2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അത്ര വിദൂരത്തൊന്നുമല്ല സൈബര്‍ യുദ്ധം

 • റാന്‍ മൂളിക്കുന്ന റാന്‍സംവെയര്‍ -2

 

കരീം യൂസുഫ് തിരുവട്ടൂര്‍

എതിരാളിയെ ശാരീരിക, മാനസിക, സാമ്പത്തിക പീഡനത്തിന് ഇരയാക്കി വരുതിയില്‍നിര്‍ത്തുമ്പോഴാണു യുദ്ധം വിജയിക്കുന്നത്. കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗപ്പെടുത്തി ശത്രുരാജ്യത്തോടു യുദ്ധം ചെയ്യാമെന്ന സങ്കല്‍പ്പം പത്തുവര്‍ഷം മുന്‍പുവരെ ഇന്റര്‍നെറ്റ് ലോകത്തെ ‘ടെക്കി ജോക്ക് ‘ മാത്രമായിരുന്നു. ഇന്ന് ആ ആശയം പ്രായോഗികമാണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു.

ആയുധംകൊണ്ടു ശത്രുവിനെ ജയിക്കുന്ന കാലം അവസാനിച്ചു. ഇപ്പോള്‍ യുദ്ധം ഇന്റര്‍നെറ്റിലൂടെയാണ്. ആധുനികശാസ്ത്ര സാങ്കേതികവിദ്യയുടെ നേട്ടമായ ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തി ശത്രുരാജ്യത്തിന്റെ നെറ്റ് വര്‍ക്കുകളില്‍ നുഴഞ്ഞുകയറി നാശനഷ്ടം വരുത്തുകയോ നിയന്ത്രണമേറ്റെടുക്കുകയോ ചെയ്യുന്നതാണു സൈബര്‍ യുദ്ധത്തിന്റെ രീതി. ഏറ്റവുംകുറഞ്ഞ ചെലവില്‍ ശത്രുരാജ്യത്തോടു യുദ്ധം ചെയ്യാം, മുഖാമുഖം ഏറ്റുമുട്ടുന്നതിനേക്കാള്‍ ആഘാതമുണ്ടാക്കാം തുടങ്ങിയവയാണ് ഈ യുദ്ധത്തിന്റെ മേന്മ.

സാങ്കേതികവിദ്യയില്‍ ഉന്നതരായ അമേരിക്കയെപ്പോലൊരു രാജ്യത്തെ തോല്‍പ്പിക്കാന്‍ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യത്തെ സമര്‍ത്ഥനായ ഒരു ഹാക്കര്‍മാത്രം വിചാരിച്ചാല്‍ കഴിയുമെന്ന വസ്തുത സൈബര്‍ യുദ്ധത്തിന്റെ ആഴം വിളിച്ചോതുന്നു. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ വാങ്ങാനും ശമ്പളം തൊട്ട് ഇന്‍വെസ്റ്റ്‌മെന്റ് വരെയുള്ള ഇടപാടുകള്‍ നടത്താനും ഇന്റര്‍നെറ്റിന്റെ സഹായം ഉപയോഗപ്പെടുത്തുന്ന കാലത്ത് സൈബര്‍ ഭീകരതയുടെ ശക്തിയും വിനാശസാധ്യതയും സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറത്താണ്. രാജ്യരഹസ്യങ്ങളിലേയ്ക്കും വ്യക്തിയുടെ സ്വകാര്യതയിലേയ്ക്കും അതിവേഗം നുഴഞ്ഞുകയറി നാശംവിതയ്ക്കാന്‍ അതിനു കഴിയും.

ഒരു കംപ്യൂട്ടറിനെ ആക്രമിച്ചു നശിപ്പിക്കാന്‍ വേണ്ടതു നാലരമിനുറ്റ് മാത്രം. ഒരു നെറ്റ് വര്‍ക്കിനെ വരുതിയിലാത്താന്‍ പത്തുമിനുട്ട്. അമേരിക്കയെപ്പോലൊരു വന്‍ശക്തിയെ പരിപൂര്‍ണമായും നിശ്ചലമാക്കാന്‍ (തകര്‍ക്കാന്‍) പതിനഞ്ചു മിനുറ്റ്. ഇതാണ് സൈബര്‍ ലോകത്തെ ആധികാരിക കണക്ക്. അതിനു വിലയേറിയ ആയുധങ്ങളുടെ സഹായം വേണ്ട. രക്തപ്പുഴ ഒഴുക്കേണ്ട. കായികമായ നേരിയ അധ്വാനംപോലും വേണ്ട. ലോകത്തിന്റെ ഏതു മൂലയിലിരുന്നും വിനാശം വിതയ്ക്കാന്‍ കഴിയും.

