2019 August 25 Sunday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

വീണ്ടും രക്ഷകനായി റോണോ; ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മിന്നും ഹാട്രിക്കില്‍ യുവന്റസ് ക്വാര്‍ട്ടറില്‍; ചാംപ്യന്‍സ് ലീഗ് ഹാട്രിക് നേട്ടത്തില്‍ മെസ്സിക്കൊപ്പമെത്തി റോണോ

റോം: ഒരിക്കലൂടെ രക്ഷകനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി യുവന്റസ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. അത്‌ലറ്റിക്കോയുമായുള്ള ആദ്യ പാദ മല്‍സരത്തില്‍ 2-0നു യുവന്റസ് പരാജയപ്പെട്ടിരുന്നു. അതിനാല്‍ ക്വാര്‍ട്ടറിലെത്താന്‍ ചുരുങ്ങിയത് മൂന്നുഗോളിന്റെയെങ്കിലും വിജയം യുവന്റസിന് അനിവാര്യമായിരുന്നു. ഇതോടെയാണ് മിന്നും ഹാട്രിക്കിലൂടെ ടീമിനെ അവിശ്വസനീയമായി ക്രിസറ്റിയാനോ ക്വാര്‍ട്ടറിലെത്തിച്ചത്. ഗോഡിനും ഗിമിനസുമടങ്ങുന്ന അത്‌ലറ്റിക്കോയുടെ പ്രതിരോധഭടന്‍മാരെ കാഴ്ച്ചക്കാരാക്കിയാണ് ക്രിസ്റ്റ്യാനോ ചരിത്രം രചിച്ചത്.

27ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ആദ്യ ഗോള്‍ നേടിയത്. ബെര്‍ണാഡസ്‌കിയുടെ ക്രോസിന് ക്രിസ്റ്റിയാനോയുടെ ഉജ്വലമായ ഹെഡര്‍, പന്ത് പോസ്റ്റിന്റെ വലതുമൂലയില്‍. സ്‌കോര്‍ 1- 0.

രണ്ടാം പകുതിയ തുടങ്ങി മിനിറ്റുകള്‍ക്കിള്ളില്‍ രണ്ടാം ഗോളും പിറന്നു. 48 ാംമിനിറ്റില്‍ കാന്‍സെലോയുടെ ക്രോസ് ഹെഡറിലൂടെ പോസ്റ്റിലേക്കു ചെത്തിയിട്ടു. അത്‌ലറ്റികോയുടെ ഗോള്‍കീപ്പര്‍ ഒബ്ലക് പന്ത് പുറത്തേക്കു തട്ടിയിട്ടെങ്കിലും റീപ്ലേയില്‍ ഗോള്‍വലകടന്നതായി തെളിഞ്ഞിരുന്നു 2- 0.

86ാം മിനിറ്റില്‍ ബെര്‍ണാഡസ്‌കിയെ പെനാല്‍റ്റി ബോക്‌സില്‍ ഫൗള്‍ചെയ്തതിനു ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് മൂന്നാം ഗോള്‍ പിറന്നത്. കിക്കെടുത്ത ക്രിസ്റ്റ്യാനോക്കു പിഴച്ചില്ല 3- 0.

ചാംപ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ എട്ടാം ഹാട്രികാണിത്. ഇതോടെ ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് എന്ന നേട്ടത്തില്‍ ക്രിസ്റ്റ്യാനോ, ലയണല്‍ മെസ്സിക്കൊപ്പമെത്തി. ലീഗില്‍ ഒരു ടീമിനെതിരേ രണ്ട് ഹാട്രിക് നേടുന്ന ആദ്യ താരമെന്ന ചരിത്രവും ഇന്നു പുലര്‍ച്ചെ ക്രിസ്റ്റ്യാനോ സ്വന്തമാക്കി.

മറ്റൊരു പ്രീ ക്വാട്ടറില്‍ ഷാല്‍ക്കയ്‌ക്കെതിരെ ഗോള്‍മഴ പെയ്യിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാട്ടറിലെത്തി. രണ്ടാം പാദത്തില്‍ എതിരില്ലാത്ത എഴുഗോളുകള്‍ക്കാണ് സിറ്റി വിജയിച്ചത്. ടീമിനായി 6 താരങ്ങള്‍ ഗോള്‍ നേടി. ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ 10 ഗോളിന്റെ ജയവുമായാണ് സിറ്റിയും ക്വാര്‍ട്ടറിലെത്തിയത്. ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് സിറ്റിയുടേത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News