2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പ്രവര്‍ത്തനം ഭാഗികം; ഐ.ടി കമ്പനികളും പ്രതിസന്ധിയില്‍

ഇ.പി മുഹമ്മദ്‌

 

കോഴിക്കോട്: കൊവിഡ് – 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം ഭാഗികമായതോടെ സംസ്ഥാനത്തെ ഐ.ടി കമ്പനികള്‍ പ്രതിസന്ധിയില്‍. ഏറ്റെടുത്ത പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാനോ പുതിയ കരാറുകള്‍ തുടങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് മിക്ക കമ്പനികളും. നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ ഭൂരിഭാഗം ജീവനക്കാരും വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഐ.ടി മേഖലയില്‍ ഇത് പുതുമയല്ലെങ്കിലും കൂടുതല്‍ ദിവസങ്ങള്‍ ഇതേ സ്ഥിതി തുടര്‍ന്നാല്‍ പല കമ്പനികളുടെയും പ്രവര്‍ത്തനം അവതാളത്തിലാകും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള
സംസ്ഥാനത്തെ പ്രധാന ഐ.ടി പാര്‍ക്കുകളായ തിരുവനന്തപുരം ടെകേ്‌നാപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, പള്ളിപ്പുറം ടെകേ്‌നാ സിറ്റി, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ കംപനികളുടെയെല്ലാം പ്രവര്‍ത്തനം ഭാഗികമാണ്. തിരുവനന്തപുരം ടെകേ്‌നാപാര്‍ക്കില്‍ മാത്രം 35,000ത്തോളം ജീവനക്കാരുണ്ട്. 20,000 ത്തോളം പേര്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കിലുമുണ്ട്. സഹകരണ മേഖലയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്കായ കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കില്‍ രണ്ടായിരത്തിലേറെ ജീവനക്കാരുണ്ട്. കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ 500 ജീവനക്കാരാണുള്ളത്. ഇവരില്‍ മിക്കവരുടെയും ജോലി വീടുകളിലേക്ക് മാറി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവരും വീടുകളില്‍ ഇരുന്ന് ജോലി ചെയ്യും. വരുമാനം കുറഞ്ഞതിനാല്‍ ശമ്പളം ആനുകൂല്യങ്ങളില്‍ കുറവ് വരുമോ എന്ന ആശങ്കയും ജീവനക്കാര്‍ക്കുണ്ട്. ശമ്പളത്തിന് പുറമെ ലാഭത്തിനുസരിച്ച് ജീവനക്കാര്‍ക്ക് ഇന്‍സന്റീവ് ലഭിക്കാറുണ്ട്. ഇത്തവണ ഇതു നഷ്ടമാകുമെന്ന സൂചന ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ലോകമൊന്നാകെയുണ്ടായ മാന്ദ്യത്തിന് പുറമെ കേരളത്തിലെ പ്രത്യേക സാഹചര്യവും പ്രതിസന്ധിക്ക് ആക്കംകൂട്ടി. ഹോട്ടലുകള്‍, ബാങ്കുകള്‍, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐ.ടി സ്ഥാപനങ്ങളാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. ഇലക്ട്രോണിക് സ്ഥാപനങ്ങള്‍ പലതും ഉല്‍പാദനം വെട്ടിക്കുറക്കുകയാണ്. എല്‍.ജി, പാനാസോണിക്, സാംസങ്, ഗോദ്‌റേജ് തുടങ്ങിയ കംപനികളാണ് ഉല്‍പാദനം കുറയ്ക്കുന്നത്. സമീപകാലത്ത് ഐ.ടി മേഖലയില്‍ കേരളം വന്‍ വളര്‍ച്ചയാണ് നേടിയിരുന്നത്. സംരംഭകത്വ സൗഹൃദ സംസ്ഥാനമെന്ന നിലയ്ക്ക് സര്‍ക്കാരിന്റെ പിന്തുണയും ഇതിന് സഹായമേകി. ഇതോടെ മറ്റു രാജ്യങ്ങളില്‍ നിന്നടക്കം നിരവധി കംപനികള്‍ കേരളത്തില്‍ ചുവടുറപ്പിച്ചു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുണ്ടായ ബിസിനസ് തകര്‍ച്ച കേരളത്തിലെ കംപനികളെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രൂപപ്പെട്ട, പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എളുപ്പമാകില്ലെന്ന് സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു.
ജി.എസ്.ടി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടികള്‍ ഉണ്ടായാലേ പല കംപനികള്‍ക്കും പിടിച്ചുനില്‍ക്കാനാകൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.