ലോകചരിത്രത്തിലെ അറിയപ്പെടുന്ന യുദ്ധങ്ങള്‍ കഴിഞ്ഞുപോയതു മാരകായുധങ്ങള്‍ ഉപയോഗപ്പെടുത്തി മനുഷ്യര്‍ തമ്മില്‍പോരടിച്ചിട്ടായിരുന്നു. നാം ജീവിക്കുന്ന കാലം സൈബര്‍ യുദ്ധങ്ങളുടേതാണ്. പ്രോഗ്രാമുകള്‍ക്കൊണ്ട് എതിരാളിയെ നിലംപരിശാക്കുന്ന കാലം. ഇവിടെ ആള്‍ബലത്തേക്കാള്‍ ബുദ്ധിശക്തിയാണാവശ്യം. ലോകത്തെ ഏതു വമ്പന്‍രാഷ്ട്രത്തെ തറപറ്റിക്കാനും ഏതെങ്കിലുമൊരു സൈബര്‍ പോരാളി വിചാരിച്ചാല്‍ മതിയെന്നു സാരം.

അനുവാദമില്ലാതെ മറ്റുള്ളവരുടെ കംപ്യൂട്ടറിലേക്കു നുഴഞ്ഞു കയറ്റം നടത്തുന്നവരുണ്ട്. ഇവരെ വിശേഷിപ്പിക്കപ്പെടുന്ന പേരുകളാണു ഹാക്കറും ക്രാക്കറും. ഉപദ്രവകാരിയല്ലാത്ത നുഴഞ്ഞുകയറ്റക്കാരനാണു ഹാക്കര്‍. ഇവരുടെ പ്രവര്‍ത്തനത്തിന്റെ പേരാണു ഹാക്കിങ്. ഉപദ്രവകാരിയായ നുഴഞ്ഞുകയറ്റക്കാരനാണു ക്രാക്കര്‍. ഇവര്‍ കമ്പ്യൂട്ടര്‍ ശൃംഖലയെ തകര്‍ക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യും.
പ്രശസ്തമായ കമ്പനികളുടെ കമ്പ്യൂട്ടര്‍ സുരക്ഷയ്ക്കു ഹാക്കര്‍മാരെ നിയമിക്കാറുണ്ട്. അതെന്തിനാണെന്നോ. നെറ്റ്‌വര്‍ക്കിനെ ആക്രമിക്കുന്ന ഉപദ്രവകാരികളെ നശിപ്പിക്കാന്‍. ഇവരുടെ മുഴുവന്‍ പേര് എത്തിക്കല്‍ ഹാക്കര്‍മാര്‍ എന്നാണ്. വൈറ്റ് ഹാറ്റ് ഹാക്കര്‍മാരെന്നും പറയും.

ഒരു നെറ്റ് വര്‍ക്കിന്റെ മുഴുവന്‍ രഹസ്യവും അറിയാവുന്ന ഇവര്‍ തങ്ങളുടെ നെറ്റ് വര്‍ക്കിനെ സുരക്ഷിതമാക്കാന്‍ ഉപയോഗിക്കുന്ന രഹസ്യങ്ങളുണ്ട്. ഇവ മോഷ്ടിച്ചാണു പലപ്പോഴും ക്രാക്കര്‍ നെറ്റ്‌വര്‍ക്കിനെ ആക്രമിക്കുന്നത്. സുരക്ഷനല്‍കുന്നവരും ആക്രമിക്കുന്നവരും ഹാക്കറെന്ന ഒറ്റപ്പേരിലാണ് അറിയപ്പെടുന്നത്.

