിച്ചാമ്പലാക്കപ്പെടുന്നതും. എന്നിട്ടും ഏകപക്ഷീയവും ആസൂത്രിതവുമായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പൗരത്വ നിയമത്തിനെതിരേ പ്രക്ഷോഭത്തിലേര്‍പ്പെട്ട സമരക്കാരാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള സംഘ്പരിവാറിന്റെ കള്ളപ്രചാരണങ്ങള്‍ക്ക് മീഡിയ കൂട്ടുനില്‍ക്കുകയാണെന്ന് വരുമ്പോള്‍, നമ്മുടെ ജനായത്ത സാമൂഹിക വ്യവസ്ഥിതി എന്തുമാത്രം അധഃപതനത്തിലാണെന്നാണ് വിരള്‍ചൂണ്ടുന്നത്.

മാധ്യമങ്ങളുടെ ഞാണിന്മേല്‍കളി

ലോകം മുഴുവന്‍ ഉത്ക്കണ്ഠാകുലരായി നോക്കിക്കണ്ട ഡല്‍ഹി വംശഹത്യക്ക് ആരാണ് ഉത്തരവാദി എന്ന് അന്വേഷണവുമായി ഇരുട്ടില്‍ തപ്പുകയാണ് മുഖ്യധാര മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളുമിപ്പോള്‍. ഇത് ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണങ്ങളായിരുന്നുവെന്ന് കലാപബാധിത പ്രദേശം ചെന്ന് കാണുന്ന ആര്‍ക്കും മനസ്സിലാവും, ഹിന്ദുത്വക്കു പാദസേവ ചെയ്യാന്‍ തീരുമാനിച്ച മാധ്യമ കുഴലൂത്തുകാര്‍ക്കൊഴികെ. ‘ദേശ് കി ഗദ്ദാറോം കൊ ഗോലി മാറോ സാലോംകൊ’ എന്ന് തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ നിസ്സങ്കോചം പ്രസംഗിച്ചുനടന്ന കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനെ പോലുള്ളവരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട കപില്‍ മിശ്രയെ പോലുള്ള റൗഡി നേതാക്കള്‍ പൗരത്വസമരത്തിലേര്‍പ്പെട്ട പ്രക്ഷോഭകരെ ആട്ടിയോടിക്കുന്നതിന് ആക്രമണം ആസൂത്രണം ചെയ്യുന്നത്.

ഫെബ്രുവരി 23ന് ഉച്ചക്ക് ശേഷം 3.30ന് മൗജ്പുരിയിലെത്തിയ കപില്‍ മിശ്ര സി.എ.എ അനുകൂലികളെ അഭിസംബോധന ചെയ്തുകൊണ്ട് മുഴക്കിയ ഭീഷണിയാണ് ഹിന്ദുത്വ കാപാലികള്‍ക്ക് അഴിഞ്ഞാടാന്‍ പ്രചോദനമായത്. മുസ്‌ലിമാണെന്ന് തിരിച്ചറിഞ്ഞവരെ മുഴുവന്‍ ഒന്നുകില്‍ തല്ലിക്കൊന്നു. അല്ലെങ്കില്‍ പൊലിസ് വെടിവെച്ചിട്ടു. മുസ്‌ലിംകളുടെ വീടുകളും കടകളും ആദ്യം കൊള്ളയടിച്ചു. എല്ലാംകഴിഞ്ഞുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ തീയിട്ട് ചാമ്പലാക്കി. വിശുദ്ധഗ്രന്ഥങ്ങള്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മലീമസമാക്കാനും നശിപ്പിക്കാനും കഴിയുമോ അതെല്ലാം പുറത്തെടുത്തു.

