2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഡയസ്‌പോറയുടെ ചുമരെഴുത്തുകാരന്‍

അന്തരിച്ച നൊബേല്‍ ജേതാവും ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനുമായ വി.എസ് നയ്‌പോളിനെ കുറിച്ച്

 

ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്

ഒരേസമയം ട്രിനിഡാഡുകാരനും ഇന്ത്യക്കാരനും ബ്രിട്ടീഷുകാരനുമായ എഴുത്തുകാരന്‍. ചിതറിത്തെറിക്കപ്പെട്ട പ്രവാസ സാംസ്‌കാരികതയുടെ (Diaspora) നോവ് അറിഞ്ഞും അറിയിച്ചും വായനക്കാര്‍ക്ക് ഒരേസമയം വെറുക്കാനും സ്‌നേഹിക്കാനുമുള്ള ചോയിസ് നല്‍കിയ വിഖ്യാത ബ്രിട്ടീഷ് നോവലിസ്റ്റ് -അതായിരുന്നു ശനിയാഴ്ച അന്തരിച്ച നൊബേല്‍ ജേതാവ് വിദ്യാധര്‍ സുരാജ്പ്രസാദ് നയ്‌പോള്‍ എന്ന വി.എസ് നയ്‌പോള്‍.

കോളിനിവല്‍ക്കരണാനന്തര ദേശീയതിലുള്ള രാജ്യങ്ങളുടെ അധിനിവേശാനന്തര ജീവിത പ്രശ്‌നങ്ങളും സ്വത്വപ്രതിസന്ധികളും സാംസ്‌കാരിക സംഘര്‍ഷങ്ങളും വേരു നഷ്ടപ്പെട്ട പ്രവാസവേദനകളും ഉള്‍പ്പെടുന്ന ചുമരെഴുത്തുകളാണ് നയ്‌പോളിന്റെ രചനാലോകം. അതിനിശിതമായി വിമര്‍ശിച്ചിട്ടുണ്ട് നയ്‌പോള്‍, ഭാരതത്തെ! കണക്കറ്റ് കളിയാക്കിയിട്ടുണ്ട്. തോട്ടികളുടെയും പാമ്പാട്ടികളുടെയും മന്ത്രവാദികളുടെയും കപടസന്ന്യാസിമാരുടെയും നാടെന്ന പേരുദോഷം മാത്രം ഉച്ചരിച്ച്, സാംസ്‌കാരികതയുടെ പ്രാക്തനഭൂമി കൂടിയായ തന്റെ സ്വന്തം ദേശത്തെ അവഹേളിച്ചിട്ടുമുണ്ട് ഈ ഇന്ത്യന്‍ വംശജന്‍. എന്നിട്ടും, നമ്മുടെ വായനാലോകം ആ നൊബേല്‍ ജേതാവിനെ നെഞ്ചോടുചേര്‍ത്തു തന്നെ പിടിച്ചു.
സ്വന്തം വേരുകളൂന്നിക്കിടക്കുന്ന ഇന്ത്യയെ വാക്കുകള്‍ കൊണ്ട് കടന്നാക്രമിച്ചു ക്ഷീണിച്ച ശേഷം, എത്ര തള്ളിപ്പറഞ്ഞാലും, എത്ര ഉയരങ്ങള്‍ കീഴടക്കിയാലും, ഒരിക്കലും തൂത്തുകളയാനാവാത്ത ചില യാഥാര്‍ഥ്യങ്ങള്‍ മാതൃത്വമെന്ന ഡി.എന്‍.എ സമ്മാനിക്കുന്നതിനെ അംഗീകരിക്കാതിരിക്കാനാവില്ല എന്ന കുറ്റസമ്മതം നടത്താന്‍ നയ്‌പോളിന് വര്‍ഷങ്ങളേറെ വേണ്ടി വന്നു- കൃത്യമായി പറഞ്ഞാല്‍ 2015ല്‍ ജയ്പൂരില്‍ നടന്ന അന്താരാഷ്ട്ര ലിറ്റററി ഫെസ്റ്റ് വരെ.