 • ഇന്റര്‍നെറ്റ് കൊള്ള
  മോഷണം ഇരുട്ടിന്റെ മറവിലോ ആയുധവും ആള്‍ബലംകൊണ്ടോ നടത്തുന്ന കാലമല്ലിത്. ഇന്റര്‍നെറ്റിലൂടെയുള്ള കൊള്ളയ്ക്ക് ഇപ്പോള്‍ കൈയും കണക്കുമില്ലാതായിരിക്കുന്നു. ബാങ്ക് നെറ്റ് വര്‍ക്കുകളില്‍ നുഴഞ്ഞുകയറി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു വന്നുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് വഴി സൈബര്‍ കുറ്റകൃത്യം നടത്തുന്ന സൈബര്‍ കുറ്റവാളികളാണു ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത്.
  ക്രാക്കിങ്ങിലൂടെ ദിനംപ്രതി നഷ്ടമായിക്കൊണ്ടിരിക്കുന്നതു കോടികളാണ്. ടെക്‌നോളജിയിലെ അതികായരായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, സോണി തുടങ്ങിയ കമ്പനികള്‍ക്കു നേരെയുണ്ടായ ക്രാക്കര്‍മാരുടെ ആക്രമണം ഇന്റര്‍നെറ്റിന്റെ സുരക്ഷയില്ലായ്മയാണു തെളിയിക്കുന്നത്.
 • സൈബര്‍ ആര്‍മി
  ഓരോ രാജ്യത്തിന്റെയും സുരക്ഷയുമായി ബന്ധപ്പെട്ടു കോടിക്കണക്കിനു രൂപയാണ് ഓരോ വര്‍ഷവും വകയിരുത്തപ്പെടുന്നത്. ഒരു രാജ്യത്തിന്റെ വാര്‍ത്താവിനിമയം, രാജ്യസുരക്ഷ തുടങ്ങിയ തന്ത്രപ്രധാനമേഖലകളില്‍ നുഴഞ്ഞു കയറി നാശനഷ്ടം വരുത്തുന്ന സൈബര്‍ യുദ്ധം ചെയ്യാന്‍ പല രാജ്യങ്ങളും സൈബര്‍ ആര്‍മി രൂപീകരിച്ചു കഴിഞ്ഞു. ചൈനയുടെ സൈബര്‍ ആര്‍മിയാണ് അംഗബലം കൊണ്ട് മുന്നിട്ടു നില്‍ക്കുന്നത്.
 • സൈബര്‍ യുദ്ധത്തിന്റെ തുടക്കം
  ലോകരാജ്യങ്ങളിലെ ആണവനിലയങ്ങള്‍, എണ്ണശുദ്ധീകരണശാലകള്‍ തുടങ്ങിയവയുടെ കമ്പ്യൂട്ടര്‍ ശൃംഖലകളെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന നിരവധി പ്രോഗ്രാമുകള്‍ ലോകത്തുണ്ടായിട്ടുണ്ട്. ഇവയുടെ നെറ്റ് വര്‍ക്കുകളില്‍ സംഭവിക്കുന്ന സൂക്ഷ്മമായ പാളിച്ചകള്‍ പോലും ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിക്കും. ആണവനിലയങ്ങളുടെ നിയന്ത്രണം വൈറസുകള്‍ ഏറ്റെടുത്താലുണ്ടാകുന്ന അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിച്ചുനോക്കുക.
  എണ്ണക്കമ്പനിയെ ലക്ഷ്യമിട്ട് ആഗോളതലത്തില്‍ പടര്‍ന്ന യു.എസ്.ബി വൈറസായ സ്റ്റക്‌സ്‌നെറ്റ് 2010ല്‍ ഇറാനിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇറാനെതിരായി സൃഷ്ടിക്കപ്പെട്ട ആ വൈറസ് ഇസ്രായേല്‍ -അമേരിക്കന്‍ കൂട്ടു കെട്ടിന്റെ ഫലമായാണു രൂപപ്പെട്ടു വന്നതെന്ന് കരുതുന്നു. കോടികളുടെ നഷ്ടമാണ് അന്ന് ഇറാനുണ്ടായത്. വൈറസ് ബ്ലോക്കാഡയെന്ന ആന്റി വൈറസ് കമ്പനിയാണ് സ്റ്റക്‌സ്‌നെറ്റിനെ തിരിച്ചറിഞ്ഞത്.
  സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്റ് ഡാറ്റാ അക്വിസേഷന്‍ സിസ്റ്റങ്ങളെ (പ്രവര്‍ത്തന മേല്‍നോട്ടത്തിനും വിവരശേഖരണത്തിനും ഉപയോഗപ്പെടുത്തുന്നവ) ആക്രമിക്കുന്ന ആദ്യത്തെ മാല്‍വെയര്‍ കൂടിയാണു സ്റ്റക്‌സ്‌നെറ്റ്. ഇതിന് ആദ്യം നല്‍കിയ പേര് റൂട്ട് കിറ്റ് ടെമ്പ് ഹൈഡര്‍ എന്നാണ്. പിന്നീട് ഡബ്ലിയു 32 ടെമ്പ് ഹൈഡ് എന്നും ഒടുവില്‍ സ്റ്റക്‌സ്‌നെറ്റ് എന്നും പേരു നല്‍കി.