ശിവ്‌വിഹാറിലെ മദീന മസ്ജിദിന്നകത്ത് കുടിച്ച് കൂത്താടിയാണ് പള്ളി ഗ്യസ് സിലിണ്ടറും പേട്രാള്‍ ബോംബും ഉപയോഗിച്ച് കത്തിച്ചുകളഞ്ഞത്. ഖുര്‍ആന്റെ പുറങ്ങള്‍ ചവിട്ടിയരച്ച് അരിശം തീര്‍ത്തു. ആരാധനാലയങ്ങളുടെ നേര്‍ക്കുള്ള ആക്രമണം ആര്‍.എസ്.എസ് ആസ്ഥാനത്തുവച്ച് ആസൂത്രണം ചെയ്തതാണെന്ന് പള്ളികള്‍ നശിപ്പിക്കാന്‍ സ്വീകരിച്ച രീതി മനസ്സിലാക്കിത്തരുന്നു. ഒരു ബാബരിപ്പള്ളി കൊണ്ട് ശമിക്കുന്നതല്ല തങ്ങളുടെ വര്‍ഗീയദാഹമെന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇക്കൂട്ടര്‍ സമര്‍ഥിച്ചിരിക്കുകയാണ്. ‘ഹര്‍ മസ്ജിദ് ബാബരി ബനേഗാ’ (ഓരോ പള്ളിക്കും ബാബരിയുടെ ഗതിയായിരിക്കും) എന്ന് ആക്രാശിച്ചുകൊണ്ടായിരുന്നു മുസ്തഫാബാദിലെ ഫാറൂഖിയ ജുമാമസ്ജിദിന്റെ പൂട്ടിയ കവാടങ്ങള്‍ അക്രമികള്‍ തച്ചുതകര്‍ത്തത്. അശോക് നഗറിലെ പള്ളി മിനാരത്തില്‍ പറ്റിപ്പിടിച്ച് കയറി കാവിക്കൊടി നാട്ടുമ്പോള്‍ പൊലിസ് നോക്കിചിരിക്കുന്നുണ്ടായിരുന്നു. ഇതൊന്നും മുഖ്യധാര മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലെങ്കിലും സോഷ്യല്‍ മീഡിയയുടെ കുതിപ്പും ദി വയര്‍, സ്‌ക്രോള്‍ ന്യൂസ്, ദി പ്രിന്റ് തുടങ്ങിയ ബദല്‍ മീഡിയയുടെ മുന്നേറ്റവും അപ്രിയസത്യങ്ങള്‍ മറച്ചുപിടിക്കുക എന്ന സവര്‍ണ അഭിജാതകുലജാതരുടെ കാപട്യം അധികനാള്‍ വിലപ്പോവില്ല എന്ന് തെളിയിക്കുന്നുണ്ട്.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്ര പ്രചാരണത്തിനപ്പുറം, ശാരീരികവും സാമ്പത്തികവുമായ ഉന്മൂലനം കൂടി ഫലപ്രദമായി പ്രയോഗവല്‍ക്കരിക്കാന്‍ സാധിക്കുമെന്ന് സമര്‍ഥിക്കപ്പെടുമ്പോള്‍ അതിനനുസരിച്ച് ആഖ്യാനങ്ങള്‍ ചമക്കേണ്ടത് മാധ്യമങ്ങളുടെ ബാധ്യതയായി മാറുന്നു. അപ്പോഴാണ് ഡല്‍ഹി വംശഹത്യയുടെ ഉത്തരവാദി ആരെന്ന് എല്ലാ സത്യവും വെളിപ്പെട്ടതിനു ശേഷവും ചോദിക്കേണ്ടിവരുന്നത്. ( Delhi Riots:Who is to Blame ദി ഔട്ട്‌ലുക്ക്). ഇതേ ചോദ്യം തന്നെയാണ് ‘ഇന്ത്യ ടുഡേയും ‘ചോദിച്ചത്. കൂട്ടക്കൊല നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങിയ ‘ദി വീക്ക്’ (മലയാള മനോരമയുടെ പ്രസിദ്ധീകരണമാണ് ) മുഖചിത്രമായി കൊടുത്തിരിക്കുന്നത് ‘ജഫറാബാദ് ഷൂട്ടര്‍’ ഷാറൂഖ് ഖാന്റേതാണ്. സിനിമ സ്റ്റൈലില്‍ തോക്ക് ചൂണ്ടി നില്‍ക്കുന്ന ഈ യുവാവ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ലെന്നും ഒരുവികാരത്തിന് തോക്കെടുത്തതാണെന്നും ആര്‍ക്കുനേരെയും വെടിവെച്ചിട്ടില്ലെന്നും പൊലിസ് സമ്മതിക്കുമ്പോള്‍ തന്നെ ഭയാനകമായ ഒരു കലാപത്തിന്റെ പ്രതീകാത്മക മുഖമായി ഇയാളെ അവതരിപ്പിക്കുന്നതിലെ തന്ത്രം ആര്‍ക്കാണ് പിടികിട്ടാത്തത്? താടി അല്‍പം നീട്ടിയ, തൊപ്പിധരിച്ച ചാന്ദ്ബാഗിലെ നടുറോഡില്‍ ഒരു സംഘം കാപാലികള്‍ ചുറ്റും വടിയും ദണ്ഡുമായി തല്ലിക്കൊല്ലാന്‍ ശ്രമിക്കുന്ന, മുഖത്തുനിന്നും കൈകാലുകളില്‍നിന്നും രക്തം വാര്‍ന്നൊഴുകുന്ന മുഹമ്മദ് സുബൈറിന്റെ ദയനീയാവസ്ഥ അനാവൃതമാക്കുന്ന കാഴ്ച റോയിറ്റേര്‍സ് ഫോട്ടോഗ്രാഫര്‍ ലോകത്തിനു കൈമാറിയ നടുക്കുന്ന ചിത്രം പിന്നീട് ഫ്രണ്ട്‌ലൈന്‍ മാത്രമാണ് ഉപയോഗിച്ചത്. ആര്‍.എസ്.എസ് ഗുണ്ടായിസത്തിന്റെ തനിനിറം പകര്‍ത്തുന്നതിലെ അനൗചിത്യമാവാം മാധ്യമമുതലാളിമാര്‍ക്ക് ആ ചിത്രത്തോട് ചതുര്‍ഥി തോന്നാന്‍ കാരണം.
നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കലാപത്തിന്റെ പാപഭാരം ന്യൂനപക്ഷങ്ങളുടെ ചുമലില്‍ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നതായി ഫെയ്ക് ന്യൂസുകള്‍ക്ക് പിന്നിലെ കള്ളക്കളി അന്വേഷിക്കുന്ന അഹ േചലം െഎന്ന ഓണ്‍ലൈന്‍പോര്‍ട്ടല്‍ പുറത്തുവിട്ടിരുന്നു. ആപ് നേതാവ് താഹിര്‍ഹുെൈസന്റെ ഉടമസ്ഥതയിലുള്ള ‘കലാപ ഫാക്ടിറി’യെ കുറിച്ചാണ് ഒരു ചാനല്‍ റിപ്പോര്‍ട്ട് നല്‍കിയത്. പെട്രോള്‍ ബോംബുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് സൈനിക നൈപുണ്യത്തോടെ വിവരിക്കുന്നുണ്ടായിരുന്നു ആ കള്ള വാര്‍ത്തയില്‍. ബംഗ്ലാദേശിലെ പഴയ കലാപ ചിത്രം എടുത്തുപയോഗിച്ചത് പൊലിസ് മുസ്‌ലിംകളോടൊപ്പംനിന്ന് ഹിന്ദുക്കളെ ആക്രമിക്കുന്നുവെന്ന വ്യാജ വാര്‍ത്തക്ക് ‘ആധികാരികത’ പകരാനാണ്.

ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്

രാജ്യശത്രുക്കള്‍ ആസൂത്രണം ചെയ്ത കലാപമാണിതെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. 36 മണിക്കൂര്‍ കൊണ്ട് പ്രക്ഷുബ്ധാവസ്ഥയ്ക്ക് ശമനമുണ്ടാക്കിയ പൊലിസിനെ അദ്ദേഹം അഭിനന്ദിക്കുന്നു. അതോടെ എല്ലാം നഷ്ടപ്പെട്ട ഇരകള്‍ പ്രതിക്കൂട്ടില്‍ വിചാരണ നേരിടാന്‍ പോവുകയാണ്. പൊലിസ് ഇതുപോലെ പങ്കാളികളായ അരുകൊലയും കൊള്ളിവയ്പ്പും കൊള്ളയും നശീകരണവും സ്വതന്ത്ര ഇന്ത്യയില്‍ കണ്ടിട്ടില്ല. എന്നിട്ടും ഒരു പൊലിസുകാരനെതിരേ നിയമത്തിന്റെ ലോലമായ വിരല്‍ നീണ്ടതായി ഇതുവരെ കാണാന്‍ കഴിഞ്ഞില്ല.

ചോരയിറ്റുന്ന മുഖവുമായി മരണത്തോട് മല്ലടിക്കുന്ന ഒരു കൂട്ടം മുസ്‌ലിംകളോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന ആ പൊലിസുകാരന്‍ ആരാണെന്ന് തിരിച്ചറിയാന്‍ ആര്‍ക്കാണ് കഴിയാത്തത്? അവനെതിരേ ഒരു എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ ഷാ ഭരണകൂടം ആര്‍ജവം കാട്ടുമോ? വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ അചിന്തനീയമാണത്. ജനാധിപത്യവ്യവസ്ഥിതി ഹിന്ദുത്വവ്യവസ്ഥിതിക്ക് വഴിമാറിക്കൊടുത്തിരിക്കുന്നു. മുസ്‌ലിം വിരുദ്ധതയാണ് അതിന്റെ മുഖമുദ്ര. ഇത് തുറന്നുപറയാന്‍ ആര്‍ക്കാണ് ധൈര്യവും ആര്‍ജവവും സത്യസന്ധതയും എന്ന ചോദ്യത്തിലാണ് ജനായത്ത വ്യവസ്ഥിതിയുടെ ഭാവി. സി.പി.എം നേതാവ് പ്രകാശ് കാരാട്ട് സൂചിപ്പിച്ചത് പോലെ, പൊലിസ് ഇതുവരെ രജിസ്റ്റര്‍ ചെയ്ത 700 എഫ്.ഐ.ആറില്‍ എത്രയെണ്ണം കൊലയാളികള്‍ക്കും അക്രമകാരികള്‍ക്കും കൊള്ളക്കാര്‍ക്കും വര്‍ഗീയവിഷം ചീറ്റിയവര്‍ക്കുമുണ്ട്? അറസ്റ്റിലായ 2647 പേരില്‍ എത്ര മുസ്‌ലിംകളുണ്ട് എന്ന് വെളിപ്പെടുത്താന്‍ അമിത് ഷാ ധൈര്യം കാട്ടുമോ? ഒരുപക്ഷേ, മുഴുവന്‍ മുസ്‌ലിംകള്‍ ആയിരിക്കാം. കപില്‍മിശ്രക്കു മുന്നില്‍ പരവതാനി വിരിക്കുന്ന വ്യവസ്ഥിതിയുടെ കരാളമുഖം തുറന്നുകാട്ടേണ്ട മാധ്യമങ്ങള്‍ പോലും വരിയുടക്കപ്പെട്ട്, ഭരണവര്‍ഗത്തിനു മുന്നില്‍ മുട്ടിട്ടിഴയുമ്പോള്‍, തോല്‍ക്കുന്നത് ഭരണഘടനയും ജനാധിപത്യവുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.