2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കുന്നതിനെ എതിര്‍ത്ത് കാരാട്ട് പക്ഷം

 

ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിയെ പശ്ചിമബംഗാളില്‍ നിന്ന് കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്തിക്കുന്നതിനെ എതിര്‍ത്ത് പോളിറ്റ്ബ്യൂറോയിലെ ഒരുവിഭാഗം നേതാക്കള്‍ വീണ്ടും. മാര്‍ച്ച് ആറിനു ചേര്‍ന്ന അവയ്‌ലബിള്‍ പി.ബി യോഗം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം തള്ളിയതായും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം നേതാക്കള്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള സഖ്യവും വേണ്ടെന്ന നിലപാടെടുത്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

17 പി.ബി അംഗങ്ങളില്‍ 9 പേരാണ് യോഗത്തിലുണ്ടായിരുന്നത്. ഇതില്‍ പങ്കെടുക്കാത്ത മറ്റു പി.ബി അംഗങ്ങളോടും അഭിപ്രായം തേടിയിട്ടുണ്ട്. 2005 മുതല്‍ 2017 വരെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു യെച്ചൂരി. 2017ല്‍ വീണ്ടും സഭയിലെത്താന്‍ പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നെങ്കിലും സി.പി.എം അംഗീകരിച്ചിരുന്നില്ല. നിലവില്‍ ബംഗാളില്‍ നിന്ന് ലോക്‌സഭയിലും രാജ്യസഭയിലും സി.പി.എമ്മിന് അംഗങ്ങളില്ല. ബംഗാളില്‍ അഞ്ച് രാജ്യസഭാ സീറ്റുകളാണ് ഏപ്രില്‍ രണ്ടിന് ഒഴിയുന്നത്. മാര്‍ച്ച് 13നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാലു സീറ്റുകളില്‍ ഭരണപക്ഷമായ തൃണമൂലിന് അംഗങ്ങളെ വിജയിപ്പിക്കാനാകും. ഈ സീറ്റുകളിലേക്ക് മൗസം നൂര്‍, സുഭത ബക്ഷി, അര്‍പിത ഘോഷ്, ദിനേഷ് ത്രിവേദി എന്നിവരെ തൃണമൂല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് – സി.പി.എം സഖ്യമായി സ്ഥാനാര്‍ഥിയെ നിറുത്തിയാല്‍ അഞ്ചാംസീറ്റിലേക്ക് മത്സരിക്കില്ലെന്നാണ് തൃണമൂല്‍ നിലപാട്. സി.പി.എമ്മിന് 26 എം.എല്‍.എമാരാണുള്ളത്. ഇടതുപാര്‍ട്ടികള്‍ക്ക് ആകെ 28 സീറ്റ്. 46 വോട്ടാണ് രാജ്യസഭയിലേക്ക് വിജയിപ്പിക്കാന്‍ വേണ്ടത്. ബി.ജെ.പിക്കെതിരായ പോരാട്ടമുഖം ശക്തമാക്കാന്‍ യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കുകയാണെങ്കില്‍ പിന്തുണ നല്‍കാമെന്നാണ് 45 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് നിലപാട്. ഇടതുസ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.

അതേസമയം സി.പി.എം സ്ഥാനാര്‍ഥിയുടെ പേര് രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് സി.പി.എമ്മിലെ ഒരു കേന്ദ്രകമ്മിറ്റി അംഗം അറിയിച്ചു. ടി.കെ രംഗരാജന്‍, എളമരം കരീം, കെ.കെ രാഗേഷ്, ജര്‍ണദാസ്, കെ.സോമപ്രസാദ് എന്നീ അഞ്ച് അംഗങ്ങളാണ് നിലവില്‍ രാജ്യസഭയില്‍ സി.പി.എമ്മിനുള്ളത്. ടി.കെ രംഗരാജന്‍ ഏപ്രിലില്‍ വിരമിക്കാനിരിക്കുകയാണ്. ഇതോടെ ഇത് നാലായി ചുരുങ്ങും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.