2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൃതദേഹം മൂന്നുമാസം സൂക്ഷിച്ച വിചിത്ര സംഭവം: വസ്തുത എന്ത് ?

 

കൊളത്തൂര്‍ സംഭവം വലിയ പാഠമാണ്. ജനം തിങ്ങി താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തിന് ഒറ്റപ്പെട്ട് കഴിയാനും നിഗൂഢമായി ചില കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലകപ്പെടാനും സാധിച്ചത് പൊതുധാരയില്‍ നിന്നുള്ള പറിച്ചുനടല്‍ കാരണമാണ്. ഇവരെ ഇങ്ങനെ ഒറ്റപ്പെടുത്തി അപായപ്പെടുത്തിയതിന്റെ പാപഭാരത്തില്‍നിന്നും ഉത്തരവാദിത്തത്തില്‍നിന്നും അവരുടെ സംഘടനയ്ക്ക് രക്ഷപ്പെടാനാവില്ല

 

പിണങ്ങോട് അബൂബക്കര്‍

അതി വിചിത്രമായ ഒരു സംഭവം ഉപയോഗപ്പെടുത്തി മതത്തിനെതിരേ ആയുധമാക്കാന്‍ ചിലര്‍ നടത്തിയ തെറ്റായ നീക്കത്തിന്റെ വസ്തുതകള്‍ പഠിക്കുന്നതിനും അതുകാരണം പ്രചരിച്ചു കൊണ്ടിരിക്കുന്ന ധാരണകള്‍ തിരുത്തുന്നതിനും യുക്തിഭദ്രമല്ലാത്ത കാര്യങ്ങള്‍ എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നുമുള്ള പരിശോധനയാണ് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനം. ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് നിര്‍മിക്കപ്പെടുന്നു, സമുദായത്തിന്റെ കരുതലുകള്‍ എവിടെയാണ് വഴിമാറുന്നത് എന്ന കാലിക ചിന്തയും ഇത്തരം ഒരു അന്വേഷണത്തിന് വഴിവച്ചു.

 

 

അന്ധവിശ്വാസം വരുന്ന വഴി

അന്ധവിശ്വാസത്തിന്റെ വിത്ത് വിതയ്ക്കുന്നതില്‍ മതനിരാസത്തിനും മതനവീകരണ പ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കാണുള്ളത്. ജിന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ദുബൈ ജൂമൈറ ബീച്ചില്‍ ഒരു ചെറുപ്പക്കാരനെ മുക്കി ക്കൊന്ന ആധുനിക സലഫി ചിന്തകളും തലയറുത്ത് മുന്നേറലാണ് ഇസ്‌ലാമിന്റെ തനത് ലക്ഷ്യമെന്ന മതവിരുദ്ധ നിലപാടുകള്‍ നട്ടുമുളപ്പിച്ചെടുത്ത വഹാബിസവും രാഷ്ട്രീയ അധികാരമാണ് ഇസ്‌ലാം ലക്ഷീകരിക്കുന്നതെന്ന ഇഖ്‌വാനിസവും ഈ കൂട്ടുകെട്ടുകളുടെ ഭിന്ന ഉല്‍പ്പന്നങ്ങളായ നിരവധി തീവ്രവാദ ഗ്രൂപ്പുകളും വാസ്തവത്തില്‍ അന്ധവിശ്വാസങ്ങളും അബദ്ധ ജഡിലങ്ങളുമാണ്.
സമുദായത്തിന് ക്ഷതം വരുത്തുന്നതില്‍ ‘ഭക്തിപ്രസ്ഥാനങ്ങള്‍’ക്കുള്ള പങ്കും വളരെ വലുതാണ്. മതപാണ്ഡിത്യവും മതപക്ഷ പിന്തുണയും ഇല്ലാത്ത വ്യാജ തരീഖത്തുകളും ധനലാഭം ലക്ഷ്യമാക്കി മാത്രം രൂപീകരിക്കപ്പെട്ട സംഘടനകളും സമുദായത്തിന്റെ ആഭ്യന്തര ആരോഗ്യവും സുരക്ഷയും തകര്‍ക്കുന്നു. ആത്മീയ വിപണന തന്ത്രം ലാക്കാക്കി ഇറങ്ങിത്തിരിച്ച ഇത്തരം പ്രസ്ഥാനങ്ങള്‍ അന്ധവിശ്വാസം വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. വിശുദ്ധ റൗളാശരീഫിലേതാണെന്ന് പ്രചരിപ്പിച്ച് പൊടിമണ്ണ് കലക്കിയ വെള്ളം വിപണനം നടത്തിയത് കോഴിക്കോട്ടെ ഒരു മതസ്ഥാപനത്തിലായിരുന്നല്ലോ. നീണ്ട ഒരു കെട്ട്തലമുടി ‘തിരുകേശ’മാണെന്ന് പ്രദര്‍ശിപ്പിച്ചു പ്രസ്താവിച്ചത് ഒരാള്‍ക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു. ഈ വ്യാജ മുടിക്കെട്ടില്‍ നിന്നുള്ള ഭാഗങ്ങള്‍ സൂക്ഷിക്കാന്‍ 40 കോടി രൂപയുടെ മുടിപ്പള്ളി ശിലാന്യാസം പോലും പ്രബുദ്ധ കേരളത്തിന്റെ സാംസ്‌കാരിക പരിസരത്തെ പരിഹസിച്ചാണ് നടന്നത്. ചൂഷണത്തിന് പാകപ്പെട്ട മനസ്സുകളെ ഉപയോഗപ്പെടുത്തി വിശ്വാസത്തിന്റെ മറവില്‍ ലാഭം കൊയ്യാനുള്ള കമ്പോള തന്ത്രം തന്നെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന് പറയാതെ വയ്യ.

