2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സി.പി.എമ്മിനു കുരുക്കായി മൂന്ന് രാഷ്ട്രീയ കൊലക്കേസുകള്‍

ഷുക്കൂര്‍ കേസില്‍ കൂടി സി.ബി.ഐ അന്വേഷണ സംഘം എത്തുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു കടക്കുന്ന പാര്‍ട്ടിക്കു നന്നായി വിയര്‍ക്കേണ്ടി വരും

കണ്ണൂര്‍: അരിയില്‍ അബ്ദുല്‍ ഷൂക്കൂര്‍ വധക്കേസ് കൂടി സി.ബി.ഐക്കു വിട്ടതോടെ സി.പി.എം നേതൃത്വത്തിനു കുരുക്കായി ജില്ലയിലെ മൂന്നു രാഷ്ട്രീയ കൊലപാതക കേസുകള്‍. ഇതില്‍ ജില്ലാ സെക്രട്ടറി തന്നെ പ്രതിയായ രണ്ടു കേസുകള്‍ രാഷ്ട്രീയ കേരളത്തില്‍ സജീവ ചര്‍ച്ചയുമായി. സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളായ തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസാണു ജില്ലയില്‍ നിന്നു സി.ബി.ഐ ഏറ്റെടുത്ത ആദ്യ രാഷ്ട്രീയ കൊലക്കേസ്.

ആദ്യഘട്ടം ലോക്കല്‍ പൊലിസ് അന്വേഷണത്തിനിടെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായ ഫസല്‍ വധക്കേസില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നായിരുന്നു നേതൃത്വം പാര്‍ട്ടിക്കകത്തും പുറത്തും വിശദീകരിച്ചിരുന്നത്. കേസില്‍ കോടിയേരി മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെതിരേ പോസ്റ്റര്‍ പതിക്കുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു.
ഫസലിന്റെ ഭാര്യ സി.എച്ച് മറിയു നല്‍കിയ ഹരജിയിലാണു ഫസല്‍ വധക്കേസ് അന്വേഷണം സി.ബി.ഐക്കു വിട്ട് ഹൈക്കോടതി ഉത്തരാവായത്. സി.ബി.ഐയാണു സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെയും തലശേരി ഏരിയാകമ്മിറ്റി അംഗമായിരുന്ന കാരായി ചന്ദ്രശേഖരനെയും ഗൂഢാലോചനാ കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. ഇരുവരും ഒന്നരവര്‍ഷത്തോളം റിമാന്‍ഡ് തടവുകാരായി ജയിലിലായതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. പിന്നീടു ജാമ്യം ലഭിച്ചെങ്കിലും എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയുള്ളതിനാല്‍ ഇരുവര്‍ക്കും കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിനു തടസമായി.
സമീപകാലത്ത് സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായി മാറിയ കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടന്നുവരികയാണ്. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനെ ഗൂഢാലോചനാ കുറ്റം ചുമത്തി കേസില്‍ പ്രതിചേര്‍ത്തതോടെ പാര്‍ട്ടിക്കു ശക്തമായി പ്രതിരോധിക്കേണ്ടി വന്നു. ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു നല്‍കിയ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ച ഹൈക്കോടതി തന്നെയാണു ഷുക്കൂര്‍ കേസ് സി.ബി.ഐക്കു വിട്ട സര്‍ക്കാര്‍ വിജ്ഞാപനം അംഗീകരിച്ചത്. മനോജ് കേസില്‍ പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചുവെന്ന കുറ്റം ചുമത്തി പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ മധുസൂദനനെയും പ്രതിചേര്‍ത്തിരുന്നു.
ഷുക്കൂര്‍ കേസില്‍ കൂടി സി.ബി.ഐ അന്വേഷണ സംഘം എത്തുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു കടക്കുന്ന പാര്‍ട്ടിക്കു നന്നായി വിയര്‍ക്കേണ്ടി വരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.