2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

Editorial

ന്യായീകരിച്ചാല്‍ മായുമോ കാക്കിക്രൂരതകള്‍


 

കഴിഞ്ഞദിവസം വാട്‌സ്ആപ്പില്‍ ഒരു ടെലിഫോണ്‍ സംഭാഷണം കേള്‍ക്കാനിടയായി.
ചാനല്‍ ഓഫിസിലേയ്ക്ക് കുറച്ചുകാലം തൊടുപുഴയില്‍ ജോലി ചെയ്ത പൊലിസുകാരന്‍ വിളിച്ചതാണ്. അക്കാലത്ത് ഇടുക്കിയില്‍ റിപ്പോര്‍ട്ടറായിരുന്നയാളോടായിരുന്നു സംസാരം.
പൊലിസുകാര്‍ എല്ലാം മറന്നു സമൂഹത്തെ സേവിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. താന്‍ തൊടുപുഴയിലുണ്ടായിരുന്ന കാലത്ത് ആ പ്രദേശത്ത് ഒരൊറ്റ കളവും നടന്നിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അതെങ്ങനെയാണെന്നറിയാമോ എന്നതാണ് അടുത്ത ചോദ്യം. ഉത്തരവും അദ്ദേഹം പറഞ്ഞു: ”ഒരിക്കല്‍ കട്ടവനു പിന്നെ കക്കാന്‍ ഒരിക്കലും തോന്നില്ല. അവന്മാരെയൊക്കെ ഞങ്ങള്‍ അങ്ങനെയൊരു പരുവമാക്കുന്നതുകൊണ്ടാണു ജനങ്ങള്‍ക്കു പേടിക്കാതെ കിടന്നുറങ്ങാന്‍ കഴിയുന്നത്. അത് ആരും പറഞ്ഞിട്ടല്ല, ഞങ്ങളുടെ ആത്മാര്‍ഥതകൊണ്ടാ…”
സി.പി.ഒ തുടര്‍ന്നു, ”ഇടുക്കിയിലൊരു മോഷണം നടന്നാല്‍ ഞങ്ങള്‍ നേരേ മറയൂരിലേയ്ക്കു പോകും. പൊക്കേണ്ടവനെ പൊക്കും. അവനെ വേണ്ട വിധം ചോദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കും. അതു മേലുദ്യോഗസ്ഥന്മാരുടെ ഉത്തരവുകൊണ്ടല്ല. നാട്ടുകാര്‍ വല്ലതും തന്നിട്ടുമല്ല. ഞങ്ങളുടെ ആത്മാര്‍ഥത കൊണ്ടാ… ”
ഇത്രയും പറഞ്ഞശേഷം അദ്ദേഹം റിപ്പോര്‍ട്ടറോട് ചോദിച്ചു, ”ഇത്രയൊക്കെ ചെയ്തിട്ടും ലോക്കപ്പില്‍ കിടന്ന ആരെങ്കിലും ചത്തുപോയാല്‍ നിങ്ങളെല്ലാം കൂടി ഞങ്ങള്‍ക്കെതിരേ തിരിയും. ഞങ്ങളുടെ ജീവിതം തൊലിപൊളിച്ചു കാണിക്കാനാകും ശ്രമം. ഇതൊന്നും മര്യാദയല്ല. ഞങ്ങള്‍ക്കു കടുത്ത പ്രതിഷേധമുണ്ട്.”
പിന്നീടദ്ദേഹം നെടുങ്കണ്ടം ഉരുട്ടിക്കൊലയിലേയ്ക്കു കടന്നു, ”അയാളെ ചോദ്യം ചെയ്ത പൊലിസുകാര്‍ എന്തു പിഴച്ചു. സൗഹാര്‍ദത്തോടെ ചോദിച്ചാല്‍ അയാള്‍ നടത്തിയ വെട്ടിപ്പുകള്‍ തുറന്നുപറയുമോ. ഒളിപ്പിച്ച പണം കാണിച്ചു തരുമോ. എന്തിനാ പൊലിസുകാര്‍ പൊലിസ് രീതിയില്‍ ചോദ്യം ചെയ്യുന്നത്. നാട്ടുകാര്‍ക്കു വേണ്ടിയല്ലേ. എന്നിട്ടും നിങ്ങള്‍ മാധ്യമങ്ങള്‍…. ഇതൊന്നും ശരിയല്ല. കടുത്ത പ്രതിഷേധമുണ്ട്.”… ഇങ്ങനെ നീളുന്നു ആ സംഭാഷണം.
