2018 December 14 Friday
ശരീരത്തിനെ ആരോഗ്യപൂര്‍ണമായി സൂക്ഷിക്കുക എന്നത് കടമയാണ്. അല്ലെങ്കില്‍ മനസിനെ ശക്തമായും ശുദ്ധമായും സൂക്ഷിക്കാനാകില്ല

ചീഫ് വിപ്പ് സ്ഥാനത്തിനായി സി.പി.ഐയില്‍ ചരടുവലി

തിരുവനന്തപുരം: ഇ.പി ജയരാജന്‍ മന്ത്രിയായി തിരിച്ചെത്തുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അതിനു പകരമായി ലഭിക്കുന്ന ചീഫ് വിപ്പ് പദവിക്കുവേണ്ടി സി.പി.ഐയില്‍ നീക്കങ്ങള്‍ സജീവമായി. ഇതുവരെ തങ്ങള്‍ക്കില്ലാതിരുന്ന ഒരു പദവികൂടി ലഭിക്കുമെന്നു തീര്‍ച്ചയായതോടെയാണ് സി.പി.ഐയിലെ എം.എല്‍.എമാര്‍ സ്ഥാനം സ്വന്തമാക്കാനുള്ള ശ്രമം ആരംഭിച്ചത്.
മുന്‍മന്ത്രിമാരായ സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇതില്‍ മുന്‍മന്ത്രിയെന്ന നിലയില്‍ മുല്ലക്കര രത്‌നാകരന് അനുകൂലമായ സാഹചര്യം സി.പി.ഐക്കുള്ളിലുണ്ട്. അതേസമയം മന്ത്രിസ്ഥാനങ്ങള്‍ തീരുമാനിച്ചതുപോലെ പുതുമുഖം വരട്ടെയെന്നാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ ചിറ്റയം ഗോപകുമാറിനു വഴിതുറന്നേക്കും.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തുനിന്ന് പി. ശശിയെ മാറ്റി ചീഫ് വിപ്പ് സ്ഥാനത്തേക്കു കൊണ്ടുവരികയും ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറാക്കുകയും ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചീഫ് വിപ്പ് പദവിയിലേക്ക് ആരു വരണമെന്ന കാര്യത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് ചേര്‍ന്നേ അന്തിമ തീരുമാനമെടുക്കാനാകൂ. അടുത്ത ദിവസം തന്നെ എക്‌സിക്യൂട്ടിവ് ചേരാനാണു സാധ്യത. ചീഫ് വിപ്പ് പദവിയിലേക്കു വരുന്നയാള്‍ യു.ഡി.എഫ് കാലത്തെപ്പോലെ 25 ജീവനക്കാരെയും എല്ലാവിധ സൗകര്യങ്ങളും ഉപയോഗിച്ചു മുന്നണിക്കു ചീത്തപ്പേരുണ്ടാക്കേണ്ടതില്ലെന്ന അഭിപ്രായവും സി.പി.ഐ നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.