2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

സി.പി.എമ്മിന്റെ കതിരൂര്‍ കേസ് ഫണ്ട് പിരിവ് 16 മുതല്‍: രണ്ടു കോടി സമാഹരിക്കും

കണ്ണൂര്‍: ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെ പ്രതികളായ കതിരൂര്‍ മനോജ് വധക്കേസിന്റെ കേസ് നടത്തിപ്പിനായുള്ള സി.പി.എമ്മിന്റെ ഫണ്ട് സമാഹരണം 16 മുതല്‍. മൂന്നു ദിവസം കൊണ്ട് ജില്ലയില്‍ നിന്നു രണ്ടു കോടി രൂപ ഹുണ്ടികയായി പിരിച്ചെടുക്കാനാണ് തീരുമാനം.

ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ ജില്ലാ സെക്രട്ടറിയ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത സാഹചര്യത്തില്‍ കേസിനെ പാര്‍ട്ടി ഏറെ ഗൗരവത്തോടെയും അതോടൊപ്പം ആശങ്കയോടെയുമാണ് കാണുന്നതെന്നാണ് ഇത്ര വലിയ തുക കേസ് നടത്തിപ്പിനായി പിരിച്ചെടുക്കുന്നതിലൂടെ വ്യക്തമാകുന്നത്.

ഇതിനു മുന്‍പ് ആര്‍.എസ്.എസ് നേതാവ് കെ.ടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വധശിക്ഷക്ക് വിധിച്ചപ്പോള്‍ സുപ്രിം കോടതിയില്‍ നിയമ പോരാട്ടം തടത്താന്‍ സി.പി.എം മൊകേരി കേസ് ഫണ്ട് പിരിച്ചിരുന്നു. ടി.പി വധവുമായി ബന്ധപ്പെട്ട് പിന്നീട് സംസ്ഥാന തലത്തില്‍ ഡിഫന്‍സ് ഫണ്ടും പാര്‍ട്ടി പിരിച്ചിരുന്നു. ഇതിനു ശേഷമാണ് ഇത്തരമൊരു ഫണ്ടു പിരിവുമായി വീണ്ടും എത്തുന്നത്.

രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ദുരുപയോഗം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 15 സി.പി.എം പ്രവര്‍ത്തകര്‍ 40 മാസങ്ങളായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണെന്നും ഇവര്‍ക്കുള്‍പ്പെടെ നിയമസഹായം ലഭ്യമാക്കുന്നതിനാണ് ഫണ്ട് സമാഹരണമെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നേരത്തേ രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ ഈ കരിനിയമം ഉപയോഗിച്ച് കേസുകള്‍ ചാര്‍ജ്ജ് ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരായിരുന്നു. മുന്‍പ് ‘ടാഡ’ കരിനിയമം ദുപയോഗം ചെയ്ത് സി.പി.എമ്മിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും യു.ഡി.എഫ് ആയിരുന്നു. കതിരൂര്‍ കേസില്‍ ഉള്‍പ്പടെ യു.എ.പി.എ വകുപ്പുകള്‍ ചേര്‍ത്തതും യു.ഡി.എഫായിരുന്നു. എന്നാല്‍ കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ യു.എ.പി.എ ചുമത്തുന്നത് കേരള പൊലിസ് ഒഴിവാക്കി.

കതിരൂര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ ഭീകരവിരുദ്ധ നിയമം അനുസരിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഇത്തരം കേസുകളില്‍ ഈ നിയമം പ്രയോഗിക്കുന്നതിനെതിരേയുള്ള കോടതിവിധികള്‍ ലംഘിച്ചുകൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ ഇതിന് അനുമതിയും നല്‍കിയിരിക്കുകയാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് പാര്‍ട്ടിയെ അടിച്ചമര്‍ത്താനുള്ള നടപടികളാണ് തുടര്‍ച്ചയായി സ്വീകരിച്ച് വരുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ജില്ലയിലെ പാര്‍ട്ടിയെ ലക്ഷ്യം വെച്ചുള്ള കടന്നാക്രമണങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കും.

യു.എ.പി.എ കേസ് നടത്തിപ്പിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വന്ന് ചേര്‍ന്നിട്ടുള്ളത്. അത് നിര്‍വഹിക്കുന്നതിന്റെ ഭാഗമായി 16 മുതല്‍ 18 വരെ നടത്തുന്ന ഹുണ്ടികാ പിരിവ് ജില്ലയിലെ മുഴുവന്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും കയറി വിജയിപ്പിക്കണമെന്നും ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.