2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

ഇടിവീരന്‍മാരായ പൊലിസുകാരെ സര്‍വിസില്‍ നിലനിര്‍ത്തരുതെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

 

തിരുവനന്തപുരം: ലോക്കപ്പുകളിലെ ഇടിവീരന്‍മാരെയും കസ്റ്റഡി മരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പൊലിസുകാരെയും സര്‍വിസില്‍ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പൊലിസ് സ്റ്റേഷനിലും കമ്മിഷന്‍ ചെയര്‍മാന്‍ ആന്റണി ഡൊമിനിക് സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷം തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജയിലില്‍ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റര്‍ പീരുമേട് സബ്ജയിലില്‍ ഇല്ലെന്ന് കമ്മിഷന്‍ കണ്ടെത്തി.

ജയിലില്‍ പ്രതിയെ എത്തിക്കുന്ന സമയത്തെ ആരോഗ്യസ്ഥിതി പരിശോധിക്കണം. അവരെ ഡോക്ടര്‍ കൃത്യമായി പരിശോധിച്ച് രോഗവിവരങ്ങളും പരുക്കുകളും കൃത്യമായി രേഖപ്പെടുത്തിട്ടുണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ശാരീരികാവസ്ഥയും പരുക്കുകളും പരിശോധിച്ച് പ്രതിയോട് നേരിട്ട് സംസാരിച്ച് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു രജിസ്റ്റര്‍ ജയിലില്‍ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഇതാണ് പീരുമേട് സബ്ജയിലില്‍ ഇല്ലെന്ന് കമ്മിഷന്‍ കണ്ടെത്തിയത്.

ജയില്‍ ഉദ്യോഗസ്ഥര്‍ രജിസ്റ്ററിലെ ഉള്ളടക്കം സ്വതന്ത്രമായി രേഖപ്പെടുത്തണം. ഇതിന്റെ കൃത്യത ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു.
പൊലിസ് സ്റ്റേഷന്‍, ജയില്‍ എന്നിവിടങ്ങളില്‍ നിന്നും മെഡിക്കല്‍ പരിശോധനക്ക് എത്തിക്കുന്നവരെ ഡോക്ടര്‍മാര്‍ കൃത്യമായി പരിശോധിച്ച് നിഷ്പക്ഷമായി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.