മുഖ്യാതിഥിയായി, രണ്ടാം ഭാര്യ നാദിറ ആല്‍വിയുടെ കൈപിടിച്ച് വീല്‍ചെയറില്‍ വേദിയിലെത്തിയ നയ്‌പോളിന് സദസ് എഴുന്നേറ്റ്, കരഘോഷം കൊണ്ടു സ്വാഗതമോതിയപ്പോള്‍ അദ്ദേഹം വിതുമ്പിക്കരഞ്ഞത് അന്നു വലിയൊരു വാര്‍ത്തയായിരുന്നു.
അത്യപൂര്‍വമായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഈ സാഹിത്യ നൊബേല്‍ ജേതാവ്, ഇന്ത്യന്‍ വംശജനെന്നു പറയാന്‍ അറപ്പുള്ളവനാണെന്നു സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. ആ പ്രഖ്യാപനത്തെ ‘ഒരെഴുത്തുകാരന്റെ ബുദ്ധിജീവി ജാഡ’ എന്ന ജാര്‍ഗണ്‍ ഉപയോഗിച്ച് സാഹിത്യ കുതുകികള്‍ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. പക്ഷെ, കാലത്തിന്റെ അനിവാര്യമായ പരുവപ്പെടുത്തലുകളില്‍ കുരുങ്ങി, പ്രായത്തിന്റെ അവശതകള്‍ സമ്മാനിച്ച ജീവിതസായാഹ്നവേളയില്‍, സഞ്ചാരത്തിന് വീല്‍ചെയറിനെ ആശ്രയിക്കേണ്ടി വന്നിരുന്ന ഈ മഹാനായ നോവലിസ്റ്റ്, ഒടുവില്‍ തോല്‍വി സമ്മതിക്കുന്നതുപോലെ, രണ്ടു ലക്ഷം സാഹിത്യപ്രേമികളെ സാക്ഷിനിര്‍ത്തി, ജയ്പൂരില്‍ വച്ച്, ഒരു താപസനെപ്പോലെ മൊഴിഞ്ഞ ‘താങ്ക് യൂ’ ഓരോ ഇന്ത്യന്‍ വായനക്കാരനെയും മാപ്പു നല്‍കാന്‍ പ്രേരിപ്പിച്ചു.
തന്റെ പ്രശസ്ത നോവലായ ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസി’ന്റെ അന്‍പത്തി അഞ്ചാം വാര്‍ഷികം ആഘോഷിച്ചതിന്റെ ലഹരിത്തിമിര്‍പ്പുകള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്. ഇന്ത്യയെ വെറുക്കുന്ന, അല്ലെങ്കില്‍ ഇന്ത്യയുടെ തിന്മകളെ പാശ്ചാത്യ പ്രസാധകര്‍ക്കു കേവലം മുപ്പത് വെള്ളിക്കാശിന് വിറ്റ് ഒറ്റിക്കൊടുക്കുന്ന ‘ഡയ്‌സ്‌പോറിക് ‘ എഴുത്തുകാരന്‍ എന്ന പേരുദോഷത്തില്‍നിന്നു മുക്തിനേടുന്നതിന്റെ ലക്ഷണങ്ങള്‍ അദ്ദേഹം അവസാനകാലം പ്രകടിപ്പിച്ചിട്ടുണ്ട്.
ചാള്‍സ് ഡിക്കന്‍സ് കഴിഞ്ഞാല്‍ ലോക നോവല്‍സാഹിത്യത്തിലെ അത്ഭുതം എന്നു വിശേഷിപ്പിക്കാനാവുന്നത് നയ്‌പോള്‍ ആണെന്നു പറഞ്ഞത് പോള്‍ തെറൂ ആണ്. അതൊരു ‘ഓവര്‍ സ്റ്റേറ്റ്‌മെന്റ് ‘ ആണോ എന്ന സന്ദേഹത്തെ താലോലിക്കാന്‍ വരട്ടെ. സമ്പൂര്‍ണമായ കഥകള്‍ പറയുന്ന നോവലുകള്‍ ഡിക്കന്‍സിനുശേഷം അതിമനോഹരമാംവിധം ലോകം വായിച്ചത് നയ്‌പോളിലൂടെയാണ്. അതും ഒരു കുടുംബത്തെ, മനുഷ്യസ്വഭാവത്തെ, ബന്ധങ്ങളെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥാപരിസരങ്ങളും ഒരു മനുഷ്യന്‍ എങ്ങിനെ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആഖ്യാനരീതിയും കൊണ്ട് സമ്പന്നമായ രചനാവിശേഷത്തോടെ.