 

 

മൃതശരീരം ജീവനുവേണ്ടി കരുതിവച്ചു

മലപ്പുറം ജില്ലയിലെ പുരാതന മുസ്‌ലിം ആവാസ കേന്ദ്രത്തില്‍പ്പെട്ട സ്ഥലമാണ് കൊളത്തൂര്‍. 350ലധികം കുടുംബങ്ങള്‍ ഇപ്പോള്‍ ഇവിടെ താമസിക്കുന്നു. 1960ല്‍ 2163-ാം നമ്പറായി അംഗീകരിച്ച മദ്‌റസയും പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക പ്രാധാന്യമുള്ള പ്രകൃതിരമണീയ ഗ്രാമം.
കുരുവമ്പലത്ത് നിന്ന് 12 വര്‍ഷം മുമ്പ് വാഴയില്‍ സൈദ് മുസ്‌ലിയാരും നാലംഗ കുടുംബവും കൊളത്തുരങ്ങാടിക്കടുത്ത പാറമ്മലങ്ങാടിയില്‍ താമസമാക്കി. പൊന്നാനി പുത്തന്‍പള്ളി സ്വദേശിനിയാണ് സൈദ് മുസ്‌ലിയാരുടെ ഭാര്യ. പൊതുജനങ്ങളുമായി ഏറക്കുറേ അകലം പാലിച്ചാണ് ഈ കുടുംബം ജീവിച്ചിരുന്നത്. മഹല്ലിനു നല്‍കേണ്ട വരിസംഖ്യ നല്‍കാറില്ല. ഉസ്താദുമാര്‍ക്ക് ഭക്ഷണവും നല്‍കാറില്ല. ജുമുഅക്കോ റമദാനിലോ മഹല്ല് പള്ളിയില്‍ വരാറില്ല. മഹല്ല് നിവാസികളുമായി സംസാരിക്കാറുമില്ല. അതിനിടെ കാന്തപുരം വിഭാഗം നേതാവായ ഇദ്ദേഹം സമാന ചിന്താഗതിക്കാര്‍ക്കൊപ്പം മറ്റൊരു സമാന്തര പള്ളിയും കൊളത്തൂരില്‍ നിര്‍മിക്കാന്‍ നേതൃത്വം വഹിച്ചു.
കാന്തപുരം വിഭാഗം നേതാവായ കൊളത്തൂര്‍ സഖാഫി നടത്തുന്ന സ്ഥാപനത്തിലാണ് ഇദ്ദേഹത്തിന്റെ 20 വയസായ മകനും 17, 13 വയസായ രണ്ട് പെണ്‍കുട്ടികളും പഠിച്ചു വരുന്നത്. മകന്‍ ബി.എ ഇംഗ്ലീഷിനും മകള്‍ എസ്.എസ്.എല്‍.സിക്കും പഠിക്കുന്നു. കുറച്ചു കാലം മുമ്പ് വരെ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ സെക്യൂരിറ്റി വിഭാഗമായ ‘കരിമ്പൂച്ച’യായും സൈദ് മുസ്‌ലിയാര്‍ സേവനം അനുഷ്ഠിച്ചിരുന്നത്രെ. കടുത്ത പ്രമേഹരോഗവും ഇദ്ദേഹത്തെ അലട്ടിയതായി പറയപ്പെടുന്നു.
പൊതുജനങ്ങളില്‍നിന്നു ബോധപൂര്‍വം അകലം സൃഷ്ടിച്ച് സ്വകാര്യതകളില്‍ ഒതുങ്ങിയായിരുന്നു ജീവിത ശീലം. എന്നാല്‍, കാന്തപുരം സുന്നി വിഭാഗത്തിന്റെ ഉള്ളറകളിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അവരുടെ മദ്‌റസ അധ്യാപകന്‍കൂടിയായ സൈദ് മുസ്‌ലിയാര്‍.

