2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പെരിയ ഇരട്ടക്കൊല: പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരെന്ന് പ്രഥമ വിവര റിപ്പോര്‍ട്ട്

  • ക്വട്ടേഷന്‍, പ്രൊഫഷണല്‍ സംഘങ്ങളുടെ സാധ്യത തള്ളാതെ പൊലിസ്

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരെന്ന് പൊലിസ് പ്രഥമ വിവര റിപ്പോര്‍ട്ട്. ബേക്കല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് സി.പി.എം പ്രവര്‍ത്തകരാണ് പ്രതികളെന്ന് പറയുന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും ആസൂത്രിത കൊലയാണെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നുണ്ട്.

കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്നും രാഷ്ട്രീയ എതിരാളികള്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഇരുവരുടെയും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. കൊലചെയ്യപ്പെട്ട രണ്ടുപേര്‍ക്കും ഭീഷണി നിലനിന്നിരുന്നതായും എഫ്.ഐ.ആറില്‍ പറയുന്നു.

എന്നാല്‍ എല്ലാ വിധത്തിലുള്ള അന്വേഷണവും നടത്തുന്നുണ്ട്, ക്വട്ടേഷന്‍ സാധ്യതകളും തള്ളികളയാന്‍ ആവില്ലെന്നാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുവരെയും കൊലപ്പെടുത്തിയതിന്റെ സ്വഭാവം കാണുമ്പോള്‍ കൊലയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണോയെന്ന സൂചനകളിലേക്കും പൊലിസ് വിരല്‍ ചൂണ്ടുന്നുണ്ട്. പ്രത്യേക ആയുധവും വെട്ടിയതിന്റെ രീതിയും കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ ആഴത്തിലുള്ള മുറിവുമാണ് ഇത്തരത്തിലൊരു സൂചനകളിലേക്ക് പൊലിസിനെ എത്തിക്കുന്നത്.

ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി കെ. പ്രദീപിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കേസന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം ഉപാധ്യായ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കാസര്‍കോട് ജില്ലാ പൊലിസ് മേധാവി ഡോ.എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികളും അന്വേഷണ പുരോഗതിയും വിലയിരുത്തുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കല്ല്യോട്ട് കൂരങ്കരയിലെ ജോഷി എന്ന ശരത് (27), കല്ല്യാട്ട് ക്ഷേത്രത്തിന് സമീപത്തെ കിച്ചു എന്ന കൃപേഷ് (21) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് സി.പി.എം പ്രവര്‍ത്തകരാണ് പ്രതികളെന്ന് പൊലിസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഇരുവരെയും ബൈക്ക് തടഞ്ഞ് നിര്‍ത്തി ജീപ്പിലെത്തിയ സംഘം വെട്ടിക്കൊന്നത്.

കൊല്ലപ്പെട്ട ശരത്തിന് തലയ്ക്കും കാലിനുമാണ് വെട്ടേറ്റത്. കൃപേഷിന് തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. തലയ്‌ക്കേറ്റ വെട്ടാണ് ഇരുവരുടെയും മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം മൃതദേഹങ്ങള്‍ കല്ല്യാട്ടെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.