2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

എക്‌സൈസിലും ഇനി ക്രൈംബ്രാഞ്ച്

 

തിരുവനന്തപുരം: എക്‌സൈസ് വകുപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 13 തസ്തികകള്‍ സൃഷ്ടിക്കും.
ജോയിന്റ് എക്‌സൈസ് കമ്മിഷനര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷനര്‍ വിഭാഗത്തില്‍ ഓരോ തസ്തികയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ രണ്ട് തസ്തികകളും പ്രിവന്റീവ് ഓഫിസര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍, ഡ്രൈവര്‍ എന്നീ വിഭാഗത്തില്‍ മൂന്നുവീതം തസ്തികകളുമാണ് സൃഷ്ടിക്കുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരി കടത്ത് കേസുകള്‍ വര്‍ധിക്കുകയാണെന്നും കേസുകള്‍ ഫലപ്രദമായി അന്വേഷിക്കാന്‍ കൈംബ്രാഞ്ച് രൂപീകരിക്കണമെന്നും എക്‌സൈസ് വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പൊലിസിലുള്ളതുപോലെ ക്രൈംബ്രാഞ്ച് രൂപീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കഞ്ചാവ്, മയക്കുമരുന്ന് കേസുകളിലെ പ്രതികളില്‍ മിക്കവരും ഇതര സംസ്ഥാനത്തുള്ളവരായതിനാല്‍ അവിടേയ്ക്കുപോയി അന്വേഷിക്കുന്നതിന് എക്‌സൈസിന് പരിമിതികളുണ്ട്. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ടെങ്കിലും എക്‌സൈസ് വകുപ്പില്‍ അംഗബലം കുറവായതിനാല്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് തടസങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പില്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് കമ്മിഷനര്‍ ഋഷിരാജ് സിങ് 2018 ഒക്ടോബര്‍ 31ന് സര്‍ക്കാരിന് കത്തുനല്‍കിയത്.
സുപ്രിംകോടതിയുടെ 2018 ഓഗസ്റ്റ് 16ലെ വിധി അനുസരിച്ച് കേസെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന് ആ കേസില്‍ തുടരന്വേഷണം നടത്താന്‍ കഴിയില്ല. സീനിയര്‍ ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്. ഇതെല്ലാം എക്‌സൈസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ
ഓഫിസില്‍ പുതിയ നിയമനം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രളയക്കെടുതിക്കിടയിലും മുഖ്യമന്ത്രിയുടെ ഓഫിസില്‍ ധൂര്‍ത്ത്. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനായി നിയമിച്ച മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫിസര്‍ക്ക് 1,10,000 രൂപ ശമ്പളം നിശ്ചയിച്ച് ഉത്തരവിറക്കി.
ആദ്യ പ്രളയത്തിലും രണ്ടാം പ്രളയത്തിലും ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ പണമില്ലാതെ നെട്ടോട്ടമോടുമ്പോഴാണ് ഒരു ലക്ഷത്തി പതിനായിരം രൂപ ശമ്പളം നിശ്ചയിച്ച് ലെയ്‌സണ്‍ ഓഫിസറെ നിയമിച്ച് ഉത്തരവിറക്കിയത്. സുശീലാ ഗോപാലന്‍ മന്ത്രിയായിരുന്നപ്പോള്‍ സ്റ്റാഫിലുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ എ. വേലപ്പന്‍ നായരെയാണ് ലെയ്‌സണ്‍ ഓഫിസറായി നിയമിച്ചത്.
ഇന്നലെയാണ് ശമ്പളവും ആനുകൂല്യവും നിശ്ചയിച്ച് ഉത്തരവിറങ്ങിയത്. സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്ക് തുല്യമായ തസ്തികയാണ് സൃഷ്ടിച്ച് നിയമിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ കേസ് നടത്തിപ്പിനും ഉപദേശങ്ങള്‍ക്കും അഡ്വക്കേറ്റ് ജനറലും ഡയരക്ടര്‍ ജനറലുമുണ്ട്. സര്‍ക്കാര്‍ അഭിഭാഷകരും പ്ലീഡര്‍മാരും സ്‌പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡര്‍മാരുമായി 140 പേരും ഹൈക്കോടതിയിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമോപദേശകനായി എന്‍.കെ ജയകുമാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് പുതിയ ലെയ്‌സണ്‍ ഓഫിസര്‍.
പ്രളയക്കെടുതിയില്‍ സംസ്ഥാനം വലയുമ്പോഴാണ് ഖജനാവ് ചോര്‍ത്തുന്ന പുതിയ നിയമനം. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ എ. സമ്പത്തിനെയും ചീഫ് വിപ്പായി കെ. രാജനെയും നിയമിച്ചതും നേരത്തേ വിവാദമായിരുന്നു

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.