ഇതിനെക്കുറിച്ച് ഒരു കമന്റ് നടത്തുന്നതിനു മുമ്പ് ഒരു കാര്യം പറയട്ടെ. കേരളത്തിലെ പൊലിസുകാരില്‍ മഹാഭൂരിപക്ഷവും ആത്മാര്‍ഥതയും അര്‍പ്പണമനോഭാവവും മനുഷ്യത്വവുമുള്ളവരാണെന്നതില്‍ സംശയമേയില്ല. സ്വന്തം കാര്യങ്ങള്‍ നോക്കാതെ ജോലി ചെയ്യുന്നവരും നന്നായി പെരുമാറാനറിയുന്നവരും മനുഷ്യത്വമുള്ളവരുമാണ് അവരില്‍ ബഹുഭൂരിപക്ഷവും. പലപ്പോഴും പ്രതികളുടെയും പ്രക്ഷോഭകരുടെയും കൈയൂക്കിന് ഇരകളായിത്തീരുന്നുമുണ്ട് പൊലിസുകാര്‍.
അതൊക്കെ സമ്മതിക്കുമ്പോഴും, നെടുങ്കണ്ടം പൊലിസ് സ്റ്റേഷനില്‍ നടന്നതുപോലെ കുറ്റം തെളിയിക്കാന്‍ പ്രതിയെ അടിച്ചും ഉരുട്ടിയും കൊല്ലുന്ന പൊലിസുകാരെ ന്യായീകരിക്കാനാകില്ല. ന്യായീകരിക്കുന്നവരോടു യോജിക്കാനുമാകില്ല. മേലുദ്യോഗസ്ഥരുടെ ഉത്തരവനുസരിച്ചാണെങ്കില്‍പ്പോലും അത്തരമൊരു ക്രൂരകൃത്യത്തിനു പൊലിസുകാര്‍ സന്നദ്ധരാകരുതെന്നു നേരത്തേ ഒരു ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെയൊരു ഭരണഘടനയും നിയമനിര്‍മാണസഭകളും അവ അംഗീകരിച്ചതോ രൂപീകരിച്ചതോ ആയ നിയമങ്ങളുമുണ്ട്. അതനുസരിച്ചു മാത്രമേ ഓരോ ഭരണഘടനാസ്ഥാപനത്തിനും അധികാരസ്ഥാനത്തിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും ഓരോ പൗരനും പ്രവര്‍ത്തിക്കാനാകൂ. കോടതിയും പൊലിസുകാരും അതില്‍പ്പെടും, പെട്ടേ തീരൂ.
സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വിചാരണക്കോടതി വിധിക്കുകയും ഹൈക്കോടതി അതു ശരിവയ്ക്കുകയും ചെയ്ത വധശിക്ഷ സുപ്രിംകോടതി റദ്ദാക്കിയപ്പോള്‍ മിക്കവരും കടുത്തവിമര്‍ശനവുമായി രംഗത്തെത്തി. സൗമ്യയുടെ മരണത്തിനു കാരണക്കാരന്‍ ഗോവിന്ദച്ചാമിയാണെന്ന് എല്ലാവര്‍ക്കുമറിയാം. കേസില്‍ വിധി പറഞ്ഞ സുപ്രിംകോടതി ന്യായാധിപനും അങ്ങനെയായിരിക്കും വിശ്വസിക്കുന്നത്.
പക്ഷേ, വ്യക്തമായി തെളിവുണ്ടെങ്കിലേ ശിക്ഷിക്കാനാവൂ. തല്ലിച്ചതച്ചും ഉരുട്ടിയും കൊല്ലാക്കൊല ചെയ്തും തെളിവുണ്ടാക്കണമെന്ന് ഒരു നിയമവും പൊലിസിനോട് ആവശ്യപ്പെടുന്നില്ല. നിയമം കൈയിലെടുക്കാന്‍ പൊലിസിനും അധികാരമില്ല.
പൊലിസില്‍ ക്രിമിനലുകളുണ്ടെന്നും അവര്‍ ആ സേനയ്ക്കു നാണക്കോടാണെന്നും അതിലുള്ളവര്‍ തന്നെ അംഗീകരിക്കേണ്ടതുണ്ട്. അത്തരം പുഴുക്കുത്തുകളെ ന്യായീകരിക്കുന്നതിനല്ല, തൂത്തെറിയാനും ഒറ്റപ്പെടുത്താനുമാണ് പൊലിസ് സേനയിലെ ബഹുഭൂരിപക്ഷം വരുന്ന നല്ലവര്‍ ചെയ്യേണ്ടത്. അത്തരക്കാരെ ജനം സ്‌നേഹിക്കും, പ്രകീര്‍ത്തിക്കും.
