2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

പുറത്തിറങ്ങുന്നവരെ അകത്താക്കണം


 

സര്‍ക്കാര്‍ നിരന്തരം ഉണര്‍ത്തിയിട്ടും അതൊന്നും വകവയ്ക്കാതെ ചിലര്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. കൊവിഡ്- 19 വ്യാപനത്തെ തടയാന്‍ ആരോഗ്യപ്രവര്‍ത്തകരും പൊലിസും കഠിനാദ്ധ്വാനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിനെ വിഫലമാക്കുംവിധമാണ് ചിലരില്‍ നിന്നുണ്ടാകുന്ന ചെയ്തികള്‍. ചെറുപ്പക്കാരാണ് ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവരില്‍ മുന്‍പന്തിയില്‍.

ദുരന്തമുഖങ്ങളിലെ കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ ഇറങ്ങുന്നവരുടെ മാനസികഘടനയാണ് ഇത്തരം ആളുകള്‍ക്കുള്ളത്. തങ്ങള്‍ക്കു രോഗമൊന്നുമില്ല, പിന്നെ പുറത്തിറങ്ങുന്നതിലെന്താണു കുഴപ്പമെന്ന ഇത്തരക്കാരുടെ ചോദ്യങ്ങളുണ്ടാകുന്നത് ഒന്നുകില്‍ അജ്ഞതയില്‍ നിന്നാണ്. അല്ലെങ്കില്‍ അറിഞ്ഞിട്ടുമുള്ള ധിക്കാരത്തില്‍ നിന്ന്. ചെറുപ്പക്കാര്‍ക്കു രോഗമുണ്ടാവില്ല എന്ന തെറ്റിദ്ധാരണയും നിയമം ലംലിച്ചു പുറത്തിറങ്ങാന്‍ ഇവര്‍ക്കു പ്രേരണയാകുന്നുണ്ട്.
ലോകാരോഗ്യ സംഘടന ഈ തെറ്റായ ധാരണയെ കഴിഞ്ഞ ദിവസം തിരുത്തിയിട്ടുണ്ട്. ചെറുപ്പക്കാര്‍ക്കും രോഗമുണ്ടാവാം. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരും വൈറസ് വാഹകരാവാമെന്നും പ്രത്യക്ഷത്തില്‍ അവര്‍ രോഗം പ്രകടിപ്പിക്കുന്നില്ലെങ്കിലും മറ്റുള്ളവര്‍ക്കു രോഗം പകരാന്‍ കാരണക്കാരാകുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങുന്ന മുതിര്‍ന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. സമൂഹത്തിനു മാതൃകയാവേണ്ട ചുമതലകള്‍ വഹിക്കുന്നവരില്‍ നിന്നു പോലും അതുണ്ടാകുന്നു. സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി ഇതിനു വലിയൊരു ഉദാഹരണം. നേരത്തെ തന്നെ വിവാദ നായകനായ ഇയാള്‍ പൊലിസിനോട് തട്ടിക്കയറുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പൗരബോധവും സാമൂഹ്യബോധവും അല്‍പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ രാജ്യത്തോടും സമൂഹത്തോടും നീതി പുലര്‍ത്താന്‍ ഇവരൊക്കെ വീടുകളില്‍ തന്നെ കഴിയുമായിരുന്നു. ഇരുചക്രവാഹനങ്ങളില്‍ വിജനത കണ്ടാസ്വദിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമായിരുന്നില്ല. നിരോധനം ലംഘിച്ചു പുറത്തിറങ്ങി യാത്ര ചെയ്തതിനു സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിനാളുകളെയാണ് അറസ്റ്റ് ചെയ്തത്. നിരവധി വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയുമുണ്ടായി. നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളില്‍ പോലും നിയന്ത്രണങ്ങള്‍ ലംഘിച്ചു പലരും വാഹനങ്ങളുമെടുത്തു പുറത്തിറങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസവും തെരുവുകളില്‍ കണ്ടത്.

ഏറ്റവും കൂടുതല്‍ നിയമലംഘകരുണ്ടായത് കോഴിക്കോട് നഗരത്തിലാണ്. ഊരും പേരുമില്ലാത്ത കടലാസ് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ എല്ലാം കെട്ടിപ്പൂട്ടി വീട്ടിലിരിക്കുന്നവരാണ് സമൂഹത്തിന്റെ സുരക്ഷ കരുതി പുറത്തിറങ്ങരുതെന്ന സര്‍ക്കാരിന്റെ നിരന്തരമായ അഭ്യര്‍ഥനകള്‍ക്കു പുല്ലുവില പോലും കല്‍പിക്കാതെ പുറത്തിറങ്ങി വിലസുന്നത്. പിടിക്കപ്പെടുന്നവര്‍ക്കെല്ലാം ഒറ്റക്കാരണം മാത്രമേ നിരത്താനുള്ളൂ. ഉപ്പും മുളകും അരിയും വാങ്ങാനെന്ന്. ഇതുതന്നെയാണ് പൊലിസിനെ ആക്രമിച്ച പെരുമ്പാവൂരിലെ സഹോദരങ്ങള്‍ക്കും പറയാനുണ്ടായിരുന്നത്. സാധനങ്ങള്‍ വാങ്ങാനെന്തിനാണു രണ്ടു പേരെന്ന പൊലിസിന്റെ ചോദ്യം അവര്‍ക്കു രസിച്ചില്ല. അവര്‍ പൊലിസുകാരെ മര്‍ദിച്ചു. അവരിപ്പോള്‍ ജയിലിലാണ്.
നിരന്തരമായ നിയന്ത്രണലംഘനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലായിരിക്കണം സംസ്ഥാന സര്‍ക്കാര്‍ കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ടാവുക. ഇതനുസരിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വയ്ക്കാന്‍ പൊലിസിനു കഴിയും. സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാരിന് അടച്ചിടാം. പൊതു, സ്വകാര്യ വാഹനഗതാഗതം തടയാം. സാമൂഹ്യ നിയന്ത്രണത്തിനു മാനദണ്ഡങ്ങള്‍ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും ആള്‍ക്കൂട്ടം തടയാം.

