2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

Editorial

ദരിദ്ര ഇന്ത്യയുടെ അഹങ്കാരം


കിഴക്കു നിന്നു പടിഞ്ഞാറേയ്ക്കു ചെരിഞ്ഞു നില്‍ക്കുന്ന ഈ കൊച്ചു ഭൂപ്രദേശം പ്രളയത്തില്‍ മുങ്ങിപ്പോയേക്കുമോയെന്നു ഭയപ്പെട്ട കാലമാണു കടന്നുപോയത്. കേരളത്തിന്റെ ഈ മഹാദുരന്തത്തില്‍ മനസ്സലിയാത്ത ആളുകളോ രാജ്യങ്ങളോ ഉണ്ടായിരുന്നില്ല. സഹായപ്രവാഹമായിരുന്നു എല്ലായിടത്തുനിന്നും. എന്നാല്‍, ഇതൊന്നും ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ അലട്ടുന്നില്ല. രണ്ടു കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയും വരെ വെള്ളപ്പൊക്കത്തിന്റെ ഭീകരത കണ്ടു മടങ്ങിപ്പോയത് അതാസ്വദിക്കാനായിരുന്നില്ലല്ലോ. 

 

യു.എ.ഇ സര്‍ക്കാര്‍ 700 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച ഉടനെതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ സ്വാഗതം ചെയ്തു. ദുരഭിമാനത്തിന്റെ പേരിലോ അതോ കേരളത്തോടുള്ള വൈരനിര്യാതനബുദ്ധിമൂലമോ പിന്നീട്, യു.എ.ഇയുടെ കരുണാര്‍ദ്രഹസ്തം തട്ടിക്കളയുകയായിരുന്നു. ഈ നിരാസത്തിനു നിയമപരമായും നയപരമായും അടിസ്ഥാനമില്ല. യു.പി.എ സര്‍ക്കാര്‍ റദ്ദാക്കിയ പഴയൊരു തീരുമാനത്തെ പൊക്കിപ്പിടിച്ചാണ് ആയിരങ്ങള്‍ക്ക് അതിജീവനം നല്‍കേണ്ടിയിരുന്ന യു.എ.ഇ സര്‍ക്കാരിന്റെ സഹായം ബി.ജെ.പി സര്‍ക്കാര്‍ കുടഞ്ഞെറിഞ്ഞിരിക്കുന്നത്.
2004 ല്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ വിദേശ സഹായം യു.പി.എ സര്‍ക്കാര്‍ വേണ്ടെന്നുവച്ചതു രാജ്യത്തിന്റെ തീരദേശ മേഖലയുടെ സുരക്ഷാപ്രാധാന്യം കണക്കിലെടുത്താണ്. രാജ്യസുരക്ഷയ്ക്കു കരുതല്‍ മതിയാവുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ യു.പി.എ സര്‍ക്കാര്‍ തന്നെ ആ തീരുമാനം റദ്ദാക്കുകയും ചെയ്തിരുന്നു. റദ്ദാക്കിയ തീരുമാനം പൊക്കിപ്പിടിച്ചാണു ബി.ജെ.പി പകതീര്‍ക്കുന്നത്.
ദുരന്തമുണ്ടാകുമ്പോള്‍ വിദേശരാജ്യങ്ങളോടു സഹായമഭ്യര്‍ഥിക്കേണ്ടതില്ലെന്നു ഏതെങ്കിലും രാജ്യം സ്വമേധയാ സഹായിക്കാന്‍ തയാറായാല്‍ നിരസിക്കേണ്ടെന്നും ബി.ജെ.പി സര്‍ക്കാര്‍ നയം രൂപപ്പെടുത്തിയതാണ്. ആ നയവും മൂടിവച്ചു. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഇപ്പോഴും വിദേശസഹായത്താലാണു വികസനപ്രവര്‍ത്തനം നടത്തുന്നത്.

ഇന്ത്യ സാമ്പത്തികശക്തിയായി വളര്‍ന്നിരിക്കുന്നെന്നും സഹായം സ്വീകരിക്കേണ്ട അവസ്ഥയിലല്ലെന്നും മോദി ലോകരാഷ്ട്ര സന്ദര്‍ശനവേളകളില്‍ വീമ്പിളക്കിക്കൊണ്ടിരുന്നതാണ്. ഇതു ബോധ്യപ്പെടുത്താനായിരിക്കാം സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം ധനസഹായം പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. നരേന്ദ്രമോദിയെന്ന പേര് സ്വര്‍ണ്ണ നൂലുകളാല്‍ ആലേഖനം ചെയ്ത കോട്ടിട്ട് അമേരിക്ക സന്ദര്‍ശിച്ചത് ഈ മേനി നടിക്കലിന്റെ ഭാഗമായിരുന്നു. ആ പൊള്ളത്തരം വെളിച്ചത്താകുമോയെന്ന ആശങ്ക സഹായധന നിരാസത്തിന്റെ പിന്നിലുണ്ടാകണം.