 

സംഭവത്തിന്റെ തുടക്കം

ഏതാണ്ട് ആറുമാസം മുമ്പ് വാഴയില്‍ സൈദ് മുസ്‌ലിയാരും നാലംഗ കുടുംബവും അജ്ഞാത കേന്ദ്രത്തിലേക്ക് പോയിരുന്നു. കേരളത്തിന് പുറത്തുള്ള സിയാറത്ത് എന്നാണ് അന്വേഷിച്ച അയല്‍ക്കാരോട് പറഞ്ഞത്.
ഇതില്‍ അസ്വാഭാവികതകളൊന്നും അയല്‍ക്കാര്‍ കണ്ടതുമില്ല. സുമാര്‍ രണ്ടര മാസം കഴിഞ്ഞാണ് ഇവര്‍ തിരിച്ചെത്തിയത്. അങ്ങാടിയിലോ പൊതുസമൂഹത്തിലോ ഇടപെടാത്ത സൈദിന്റെ പോക്കും വരവും ആരും ശ്രദ്ധിക്കാറില്ല. കാന്തപുരം ഗ്രൂപ്പ് മാത്രമാണ് അദ്ദേഹത്തിന്റെ ലോകം.
വീട്ടുകാര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്ത് വരാറുള്ളത്. ബന്ധുക്കളെന്ന പേരില്‍ ചിലര്‍ അവിടെ വന്നുപോകാറുണ്ട്. അവരില്‍ ചിലര്‍ കടുത്ത മുജാഹിദ് പക്ഷക്കാരും ചിലര്‍ കാന്തപുരം ഗ്രൂപ്പുകാരുമാണ്.

 

 

