2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

12 പേര്‍ക്കുകൂടി കൊവിഡ്: സംസ്ഥാനത്ത് അസാധാരണ സ്ഥിതി വിശേഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:168 രാജ്യങ്ങളില്‍ കൂടി കോവിഡ് 19 വൈറസ് വ്യാപിച്ചതായിട്ടാണ് ഇന്ന് വരുന്ന വിവരം. ഇന്നലെ 166 രാജ്യങ്ങളിലായിരുന്നു. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5 പേര്‍ എറണാകുളം ജില്ലയിലും ആറുപേര്‍ കാസര്‍കോട് ജില്ലയിലുമാണ്. ഒരാള്‍ പാലക്കാട് ജില്ലക്കാരനും. എറണാകുളത്ത് രോഗബാധയുണ്ടായത് വിദേശ ടൂറിസ്റ്റുകള്‍ക്കാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. ആകെ 44,390 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 44,165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുതുതായി 13,632 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 5.570 പേരെ രോഗബാധ ഇല്ലെന്നു കണ്ട് നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. 3,436 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2,393 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇന്ന് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിച്ചു എന്നാണ് കാണിക്കുന്നത്.

ഇതില്‍ കാസര്‍കോട് പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. കാസര്‍കോട് ഉണ്ടായത് വളരെ വിചിത്രമായ കാര്യമാണ്. രോഗബാധിതന്‍ പല പരിപാടികളിലും പങ്കെടുത്തു. അദ്ദേഹം ബന്ധപ്പെട്ട അവിടത്തെ രണ്ട് എം.എല്‍.എമാര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലായി.

വലിയതോതിലുള്ള നിയന്ത്രണം കാസര്‍കോട് വരുത്തുകയാണ്. ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടും. അവിടെയുള്ള ക്ലബ്ബുകള്‍ എല്ലാം അടച്ചിടും. കടകള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവൂ.

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തില്‍ ഇന്ന് നല്ല കുറവു വന്നു. എന്നാല്‍, സാധാരണ നിലയിലേക്ക് ചിലയിടങ്ങളിലെങ്കിലും പോയി. ആഘോഷങ്ങള്‍, മത്സര പരിപാടികള്‍ ഇതെല്ലാം ഇപ്പോള്‍ ഒഴിവാക്കണം. ഇത്തരം കാര്യങ്ങളില്‍ അഭ്യര്‍ത്ഥന മാത്രമാണ് ഇതുവരെ സ്വീകരിച്ചത്. പക്ഷേ ഒരു ഘട്ടം കടക്കുകയല്ലേ എന്ന് ശങ്കിക്കുകയാണ്. അത് ആപത്തുകള്‍ ഉണ്ടാക്കുന്ന നിലയുണ്ട്. ഈ ഘട്ടത്തില്‍ നിലപാട് ശക്തിപ്പെടുത്തേണ്ടിവരും. മറ്റു നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും. അത് സാധാരണ ഗതിയില്‍ ഒഴിവാക്കുകയാണ് വേണ്ടത്. സമൂഹത്തിന് ദോഷകരമായ സ്ഥിതി വരുത്തരുത് എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

പ്രധാനമന്ത്രി ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഷയം അതീവ ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് പൊതുവെ ചെയ്യേണ്ടത്. ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവില്‍ സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാകും. മെട്രോയും ഓടില്ല. അന്ന് വീടുകളില്‍ കഴിയുകയും അവരവരുടെ പരിസരങ്ങള്‍ വൃത്തിയാക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്യണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.