2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഓണ്‍ലൈന്‍ ട്രയല്‍ ഒരാഴ്ച്ചത്തേക്കു കൂടി നീട്ടാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ച്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ജൂണ്‍ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലാസുകളുടെ പുനസംപ്രേക്ഷണവും എന്ന രീതിയായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാനുള്ള സൗകര്യങ്ങളിലെന്ന് കണ്ടെത്തിയിരുന്നു. ഈ ഒരാഴ്ച്ച കൊണ്ട് എല്ലാ അപാകതകളും പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

എടുത്ത ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനിലില്‍ ഈ ഘട്ടത്തില്‍ പുന:സംപ്രേക്ഷണം ചെയ്യും. ക്ലാസുകള്‍ ആര്‍ക്കും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാനാണിത്.

അതേസമയം,സംസ്ഥാനത്തെ സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ വീഴ്ചയെന്ന ആരോപണം ശക്തമാകുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ സൗകര്യമില്ലാത്തതിനാല്‍ പഠിക്കാനാകുന്നില്ലെന്ന പരാതിയുമായി മുന്നോട്ടു വരികയാണ്.

ടി.വിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത 2,62,000ത്തോളം കുട്ടികള്‍ സംസ്ഥാനത്ത് ഉണ്ടെന്ന റിപ്പോര്‍ട്ട് രണ്ടാഴ്ച മുന്‍പ് ലഭിച്ചിട്ടും ഇവരുടെ പ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പഠനത്തിനാവശ്യമായ മുന്നൊരുക്കങ്ങളില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് ദേവികയെന്ന പത്താം ക്ലാസുകാരിയുടെ മരണമെന്ന ആരോപണവും ഇതോടെ ശക്തമായി.

പഠനം ഓണ്‍ലൈനിലേക്ക് മാറുമ്പോള്‍ ഉയര്‍ന്ന പ്രധാന ആശങ്ക ടി.വിയും കംപ്യൂട്ടറും സ്മാര്‍ട്ട് ഫോണുമില്ലാത്ത കുട്ടികള്‍ എന്തു ചെയ്യുമെന്നതായിരുന്നു. 2,61,784 കുട്ടികള്‍ ഇത്തരത്തില്‍ സംസ്ഥാനത്താകെ ഉണ്ടെന്നായിരുന്നു സമഗ്രശിക്ഷാ കേരളയുടെ കണ്ടെത്തല്‍. ഇത്തരം കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കാന്‍ സമീപത്തെ വായനശാലകളിലും അങ്കണവാടികളിലുമൊക്കെ ടി.വിയിലൂടെയും ലാപ്ടോപ് വഴിയും ക്ലാസ് ഉറപ്പാക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറുമൊക്കെ ഉറപ്പുനല്‍കിയത്.

എന്നാല്‍, പലയിടത്തും അതുണ്ടായില്ല. ടി.വി ഇല്ലാത്തവര്‍ക്ക് കെ.എസ്.എഫ്.ഇ സഹായത്തോടെ ടി.വി വാങ്ങി അയല്‍പക്ക പഠനകേന്ദ്രത്തിന് നല്‍കാന്‍ തീരുമാനമായതും ക്ലാസ് തുടങ്ങിയ തിങ്കളാഴ്ച മാത്രമാണ്.

ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാത്തതിനാലാണ് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചതെന്നും ക്യു.ഐ.പി മീറ്റിങ്ങുകളില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് തിടുക്കപ്പെട്ട് ക്ലാസുകള്‍ ആരംഭിച്ചതെന്നും ആരോപണമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.