2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ശിഖണ്ഡികളെ മുന്‍നിര്‍ത്തിയുള്ള സൈബര്‍ ആക്രമണങ്ങളെ നേരിടുമെന്ന് മുല്ലപ്പളളി

 

  • ആലപ്പുഴയിലെ പരാജയം അന്വേഷിക്കാന്‍ പ്രത്യേക സമിതി
  • സി.ഒ.ടി നസീറിന്‌ കോണ്‍ഗ്രസിലേക്ക് സ്വാഗതം

കാസര്‍കോട്: ആലപ്പുഴയിലെ യു.ഡി.എഫ് പരാജയത്തിന് പിന്നിലെ സംഘടനാപരമായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രഫ.കെ.വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലപ്പുഴയിലെ പരാജയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. പി.സി വിഷ്ണുനാഥ്, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്. ഈ സമിതി രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനനുസരിച്ച് തിരുത്തല്‍ നടപടി ആവശ്യമെങ്കില്‍ അതുള്‍പ്പെടെയുള്ള നടപടിയുണ്ടാകും.
അതേ സമയം, പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും നേതാക്കളുടെ തലയില്‍ കെട്ടിവെക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വരുന്ന ആറ് ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ കോണ്‍ഗ്രസിന്റെ അഭ്യുദയകാംക്ഷികള്‍ എന്ന പേരില്‍ നേതാക്കളെ സ്വഭാവഹത്യ നടത്തുകയാണെന്നും ശിഖണ്ഡികളെ മുന്‍നിര്‍ത്തിയുള്ള സൈബര്‍ ആക്രമണങ്ങളെ നേരിടുമെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഐ.ടി സെല്‍ ചെയര്‍മാന്‍ കൂടിയായ ശശി തരൂരിനോട് ആവശ്യപ്പെട്ടതായും മുല്ലപ്പള്ളി പറഞ്ഞു.

സോഷ്യല്‍ മീഡിയ മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് സമര്‍ത്ഥമായി ഉപയോഗിക്കാനായിട്ടില്ല. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശശി തരൂര്‍ ഇക്കാര്യം സമര്‍പ്പിച്ചിട്ടുണ്ട്. എ.കെ ആന്റണിക്കെതിരേയാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണമുണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാര്‍ട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 17ന് ഡല്‍ഹിയിലേക്ക് പോകും. തലശ്ശേരിയില്‍ അക്രമിക്കപ്പെട്ട സി.ഒ.ടി നസീര്‍ കോണ്‍ഗ്രസിലേക്ക് വരികയാണെങ്കില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.