2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചാവാന്‍ വരുന്നവര്‍ ചാവും: സി.എ.എ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരായ യോഗിയുടെ പ്രസ്താവന വിവാദമാവുന്നു

 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരെ കുറിച്ച് വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വ്യക്തി മരിക്കുക എന്ന ലക്ഷ്യത്തോടെ വന്നാല്‍ മരിക്കുക തന്നെ ചെയ്യുമെന്ന് യോഗി പറഞ്ഞു. ഡിസംബറില്‍ യു.പിയിലുണ്ടായ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ മരണങ്ങളെ കുറിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു യോഗി.

പൊലിസ് വെടിവയ്പില്‍ ആരും മരിച്ചിട്ടില്ല. കലാപകാരികളില്‍ നിന്നുള്ള വെടിയുണ്ടയേറ്റാണ് അവര്‍ മരിച്ചത്. ആളുകളെ വെടിവച്ച് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും തെരുവിലിറങ്ങിയാല്‍ ഒന്നുകില്‍ അവര്‍ മരിക്കും, അല്ലെങ്കില്‍ പൊലിസ് മരിക്കും- യോഗി പറഞ്ഞു.

ആസാദി മുദ്രാവാക്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. എന്താണ് ആസാദി. ജിന്നയുടെ സ്വപ്നത്തിനായി നാം പ്രവര്‍ത്തിക്കണോ, അതോ ഗാന്ധിയുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയാണോ നാം പ്രവര്‍ത്തിക്കേണ്ടതെന്നും യോഗി ചോദിച്ചു. ഡിസംബറിലെ പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ പൊലിസ് നടപടിയെ യോഗി പ്രശംസിക്കുകയും ചെയ്തു. സംസ്ഥാനത്ത് കലാപങ്ങള്‍ ഉണ്ടായിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കില്ലെന്നും എന്നാല്‍ അക്രമം നടത്തിയാല്‍ അവരുടെ ഭാഷയില്‍ മറുപടി നല്‍കുമെന്നും ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ യോഗി വ്യക്തമാക്കി.

അതേസമയം പൊലിസ് നടപടിയില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊലിസ് തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. പടിഞ്ഞാറന്‍ യു.പിയിലെ ബിജ്‌നോര്‍ ജില്ലയില്‍ പൊലിസ് വെടിവയ്പില്‍ സുലൈമാന്‍ എന്നയാള്‍ കൊല്ലപ്പെട്ടതായി പൊലിസ് എന്‍.ഡി.ടി.വിയോട് പറഞ്ഞു. സി.എ.എ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ യോഗി പൊലിസിന്റെ നടപടി വ്യാപക വിമര്‍ശനത്തിനിരയാക്കിയിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.