ഞെട്ടിച്ച സംഭവം

2017 ജൂലൈ അഞ്ചിന് പകല്‍ ബന്ധുക്കള്‍ വന്ന് വാതിലില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. ഇതേതുടര്‍ന്ന് പൊലിസിനെയും അയല്‍വാസികളെയും വിളിച്ചുവരുത്തി. തുറന്നുനോക്കിയപ്പോഴാണ് കണ്ണുകളെ അവിശ്വസിപ്പിക്കുന്ന വിചിത്രരംഗം കാണുന്നത്. പകുതിയിലേറെ ജീര്‍ണിച്ച ഒരു മൃതശരീരത്തിന്റെ ചാരത്ത് ഭാര്യയും മൂന്നു മക്കളും ഭാവപ്പകര്‍ച്ചയോ സങ്കടമോ ഇല്ലാതെ ഇരിക്കുന്നതാണ് കണ്ടത്. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ കെമിക്കല്‍ പ്രയോഗം നടത്തിയതായി മനസിലായി.
വീട്ടില്‍ നല്ല ഭക്ഷണം പാകം ചെയ്ത് സന്തോഷപൂര്‍വമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മൃതശരീരം കണ്ടെത്തിയ ദിവസവും അടുക്കളയില്‍ പാകം ചെയ്ത മാംസക്കറിയും മറ്റും ഉണ്ടായിരുന്നു. പൊലിസുകാരോട് തങ്ങളെ ശല്യം ചെയ്യരുതെന്നും തങ്ങളാര്‍ക്കും ശല്യം ചെയ്യുന്നില്ലെന്നും ഭര്‍ത്താവിന്റെ ജീവന്‍ (റൂഹ്) തിരിച്ചുവരാന്‍ കാത്തിരിക്കുകയാണെന്നും ആ സ്ത്രീ പറഞ്ഞു. മരണവീട്ടില്‍ നിന്ന് സെയ്ദ് എഴുതിയതായി കരുതപ്പെടുന്ന കുറിപ്പില്‍ ഇങ്ങനെ കാണുന്നു. ‘ എനിക്ക് ഡോക്ടര്‍മാരിലും ആള്‍ദൈവത്തിലും വിശ്വാസമില്ല’. കേരളത്തിന് പുറത്തുള്ള ഏതോ വ്യാജ സിദ്ധന്റെ വഞ്ചനയില്‍പ്പെട്ടതാണ് ഈ ഹതഭാഗ്യരെന്ന് വേണം കരുതാന്‍.
പൊന്നാനി പുത്തന്‍പള്ളിയിലെ ഭാര്യാ സഹോദരന്‍ അന്‍വരിയുടെ വീട്ടിലാണിപ്പോള്‍ ഇവര്‍ താമസിക്കുന്നത്. സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി ഈ കൊലച്ചതി ചെയ്തവരെയും പ്രേരപ്പിച്ചവരെയും കണ്ടെത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ക്രിമിനല്‍ നടപടികളില്‍ അനുഭവപ്പെടുന്ന വകുപ്പ് ദാരിദ്ര്യങ്ങള്‍ ഇത്തരം കുറ്റവാളികള്‍ക്ക് കൂടുതല്‍ സഹായകമാണ്.

 

 

ഗുണപാഠം

ഓരോ മുസ്‌ലിം കോളനികളും സുരക്ഷിതമായി നിയന്ത്രിക്കുന്ന മത സംവിധാനങ്ങള്‍ തകര്‍ക്കുന്ന വിഘടിത, വിദ്രോഹ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങള്‍ സംഘടനകള്‍ അവസാനിപ്പിക്കണം. അച്ചടക്കത്തില്‍ നടന്നുവരുന്ന മഹല്ലുകളില്‍ സമാന്തരം സൃഷ്ടിക്കുന്ന കാന്തപുരം, മുജാഹിദ്, ജമാഅത്ത് തുടങ്ങിയ വിഭാഗങ്ങള്‍ ഫലത്തില്‍ സമുദായത്തെ ഒറ്റപ്പെടുത്തി അപായപ്പെടുത്തുകയാണ്. മഹല്ലുകളുടെ ഐക്യവും ഭദ്രതയും തകര്‍ക്കുന്നത് ഇത്തരം അന്ധവിശ്വാസ സംഘങ്ങള്‍ക്ക് സഹായകമായി മാറുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമിന്റെ തനത് സ്വഭാവം കാത്തുസൂക്ഷിക്കാന്‍ മുസ്‌ലിം ലോകം ഏകകണ്ഠമായി അംഗീകരിച്ചുപോരുന്ന കര്‍മ ശാസ്ത്രത്തിലെ ഏകീകരണവും വിശ്വാസ ശാസ്ത്രത്തിലെ ഏകീകരണവും ഉറപ്പുവരുത്തി ഇസ്‌ലാമിക സംസ്‌കൃതി സംരക്ഷിക്കുന്ന സമസ്തയുടെ സംഘടനാ തണലില്‍ നിന്ന് മഹല്ലുകളെയും മഹല്ല് നിവാസികളെയും വഴിതിരിച്ചു വിടുന്ന ആപല്‍കരമായ പ്രവണതയാണ് ഇത്തരം വ്യാജ വിശ്വാസങ്ങള്‍ വളരാന്‍ ഇടയാക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഭരണഘടന അനുഛേദം അഞ്ചില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അന്ധവിശ്വാസങ്ങള്‍ അരാജകത്വം അധര്‍മങ്ങള്‍ അനൈക്യം എന്നിവ തുടച്ചുനീക്കി മുസ്‌ലിം സമുദായത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുക’. അന്ധവിശ്വാസങ്ങള്‍ക്കെതിരേ പൊരുതുന്ന പ്രസ്ഥാനത്തിന് കരുത്തുപകരല്‍ സാംസ്‌കാരികരംഗത്ത് നന്മ വരണമെന്ന് പ്രത്യാശിക്കുന്നവരുടെ ബാധ്യതയാണ്.