  2012 ല്‍ ഇറാന്റെ സൃഷ്ടിയാണെന്ന് കരുതപ്പെടുന്ന ഷാമൂണ്‍ വൈറസാണ് എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടത്. ഇവ ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിയായ സൗദി അറേബ്യയിലെ അരാംകോയിലെ മൂന്നു ലക്ഷം കമ്പ്യൂട്ടറുകളെയാണ് ആക്രമിച്ചത്. കൂട്ടത്തില്‍ അമേരിക്കയുടെ എണ്ണക്കമ്പനിയായ എക്‌സോണ്‍ മൊബീലിനു ഷെയറുള്ള രാസ്ഗ്യാസിനെയും ആക്രമിച്ചു കീഴ്‌പ്പെടുത്തി.
  ഡിസ്ട്രാക് എന്ന പേരില്‍ അറിയപ്പെടുന്ന ഈ വൈറസിനെ തിരിച്ചറിയാന്‍ ഇസ്രായേല്‍ ക്ലൗഡ് ബേസ്ഡ് നെറ്റ് വര്‍ക്ക് കമ്പനിയായ സെക്യുലര്‍ട്ട്,നോര്‍ത്തണ്‍ ആന്റി വൈറസ് കമ്പനിയായ സിമാന്റക്, കസ്പ്രസ്‌കി ലാബ് തുടങ്ങിയ ലോകത്തെ ഉയര്‍ന്ന സുരക്ഷാവിഭാഗങ്ങളുടെ ദിവസങ്ങളുടെ കഠിനാദ്ധ്വാനം വേണ്ടിവന്നു.
 • സൈബര്‍ വാര്‍
  2007 മേയ് മൂന്നാം തീയതിയില്‍ റഷ്യയിലെ ഒരു കൂട്ടം ഹാക്കര്‍മാര്‍ചേര്‍ന്ന് എസ്റ്റോണിയയ്‌ക്കെതിരേ നടത്തിയ സൈബര്‍ ആക്രമണമാണ് ആദ്യത്തെ സൈബര്‍ യുദ്ധമായി കണക്കാക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചവരെ കൂടെയുണ്ടായിരുന്ന പ്രവിശ്യയാണു എസ്റ്റോണിയ. സ്വാതന്ത്ര്യം നേടിയതോടെ എസ്റ്റോണിയ റഷ്യയുടെ മുഖ്യശത്രുവായി. ഇതോടെ സൈബര്‍ യുദ്ധവും തുടങ്ങി.
  ഇതില്‍ എസ്റ്റോണിയയുടെ വാര്‍ത്താവിനിമയ, ധനകാര്യ, ഗതാഗത മേഖലകള്‍ കീഴടക്കാന്‍ റഷ്യക്ക് കഴിഞ്ഞു. റഷ്യന്‍ ബിസിനസ്സ് നെറ്റ് വര്‍ക്ക് എന്ന പേരായ ഹാക്കര്‍മാരെയാണ് ആക്രമണത്തിനായി റഷ്യ നിയോഗിച്ചത്. ബോട്ട് നെറ്റുകളെ (വിവിധ കേന്ദ്രങ്ങളിലായി സ്ഥിതി ചെയ്യുന്ന ഹാക്കിങ് പ്രോഗ്രാമുകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകള്‍) ഉപയോഗപ്പെടുത്തിയാണ് ഈ ആക്രമണംനടത്തിയത്.
 • ഹാക്കര്‍മാരുടെ ചെയ്തികള്‍
  വമ്പന്‍ കമ്പനികളുടെ ബാങ്കിങ് നെറ്റ് വര്‍ക്കുകളില്‍ കയറി പണം കൊള്ളയടിക്കും. രാജ്യത്തിന്റെ സുരക്ഷാരഹസ്യങ്ങള്‍ ചോര്‍ത്തി വിദേശ രാജ്യങ്ങള്‍ക്കു നല്‍കും. സൈനികസുരക്ഷാ വെബ്‌സൈറ്റുകളുടെ നിയന്ത്രണമേറ്റെടുക്കും. ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളെ താറുമാറാക്കും.
 • ഫിഷിങ്
  ഹാക്കര്‍മാര്‍ രഹസ്യം ചോര്‍ത്താന്‍ ഉപയോഗിക്കുന്ന വിദ്യയാണിത്. ലോകത്തെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളുടെ വെബ് സൈറ്റിനോട് സാമ്യമുള്ള വെബ്‌സൈറ്റുകള്‍ നിര്‍മിക്കുകയും ഈ മെയിലിലൂടെയും മറ്റും ഉപയോക്താക്കളെ ലിങ്കുകള്‍ വഴി വെബ്‌സൈറ്റിലെത്തിച്ചു വിവരങ്ങള്‍ ചോര്‍ത്തുകയുമാണു ചെയ്യുന്നത്.
  എ.ഒ.ഹെല്‍ എന്ന ഹാക്കിങ് ടൂള്‍ ഉപയോഗിച്ച് ഒരുകാലത്തു വ്യാപകമായ ഫിഷിങ് നടത്തിയിരുന്നു. ഫിഷിങിന്റെ ഭാഗമായ എസ്.എം.എസ് ഫിഷിങുപയോഗിച്ചും നിരവധി തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. നല്‍കാത്ത ഓര്‍ഡറുകള്‍ നല്‍കിയെന്നാരോപിച്ചും ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാന്‍ മെസേജിലെ യു.ആര്‍.എല്‍ വഴി ക്ലിക്ക് ചെയ്യാന്‍ നിര്‍ദേശിച്ചും ഇതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്ന ഉപയോക്താവിനു സാമ്പത്തികനഷ്ടം വരുത്തിവയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News