2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ദല്‍ഹിയില്‍ കോണ്‍ഗ്രസ് എ.എ.പി സഖ്യമില്ല: എല്ലാ സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഉടന്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ നടന്നുവന്നിരുന്ന സഖ്യ നീക്കങ്ങള്‍ വഴിമുട്ടി. വളരെ കാലമായി നടന്നുവന്നിരുന്ന സഖ്യ ചര്‍ച്ചകള്‍ അവസാനിച്ചതായും ഇനി ഇതു സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകില്ലെന്നും ഏഴ് സീറ്റിലേക്കും ഉടന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും എ.ഐ.സി.സി വക്താവ് പി.സി ചാക്കോ അറിയിച്ചു. ഇത് കോണ്‍ഗ്രസിനും യു.പി.എക്കും കനത്ത തിരിച്ചടിയാകുമെന്നുറപ്പാണ്. ബി.ജെ.പിയാണിതിലൂടെ ലാഭം കൊയ്യുക. ഇത് കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും അറിയാത്തതുമല്ല. ചെറിയ വിട്ടുവീഴ്ചകള്‍ക്ക് പാര്‍ട്ടികള്‍ തയാറാകാത്തതാണ് പ്രശ്‌നം വശളാക്കിയത്. 

ദല്‍ഹി്ക്കൊപ്പം ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. ദില്ലി മാത്രം ചര്‍ച്ചയ്ക്ക് എടുത്താല്‍ മതിയെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ഇതേച്ചൊല്ലി ഏറ്റുമുട്ടിയതിനു ശേഷവും ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു.
ആം ആദ്മി പാര്‍ട്ടി സഖ്യം വേണോ എന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ വലിയ തമ്മിലടിയും നടന്നിരുന്നു.

എ.എ.പിക്ക് പിടിവാശിയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അത് അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും കോണ്‍ഗ്രസ് വക്താവ് പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നേരത്തെയുണ്ടായിരുന്ന പ്രതികരണം. എന്നാല്‍ സഖ്യ ചര്‍ച്ച ടിറ്ററിലൂടെയല്ല നടത്തേണ്ടതെന്നായിരുന്നു അരവിന്ദ് കെജ്രിവാള്‍ ഇതിനോട് പ്രതികരിച്ചത്.

ആകെയുള്ള ഏഴ് സീറ്റില്‍ നാലിടത്ത് എ.എ.പിയും മൂന്നിടത്ത് കോണ്‍ഗ്രസും മത്സരിക്കാമെന്നായിരുന്നു ധാരണ. ഇങ്ങനെ മത്സരിച്ചാല്‍ ദല്‍ഹി തൂത്തുവാരാമെന്നായിരുന്നു കണക്കു കൂട്ടല്‍. സഖ്യ ചര്‍ച്ച അവസാനിച്ചതോടെ ദല്‍ഹിയില്‍ ബി.ജെ.പിക്ക് സാധ്യത ഇരട്ടിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസും ആം ആദ്മിയും വെവ്വേറെ മത്സരിക്കുന്നതോടെ മതേതര വോട്ടുകള്‍ ഭിന്നിച്ചുപോകും. ഇതിലൂടെ ബി.ജെ.പിക്ക് സുഖമായി വിജയമുറപ്പിക്കാനാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകറുടെ കണക്കു കൂട്ടല്‍. മറിച്ചെന്തങ്കിലും സംഭവിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടിയും വരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.