കൊളത്തൂര്‍ സംഭവം വലിയ പാഠമാണ്. ജനം തിങ്ങി താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തിന് ഒറ്റപ്പെട്ട് കഴിയാനും നിഗൂഢമായി ചില കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലകപ്പെടാനും സാധിച്ചത് പൊതുധാരയില്‍ നിന്നുള്ള പറിച്ചുനടല്‍ കാരണമാണ്. ഇവരെ ഇങ്ങനെ ഒറ്റപ്പെടുത്തി അപായപ്പെടുത്തിയതിന്റെ പാപഭാരത്തില്‍നിന്നും ഉത്തരവാദിത്തത്തില്‍നിന്നും അവരുടെ സംഘടനയ്ക്ക് രക്ഷപ്പെടാനാവില്ല. നമ്മുടെ മഹല്ലുകളുടെ സുരക്ഷയും ധര്‍മവും വളരേ വലുതാണെന്ന പാഠം ഈ സംഭവം ബോധ്യപ്പെടുത്തുന്നു. സമുദായത്തിന്റെ ആഭ്യന്തര സുരക്ഷ ഐക്യത്തിലാണെന്ന പണ്ഡിത വിധിക്കൊപ്പം വിശ്വാസ സംരക്ഷണവും ഉലമാ – ഉമറാ കൂട്ടുകെട്ടിലൂടെ മാത്രമെ സംഭവിക്കൂ.
ആത്മീയ ദാരിദ്ര്യത്തിന്റെ വഴികളിലേക്കും മതവാണിജ്യത്തിലേക്കും വഴിനടത്തുന്ന ദുഃശക്തികളെ തിരിച്ചറിയുകയാണ് വര്‍ത്തമാന കാല സമുദായ മനസിന്റെ ബാധ്യത. പൊതുബോധം മാനിക്കാന്‍ പൊതുസമൂഹത്തിനും കടമയുണ്ട്. അല്‍പന്‍മാരും അന്ധവിശ്വാസികളും നടത്തുന്ന ചില പ്രവര്‍ത്തികള്‍ മതത്തിന്റെ ഭാഗമായി പ്രചരിപ്പിക്കാന്‍ തിടുക്കം കാണിക്കുന്ന വികല ചിന്തകള്‍മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും അടിക്കാന്‍ വടിയെടുത്തു കൊടുക്കുന്ന അബദ്ധം ആവര്‍ത്തിക്കാതെ സൂക്ഷിക്കണം. മുസ്‌ലിം മുഖ്യധാര നേതൃത്വം നിര്‍വഹിക്കുന്ന ചരിത്ര നിയോഗങ്ങള്‍ തിരിച്ചറിയാന്‍ നല്ല മനസുകള്‍ക്കേ കഴിയൂ.

 

2017 ജൂലൈ എട്ടിന് ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി തീരുമാനപ്രകാരം എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, റെയ്ഞ്ച് സെക്രട്ടറി സൈതാലി മുസ്‌ലിയാര്‍, മുഹമ്മദ് സാജിദ് ഫൈസി, മുഹമ്മദലി വാഫി, താജുദ്ദീന്‍ ഫൈസി എന്നിവര്‍ക്കൊപ്പം കൊളത്തൂര്‍ പാറമ്മലങ്ങാടി മഹല്ല് സന്ദര്‍ശിച്ചു തയാറാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.