2019 ജൂണ്‍ 25ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സംസ്ഥാന ഭരണകൂടത്തിനു നേരേ നിശിതമായൊരു ചോദ്യം തൊടുത്തുവിട്ടിരുന്നു. ‘ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ 1129 പൊലിസുകാര്‍ കേരളത്തിലുണ്ടെന്ന് എത്രയോ മാസം മുമ്പു നിങ്ങള്‍ തന്നെ അന്വേഷിച്ചു കണ്ടെത്തിയതാണ്. ഉടനെത്തന്നെ ഇവര്‍ക്കെതിരേ നടപടിയെടുക്കാമെന്ന് ഈ കമ്മിഷന്‍ മുമ്പാകെ നിങ്ങളുടെ പൊലിസ് മേധാവി ഉറപ്പുനല്‍കിയതുമാണ്. അതു കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിരിക്കുന്നു. എന്തു നടപടിയാണ് ഇക്കാര്യത്തില്‍ കൈക്കൊണ്ടത്.’
മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ഈ ചോദ്യമുന്നയിക്കുമ്പോഴേയ്ക്കും ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് ആരോഗ്യവാനായൊരു മനുഷ്യന്‍ പൊലിന്റെ ഇടിയും തൊഴിയുമേറ്റു മരിച്ചുകഴിഞ്ഞിരുന്നു. എന്നിട്ടും, ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ 1129 പൊലിസുകാരില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും ജോലിയിലുണ്ട്.
നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയ്ക്കു വിധേയനായ രാജ്കുമാര്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയാണെന്ന ന്യായീകരണമെങ്കിലും നടത്താം. വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ തല്ലുകൊണ്ടു മരിച്ച ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ എന്തു തെറ്റായിരുന്നു ചെയ്തത്. ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ ചിലര്‍ ചേര്‍ന്ന് ഒരാളുടെ വീടാക്രമിക്കുകയും അതിനെ തുടര്‍ന്നു ഗൃഹനാഥന്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത കേസില്‍ ആ സംഭവത്തില്‍ പങ്കില്ലെന്നു പറയപ്പെടുന്ന ശ്രീജിത്തിനെ കിടക്കപ്പായയില്‍ നിന്നു വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു കൊല്ലുകയായിരുന്നു.
ശ്രീജിത്തിന്റെ മരണത്തിനുത്തരവാദികളെ ഒരാളെപ്പോലും വെറുതെ വിടില്ലെന്ന് ഭരണാധികാരികളും പൊലിസ് ഉന്നതരും പറഞ്ഞു. പക്ഷേ, സംഭവിച്ചതോ. ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ പ്രതികളായ എല്ലാ പൊലിസുകാരെയും ജോലിയില്‍ തിരിച്ചെടുത്തു.
ഗവര്‍ണര്‍ക്കു വഴിയൊരുക്കുന്നതിനിടയില്‍ വഴിയരികില്‍ കാര്‍ നിര്‍ത്തിയ ആളുടെ മൂക്ക് ഇടിച്ചുതകര്‍ക്കാന്‍ പോലും മടിയില്ലാത്ത നിയമപാലകര്‍ ഇവിടെയുണ്ടായി. എന്തു നടപടിയെടുത്തു. നല്ല നടപ്പിനെന്ന പേരില്‍ സ്ഥലംമാറ്റി. അതിനപ്പുറമൊന്നും സംഭവിക്കാറില്ല.
ശിക്ഷിക്കപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റം നല്‍കില്ലെന്ന് 2019 ജനുവരി എട്ടിനു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി കേരള പൊലിസ് ആക്ടിലെ 101 (6) വകുപ്പില്‍ മാറ്റംവരുത്തുമെന്നും പ്രഖ്യാപിച്ചു. ഇതുവരെ ഒരു നടപടിയുമുണ്ടായില്ല.
പൊലിസ് സേനയില്‍ ക്രിമിനലുകള്‍ വളരാതിരിക്കാന്‍ പൊലിസുകാരെ നല്ലശീലം പഠിപ്പിക്കുമെന്നും അതിനു പ്രത്യേക ക്ലാസുകള്‍ നടത്തുമെന്നും കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. എന്തെങ്കിലും നടപടിയുണ്ടായതായി അറിയില്ല.
ഇതു തന്നെയാണു പ്രശ്‌നം. കുറ്റക്കാരനെതിരേ നടപടിയെടുത്തില്ലെങ്കില്‍ ആ രംഗത്തേയ്ക്കു കൂടുതല്‍ പേര്‍ വരും. ‘ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ 1129 പൊലിസുകാര്‍ക്കും ഒരു പോറല്‍പോലുമേറ്റിട്ടില്ലെന്ന ഉറപ്പിലാണല്ലോ നെടുങ്കണ്ടത്തെ പൊലിസുകാര്‍ ഉലയ്ക്കയെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.