വളരെ ഗുരുതരമായ സ്ഥിതിവിശേഷത്തെയാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അരുതെന്നു പറഞ്ഞിട്ടും പലരും വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടിയാണു നിയന്ത്രണങ്ങളെന്നു പറയുന്ന പൊലിസിനെയും സര്‍ക്കാരിനെയും അവര്‍ വെല്ലുവിളിക്കുന്നു. ചെറിയൊരു ന്യൂനപക്ഷമാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതെങ്കിലും അതു പൊതുസമൂഹത്തിനാകെ ദ്രോഹമായി മാറുകയാണ്. ഒരു മഹാമാരിയെ തടയാന്‍ വീട്ടിലിരിക്കുന്നത് എത്രയോ വലിയ കാര്യമാണെന്ന് അവരോര്‍ക്കുന്നില്ല. ഉപദേശിക്കുന്ന പൊലിസിനെ കൈയേറ്റം ചെയ്യുന്നിടം വരെ കാര്യങ്ങളെത്തുമ്പോള്‍ ഈ സാമൂഹ്യദ്രോഹികളെ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചാലും കുഴപ്പമൊന്നുമുണ്ടാകാന്‍ പോകുന്നില്ല. മറിച്ച് അതൊരു സന്ദേശമായി മാറുകയും ചെയ്യും.

കൊവിഡ്- 19ന്റെ വ്യാപനം കൈവിട്ടുപോയാല്‍ തിരിച്ചെടുക്കാന്‍ വയ്യാത്ത അവസ്ഥ വരുമെന്ന യാഥാര്‍ഥ്യം അവരെന്താണ് ഓര്‍ക്കാത്തത്? ഇറ്റലി നല്‍കുന്ന പാഠവും അതാണ്. പൗരബോധമില്ലാത്ത സമൂഹമായി നമ്മുടെ നാട്ടുകാരില്‍ ചിലര്‍ മാറുകയാണോ? ഒരുവശത്തു ജനങ്ങളുടെ രക്ഷയ്ക്കു വേണ്ടി ജീവന്‍ പോലും വകവയ്ക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ അഹോരാത്രം ജോലി ചെയ്യുമ്പോള്‍ അവരെ പരിഹസിക്കും വിധമുള്ള പെരുമാറ്റങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉണ്ടായിക്കൂടാ. രാഷ്ട്രവും ജനതയും അവരുടെ മഹത്തായ സേവനങ്ങള്‍ക്ക് കൃതജ്ഞത അര്‍പ്പിക്കുമ്പോള്‍ അവരുടെ ജോലിഭാരം കുറയ്ക്കാന്‍ വേണ്ടിയും കൂടി നമ്മള്‍ വീടുകളില്‍ കഴിയുകയാണു വേണ്ടത്.

ജനസാന്ദ്രതയില്‍ ഏറ്റവും മുന്നിലുള്ള ഒരു രാജ്യമെന്ന നിലയ്ക്ക് വീടുകളില്‍ കഴിയുകയല്ലാതെ നമുക്കു വേറെ വഴിയില്ല. സര്‍ക്കാരിന്റെ നിര്‍ദേശത്തിനു വിരുദ്ധമായി പുറത്തിറങ്ങുന്നവര്‍ കേരളത്തിന്റെ സല്‍പ്പേരിനെയും കൂടിയാണ് കളങ്കപ്പെടുത്തുന്നത്. അതിനാല്‍ നിയന്ത്രണങ്ങള്‍ ലംലിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ കൊറോണ ഭീതി അകലുന്നതു വരെ അകത്തിടണം. അവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുകയും വേണം. അതോടൊപ്പം തന്നെ ന്യായവും അത്യന്താപേക്ഷിതവുമായ കാര്യങ്ങള്‍ക്കു വേണ്ടി പുറത്തിറങ്ങുന്നവരെ വിഷമിപ്പിക്കുകയുമരുത്. വീട്ടില്‍ നിന്ന് പുറത്തുപോയി തിരിച്ചുവരുന്നവര്‍ രോഗവാഹകരായി മാറാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.