2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ്: ഗള്‍ഫില്‍ മലയാളി മരണം 133 ആയി, ഇന്ന് മരിച്ചത് ആറ് പേര്‍

ദുബൈ: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മലയാളികളുടെ മരണം തുടരുന്നു. ഇന്ന് ആറ് മലയാളികളാണ് മരിച്ചത്. യു.എ.ഇയില്‍ നാലുപേരും ഖത്തറിലും സഊദിയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 133 ആയി. യു.എ.ഇയില്‍ മാത്രം 82 പേരാണ് മരിച്ചത്.

കാസര്‍കോട് പൊയ്‌നാച്ചി വടക്കേപറമ്പ് സ്വദേശി പി.കെ ഇസ്ഹാഖ് (48), കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു ഗോപാലകൃഷ്ണന്‍, പത്തനംതിട്ട സ്വദേശി ജയചന്ദ്രന്‍ എന്നിവര്‍ അബൂദബിയിലും തൃശൂര്‍ പുത്തന്‍ചിറ വെള്ളൂര്‍ കുമ്പളത്ത് നാരായണന്റെ മകന്‍ ബിനില്‍ (42) അജ്മാനിലും മരിച്ചു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇസ്ഹാഖ് ബനിയാസില്‍ അറബിയുടെ വീട്ടില്‍ ഡ്രൈവറായി ജോലിചെയ്ത് വരുകയായിരുന്നു. സാമൂഹ്യ, സംസ്‌കാരിക രംഗങ്ങളില്‍ സജീവമാണ്. എട്ടു മാസം മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചുപോയത്. പരേതരായ അബ്ദുറഹ്മാന്‍ ഹാജിയുടെയും സാറാമ്മയുടെയും മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഇര്‍ഫാന്‍ (നാലാം ക്ലാസ് വിദ്യാര്‍ഥി), ഇര്‍ഷാന(രണ്ടാം ക്ലാസ് വിദ്യാര്‍ഥി), ഇസാം. സഹോദരി: റംല (അതിഞ്ഞാല്‍). മൃതദേഹം ബനിയാസില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അജ്മാനില്‍ മരിച്ച ബിനില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൂന്നുമാസം മുന്‍പാണ് ജോലിക്കായി അജ്മാനിലേക്ക് പോയത്. ഭാര്യ: സന്ധ്യ. മക്കള്‍: ആദര്‍ശ്, ആശ്രിത്, ആര്‍ദ്ര. മലപ്പുറം തിരൂര്‍ പുതിയങ്ങാടിയിലെ കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി(കുഞ്ഞു -70)യാണ് ഖത്തറില്‍ മരിച്ചത്. മംഗലം കാഞ്ഞിക്കോത്ത് കച്ചേരി പറമ്പില്‍ പരേതരായ ബാപ്പുട്ടിയുടെയും ഖദീജക്കുട്ടിയുടെയും മകനാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ന്യൂമോണിയ ബാധിച്ചിരുന്നു. തുടര്‍ന്ന് വക്രയിലെ ഹമദ് ആശുപത്രിയിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ദോഹയിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു. 40 വര്‍ഷത്തിലേറെയായി ദോഹയിലെ ക്യൂ.സി.സി കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സാറ ഉമ്മ. മക്കള്‍: ശിഹാബുദ്ദീന്‍(ദോഹ), സക്കീന, ഫൗസിയ, നുഷീദ, സഫിയ. മരുമക്കള്‍: അബ്ദുറസാഖ്, അബ്ദുല്‍ ലത്തീഫ്, മൂസക്കുട്ടി, മന്‍സൂര്‍, സനൂബിയ. സഹോദരങ്ങള്‍: കുഞ്ഞിബാവ(ഖത്തര്‍), അലി ബാവ, അബ്ദുല്‍ നാസര്‍, താഹിറ, ആയിശബീവി, മറിയം മോള്‍, സുഹറ. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ദോഹയില്‍ ഖബറടക്കും.

ഓച്ചിറ പ്രയാര്‍ നോര്‍ത്ത് സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയില്‍ അബ്ദുസ്സലാം(44) ആണ് സഊദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പ്ലംബിങ് ജോലി ചെയ്തിരുന്ന ഇദ്ദേഹം അസുഖബാധിതനായി റിയാദിലെ ഏതോ ആശുപത്രിയിലുണ്ടെന്ന് നാട്ടില്‍ നിന്ന് വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ മാസം 17ന് സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്.
അഞ്ചുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. ജലാലുദ്ദീന്‍, റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ:
ഷംന. മക്കള്‍: സഹല്‍, മുഹമ്മദ് സിനാന്‍. സഹോദരങ്ങള്‍: ഷാജി, റഷീദ് (ജീസാന്‍), സലീം (ത്വാഇഫ്),ശിഹാബ് (അബഹ).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.