2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വരുന്നു കൊവിഡിനെ പിടിച്ചുകെട്ടാന്‍ രണ്ടാഴ്ചക്കുള്ളില്‍ പ്രതിരോധമരുന്ന്

ഗിരീഷ് കെ.നായര്‍

 

കൊച്ചി: യു.എന്‍ മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 വൈറസിനെ പിടിച്ചുകെട്ടാന്‍ രണ്ടാഴ്ചക്കകം പ്രതിരോധമരുന്ന് പുറത്തിറക്കാനൊരുങ്ങി സനോഫി. സാംക്രമിക രോഗങ്ങള്‍ക്കുള്ള വാക്‌സിനില്‍ ഗവേഷണം നടത്തുന്ന ഫ്രാന്‍സ് ആസ്ഥാനമായ ലോകത്തെ മുന്‍നിര മരുന്നു കമ്പനിയായ സനോഫി എസ്.എ പ്രതിരോധ മരുന്നു ഗവേഷണ രംഗത്തെ അമേരിക്കന്‍ കമ്പനിയായ റീജനറോണുമായി ചേര്‍ന്നാണ് മരുന്ന് പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.

രണ്ടാഴ്ചക്കകം മരുന്ന് പരീക്ഷിക്കാനാകുമെന്ന് ഇരുകമ്പനികളിലെയും ഗവേഷക സംഘം പ്രതീക്ഷ നല്‍കുന്നു. സനോഫിയുടെ ആമവാതരോഗ ചികിത്സയ്ക്കുള്ള കെവ്‌സാര എന്ന മരുന്ന് കൊവിഡ് 19ന്റെ പ്രതിരോധത്തിനായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ പത്രത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ശ്വാസകോശത്തിന്റെയും ശ്വസന പ്രക്രിയയുടെയും നാശത്തിലേക്ക് നയിക്കാനുള്ള കൊവിഡിന്റെ ശേഷിയെ നശിപ്പിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ സംവിധാനം കണ്ടെത്താനുള്ള ഗവേഷണത്തിലാണ് കെവ്‌സാര ഇതിനായി വികസിപ്പിക്കാമെന്ന് കണ്ടെത്തിയത്.

ഈ മരുന്നിന് നിലവില്‍ സനോഫിയുടെയും റീജനറോണിന്റെയും പ്രതിരോധ മരുന്ന് ഗവേഷണത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. ആമവാത ചികിത്സയ്ക്കായി 2017 ലാണ് കെവ്‌സാരയ്ക്ക് അമേരിക്ക അനുമതി നല്‍കിയത്. കെവ്‌സാര ലോകവിപണിയില്‍ എത്തിക്കാനുള്ള അവകാശം സനോഫി നേടിയത് കഴിഞ്ഞ ഡിസംബറിലാണ്.
ചൈനയില്‍ കൊവിഡ് ബാധ കഠിനമായ രോഗികളില്‍ ലോകത്തിലെ ഏറ്റവും വലിയ ബയോടെക് കമ്പനിയായ സ്വിറ്റ്‌സര്‍ലാന്‍ഡിലെ റോച്ചെയുടെ ആക്ടെമ്‌റ എന്ന മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് കഴിഞ്ഞയാഴ്ചയാണ്. തുടര്‍ന്നാണ് റീജനറോണിന്റെ വെലോക്ഇമ്യൂണ്‍ പ്ലാറ്റ്‌ഫോമില്‍ കൊവിഡ് പ്രതിരോധ മരുന്ന് വികസിപ്പിക്കാന്‍ സനോഫി ഒരുക്കം തുടങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.