മലം ചുമക്കുന്നവരുടെ രാജ്യത്തെ ഒരു വംശജനെന്ന് അറിയപ്പെടുന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ അദ്ദേഹം സാംസ്‌കാരികതയുടെ ഈറ്റില്ലമായ ഒരു നാഗരികതയെ മുഴുവന്‍ അവഹേളിക്കുകയായിരുന്നുവെന്ന് വായനാലോകം പതം പറഞ്ഞു. പക്ഷെ, നയ്‌പോളിന്റെ രചനകള്‍ സ്പര്‍ശിച്ച ഇതേ വായനാലോകം അദ്ദേഹം വരച്ചുകാണിച്ച ജീവിതങ്ങളെ ഇക്കാരണത്താല്‍ ഉപേക്ഷിക്കാന്‍ തയാറായിരുന്നില്ല.
അതുകൊണ്ടാണല്ലോ, കേരളമടക്കമുള്ള ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വകലാശാലകളുടെയും സിലബസുകളില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കൃതികള്‍ ഇഴയിടകള്‍ കീറിമുറിക്കപ്പെട്ടു വിശകലനം ചെയ്യപ്പെടുന്നതും അരങ്ങുവാണു ജീവിക്കുന്നതും!
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വികസിക്കുന്ന കഥകള്‍ പറയുന്നതാണ് നയ്‌പോളിന്റെ രചനാരീതി. സല്‍മാന്‍ റുഷ്ദിയും അരവിന്ദ് അഡിഗയും ജുംപാ ലാഹിരിയുമടങ്ങുന്ന ‘ഡയസ്‌പോറിക് ‘ രചയിതാക്കള്‍ മാന്‍ ബുക്കര്‍ പ്രൈസടക്കമുള്ള പല പുരസ്‌കാരങ്ങളും നേടിയത് ഇന്ത്യയെ ഇകഴ്ത്തിക്കൊണ്ടുള്ള ചിത്രീകരണങ്ങളിലൂടെ തന്നെയാണ്. എന്നാല്‍, നൊബേല്‍ സാഹിത്യപീഠം കയറിയ നയ്‌പോള്‍, ഇക്കൂട്ടരേക്കാള്‍ എന്തുകൊണ്ടും മഹത്തരമായ കൃതികള്‍ ലോകത്തിനു സമ്മാനിച്ചു.
പ്രായാധിക്യം കൊണ്ട് തളര്‍ന്നുതുടങ്ങിയ മനസ്, അല്ലെങ്കില്‍ കാലചംക്രമണം കൊണ്ടു താപസതുല്യമാകുന്ന വീക്ഷണം- ഇതെന്തുകൊണ്ടോ ആയിരിക്കും അദ്ദേഹം തന്റെ പൂര്‍വികരുടെ മണ്ണിലേക്കു വന്ന് ഈ മണ്ണിന്റെ ‘ഒരു ഫീല്‍’ കിട്ടാനാണെന്നു തുറന്നുപറഞ്ഞത്. ‘എ മില്യന്‍ മ്യൂട്ടിനീസ് നൗ’, ‘ഏന്‍ ഏരിയ ഓഫ് ഡാര്‍ക്‌നസ് ‘ എന്നീ ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള നോവലുകളും, വെറുപ്പിനൊടുവില്‍ അദ്ദേഹം സ്‌നേഹിച്ചുതുടങ്ങിയ ഭാരതത്തിന്റെ സാംസ്‌കാരികതയുടെ വ്യക്തമായ ഓര്‍മപ്പെടുത്തലുകളായി ചരിത്രത്തില്‍ അവശേഷിക്കും, തീര്‍ച്ച.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.