2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

1980കളില്‍ ഡിജിറ്റല്‍ കാമറയും ഈമെയിലും ഉപയോഗിച്ചു; ‘റഡാര്‍’ പരാമര്‍ശത്തിനു പുറമെ മോദിയുടെ അഭിമുഖത്തില്‍ പിന്നേയും ‘തള്ളു’കളെന്ന് സോഷ്യല്‍മീഡിയ

 

ന്യൂഡല്‍ഹി: ആകാശത്ത് കാര്‍മേഘം മൂടിനില്‍ക്കുന്ന സമയത്ത് റഡാറിനെ വെട്ടിച്ച് ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ ഞാനാണ് നിര്‍ദേശം നല്‍കിയതെന്ന മോദിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കു പുറമെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിറയെ ‘തള്ളലുക’ളെന്ന് സോഷ്യല്‍മീഡിയ. ഇന്ത്യയില്‍ ഡിജിറ്റല്‍ കാമറകള്‍ മാര്‍ക്കറ്റിലെത്തിയ 1989കള്‍ക്കു മുന്‍പേ താന്‍ ഡിജിറ്റല്‍ കാമറ ഉപയോഗിച്ചെന്നും ഈ മെയില്‍ ഉപയോഗിച്ചെന്നുമുള്ള മോദിയുടെ അവകാശവാദങ്ങളിലെ വസ്തുതകളാണ് സോഷ്യല്‍ മീഡിയ ചോദ്യംചെയ്യുന്നത്. ശനിയാഴ്ചയാണ് മോദിയുമായുള്ള അഭിമുഖം ഹിന്ദി ചാനല്‍ ന്യൂസ് നാഷന്‍ പുറത്തുവിട്ടത്. ഇതിലെ കൂടുതല്‍ ഭാഗങ്ങള്‍ പിന്നീട് പുറത്തുവന്നതോടെയാണ് അഭിമുഖത്തിലെ വസ്തുതകള്‍ സോഷ്യല്‍മീഡിയ പരിശോധിച്ചത്.

 

ഗുജറാത്ത് മുഖ്യമന്ത്രി ആവുന്നതിനു മുന്‍പേ തനിക്ക് സാങ്കേതിക വിദ്യകളോട് താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട മോദി, അതു സ്ഥാപിക്കുന്നതിനായി 1980കളില്‍ തന്നെ ഡിജിറ്റല്‍ കാമറയും ഇമെയിലുകളും ഉപയോഗിച്ചിരുന്നുവെന്ന് പറയുകയായിരുന്നു. ”ഒരുപക്ഷേ, ഇതൊക്കെ ആ സമയത്ത് വേറെ ആരെങ്കിലും ഉപയോഗിച്ചിരുന്നോ എന്നറിയില്ല. 19870- 88 കാലത്താണ് ഞാന്‍ ആദ്യമായി ഡിജിറ്റല്‍ കാമറ ഉപയോഗിച്ചത്”- മോദി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ കാമറ ഉപയോഗിച്ച വ്യക്തിയാണ് താന്‍ എന്നാണോ മോദി അവകാശപ്പെട്ടത് എന്നു വ്യക്തമല്ല. 1990ലാണ് ഇന്ത്യന്‍ വിപണിയില്‍ ഡിജിറ്റല്‍ കാമറ എത്തിയത്. അതിനു മുന്‍പേ ഡിജിറ്റല്‍ കാമറ ഉപയോഗിച്ചുവെന്ന മോദിയുടെ അവകാശവാദം സോഷ്യല്‍മീഡിയയില്‍ വ്യാപകപരിഹാസത്തിനിടയായിട്ടുണ്ട്.

 

മോദി പറയുന്നത് സത്യമാണെങ്കില്‍ 40 വയസ്സിനു മുന്‍പായിരിക്കണം അദ്ദേഹം ഡിജിറ്റല്‍ കാമറ ഉപയോഗിച്ചത്. എന്നാല്‍, തന്റെ യൗവനകാലം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കഴിഞ്ഞുപോയതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും മോദി എടുത്തുപറഞ്ഞിട്ടുണ്ട്. വിപണിയില്‍ എത്തും മുന്‍പേ ഡിജിറ്റല്‍ കമാറ സ്വന്തമാക്കണമെങ്കില്‍ വലിയ പണം ആവശ്യമാണ്. അക്കാലത്ത് ദേശീയരാഷ്ട്രീയത്തില്‍ ആരുമല്ലാതിരുന്ന, ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകന്‍ മാത്രമായിരിക്കെ ഡിജിറ്റല്‍ കാമറ എങ്ങിനെ സംഘടിപ്പിച്ചുവെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

അന്ന് (1987- 88 കാലത്ത്) അഹമ്മദാബാദില്‍ വച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ഫോട്ടോ ഡിജിറ്റല്‍ കാമറയിലാക്കി ഡല്‍ഹിയിലേക്ക് ഇമെയില്‍ അയച്ചുവെന്നും അഭിമുഖത്തില്‍ മോദി പറയുന്നു. ”തന്റെ ബഹുവര്‍ണ നിറത്തിലുള്ള ഫോട്ടോ കണ്ട് അദ്വാനി ആശ്ചര്യപ്പെട്ടു. അന്ന് വളരെ കുറച്ചു പേര്‍ക്കേ ഇമെയില്‍ ഉണ്ടായിരുന്നുള്ളൂ”- മോദി പറഞ്ഞു.

1980കളില്‍ ഇമെയില്‍ ഉപയോഗിച്ചെന്ന അവകാശവാദവും സോഷ്യല്‍മീഡിയ ചോദ്യംചെയ്തു. പൊതുമേഖലാ ടെലികമ്യൂണികേഷന്‍ കമ്പനിയായ വി.എസ്.എന്‍.എല്‍ പൊതുജനങ്ങള്‍ക്ക് 1995ല്‍ മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യം കൊടുത്തുതുടങ്ങിയത്. അതിനു മുന്‍പ് തന്നെ മോദി ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് ഈ മെയില്‍ അയച്ചുവെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ആണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്.

കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയാ മുഖമായ നടി ദിവ്യാസ്പന്ദനയാണ് മോദിക്കെതിരായ പരിഹാസത്തിന് തുടക്കമിട്ടത്. 1988ല്‍ എന്തു ഇമെയില്‍ വിലാസം ആയിരിക്കും മോദിയുടേത് എന്ന് ആര്‍ക്കെങ്കിലും അറിയുമോ? dud@lol.com എന്നത് ആയിരിക്കുമോ?- ദിവ്യ പരിഹസിച്ചു. വേറെ ആരും ഇമെയില്‍ ഉപയോഗിക്കാത്ത കാലത്ത് ആര്‍ക്കാണ് മോദി മെയില്‍ അയച്ചിട്ടുണ്ടാവുക? ദിവ്യ ചോദിച്ചു. ഭരണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട നരേന്ദ്രമോദി ഇപ്പോള്‍ ജനങ്ങളെ വിഡ്ഡിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് സതവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.