2018 February 18 Sunday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

സി.പി.എമ്മിന് വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ സാധിക്കുന്നുണ്ടോ?- രാഹുല്‍ ഗാന്ധിയുടെ ചോദ്യം

തിരുവനന്തപുരം: കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ അധികവും പരാമര്‍ശിച്ചത് മോദിക്കെതിരെ. അവസാനത്തിലാണ് സി.പി.എമ്മിന്റെ നിലപാട് അദ്ദേഹം ചോദ്യം ചെയ്തത്.

”എനിക്ക് സി.പി.എമ്മിനോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. യഥാര്‍ഥത്തില്‍ രാജ്യത്തെ വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ അവര്‍ക്ക് സാധ്യമാവുന്നുണ്ടോ?. ഈ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തിയാണെന്ന് സി.പി.എം അംഗീകരിക്കുന്നുണ്ടോ?”- രാഹുല്‍ ചോദിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പിനെ വളരെ ശക്തിയോടെയാണ് കോണ്‍ഗ്രസ് നേരിട്ടത്. എല്ലാ കാലത്തും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് സമയത്ത് മോദി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. വികസനത്തെക്കുറിച്ച് സംസാരിക്കാതെ അദ്ദേഹത്തെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും മാത്രമാണ് അദ്ദേഹം പ്രചരണത്തിലുടനീളം സംസാരിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ അധിക്ഷേപിച്ചു. കോണ്‍ഗ്രസിനെയും അതിന്റെ നേതാക്കന്മാരെയും എത്ര അധിക്ഷേപിച്ചാലും ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന പദത്തെ എല്ലാ കാലത്തും കോണ്‍ഗ്രസ് ബഹുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ബി.ജെ.പിയല്ല, കോണ്‍ഗ്രസിന് വ്യത്യസ്തമായൊരു സംസ്‌കാരമുണ്ട്. രാജ്യത്തെ വിഭജിക്കുന്നതിലല്ല കോണ്‍ഗ്രസിന്റെ ശ്രദ്ധ. ജനാധിപത്യമായ ഒരു സ്ഥാപനത്തെയും ഞങ്ങള്‍ നശിപ്പിക്കുന്നില്ല. ജനാധിപത്യ വ്യവസ്ഥയെ ബഹുമാനിക്കുകയും സംരക്ഷിക്കുയും ചെയ്യുന്നു. നമ്മുടെ രാജ്യത്തെ ദുര്‍ബലമാക്കുകയാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. വിദ്വേഷം പരത്തിയുള്ള ആശയസംഹിത അടിച്ചേല്‍പ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് രാജ്യത്തെ ദുര്‍ബലമാക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യില്ല. ഇതിനെതിരെ നമ്മള്‍ ഒന്നിച്ച് നിന്ന് പോരാടണമെന്നും രാഹുല്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.