ഗുജറാത്ത് മോഡലെന്ന പ്രചാരണത്തിലൂടെ ഗുജറാത്തിലെ ഇല്ലാത്ത വികസനം പൊക്കിപ്പിടിച്ചു നേരത്തേ കുറേക്കാലം നടന്നിരുന്നു. കേരളത്തിലെ ആളോഹരി വരുമാനം പോലുമില്ലാത്ത സംസ്ഥാനമാണു ഗുജറാത്തെന്നു പിന്നീടു തെളിയിക്കപ്പെട്ടു. അതേ തന്ത്രത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യ സാമ്പത്തികശക്തിയായി വളര്‍ന്നിട്ടുണ്ടെന്ന പ്രചാരണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.
തിന്നാനും ഉടുക്കാനുമില്ലാത്ത മുഴുപട്ടിണിക്കാര്‍ക്കു ഭൂരിപക്ഷമുള്ള നാടാണ് ഇന്ത്യ. കര്‍ഷകസമൂഹം സമരത്തിലാണ്. കര്‍ഷക ആത്മഹത്യ നിത്യസംഭവമാണ്. ഇന്ത്യയില്‍ കൊടുക്കാന്‍ തൊഴിലില്ലെന്നു പറഞ്ഞതു കേന്ദ്രമന്ത്രി നിതിന്‍ഗഡ്ഗരിയാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലെ ഖോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ നൂറുകണക്കിനു കുഞ്ഞുങ്ങളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. സ്വന്തംചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച ഡോക്ടര്‍ ഖഫീല്‍ അഹമ്മദ്ഖാനെ യോഗി പുറത്താക്കി വര്‍ഗീയത വെളിപ്പെടുത്തി.

ന്യൂഡല്‍ഹിയിലും മുംബൈയിലും മിന്നുന്ന കാറുകളില്‍ ഒഴുകി നടക്കുന്ന കോര്‍പ്പറേറ്റുകളല്ല ഇന്ത്യയുടെ മുഖം, ഒരു നേരത്തെ ആഹാരം കിട്ടാതെ ഗല്ലികളിലും വഴിയോരങ്ങളിലും പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്ന പാവങ്ങളാണ്. കോടികള്‍ വെട്ടിക്കാന്‍ വിജയ്മല്യക്കും നീരവ് മോദിക്കും അവസരം സൃഷ്ടിച്ചത് ഇന്ത്യ സാമ്പത്തികശക്തിയാണെന്നു വിദേശരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനാണോ. അംബാനിമാരുടെയും അദാനിമാരുടെയും തോളില്‍ കൈയിട്ടു നടക്കുന്ന പ്രധാനമന്ത്രിമാര്‍ ഉണ്ടാകുന്നതു കൊണ്ടു മാത്രം ഇന്ത്യ സാമ്പത്തികശക്തിയാവില്ല.
നീര്‍ക്കുമിളകളാല്‍ കെട്ടിപ്പൊക്കിയതാണ് ഇന്ത്യയുടെ സാമ്പത്തികം. ഇതിന്റെ പേരിലാണു ദരിദ്രരാഷ്ട്രമായ ഇന്ത്യ സഹായഹസ്തം വേണ്ടെന്നുവയ്ക്കുന്നതെങ്കില്‍ അതു ദരിദ്രന്റെ അഹങ്കാരമായി മാത്രമേ കാണാനാകൂ. ദരിദ്രന്റെ അഹങ്കാരവും ധനാഢ്യന്റെ ദരിദ്രന്‍ചമയലും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ലെന്ന നബി (സ) വചനം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.

വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നു മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍മേനോനും മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമാറാവുവും പറയുന്നതു വെറുതെയായിരിക്കില്ലല്ലോ. വിദേശസഹായം വേണ്ടെന്നുവയ്ക്കുന്ന നയം ഇപ്പോള്‍ നമുക്കില്ല. നയങ്ങളും തീരുമാനങ്ങളും കഷ്ടപ്പെടുന്ന, മുങ്ങിതാഴുന്ന ജനതയ്ക്കു തുണയാകണം. ദുരഭിമാനം നിലനിര്‍ത്താനോ രാഷ്ട്രീയ പകപ്പോക്കലിനോ വേണ്ടിയാകരുത്. റേഷനരിക്ക് കേന്ദ്രസര്‍ക്കാര്‍ വിലയിട്ടതും വിമാനത്താവളങ്ങളില്‍ എക്‌സൈസ് നികുതിയടയ്ക്കാത്തതിന്റെ പേരില്‍ വിദേശരാഷ്ട്രങ്ങള്‍ അയച്ച ഭക്ഷ്യവസ്തുക്കളും മരുന്നും വസ്ത്രങ്ങളും പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കു വിട്ടുകൊടുക്കാത്തതും രാഷ്ട്രീയപകപോക്കല്‍ തന്നെയാണ്. കാലം മറക്കാത്ത ഈ പ്രളയത്തോടൊപ്പം ഈ കുടിപ്പകയും മറക്കാതെ നിലനില്‍ക്കും.

 

 

 

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.