2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ദമ്പതികളുടെ തര്‍ക്കം തീര്‍ക്കാന്‍ കുഞ്ഞിന് ഹൈക്കോടതി വക പേര്

കൊച്ചി: പേരിടീല്‍ തര്‍ക്കം തീര്‍ക്കാനും ഹൈക്കോടതി. ഇന്നലെയാണ് ഹൈക്കോടതിയില്‍ പേരിടീല്‍ തര്‍ക്കം തീര്‍പ്പാക്കിയത്. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കംമൂലം കുട്ടിയുടെ സ്‌കൂള്‍പ്രവേശനം മുടങ്ങുമെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിതന്നെ കുട്ടിക്കു പേരിടുകയായിരുന്നു. കുട്ടിയുടെ അമ്മ നിശ്ചയിച്ച പേരില്‍നിന്നും ജൊഹാന്‍ എന്ന ഭാഗവും അച്ഛന്‍ നിശ്ചയിച്ച പേരില്‍നിന്ന് സച്ചിന്‍ എന്ന ഭാഗവും എടുത്ത് ‘ജൊഹാന്‍ സച്ചിന്‍’എന്ന് ഹൈക്കോടതി സിംഗിള്‍ബെഞ്ച് പേരിട്ടു.
ഹിന്ദു-ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹമോചനക്കേസ് കുടുംബകോടതിയുടെ പരിഗണനയിലാണ്. കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കുന്നതിന്റെ ഭാഗമായി ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഭാര്യയും ഭര്‍ത്താവും കോട്ടയം മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കി. പക്ഷേ, ഇവരുടെ അഭിപ്രായവ്യത്യാസം ശ്രദ്ധയില്‍പ്പെട്ട മുനിസിപ്പാലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടിക്ക് പേരിട്ട് മാമോദീസ മുക്കിയിരുന്നതായി അമ്മ ഹൈക്കോടതിയെ അറിയിച്ചു. പക്ഷേ, കുട്ടിക്ക് മറ്റൊരു പേരിടാന്‍ ധാരണയായിരുന്നുവെന്നും 28ാം ദിവസം നടന്ന ചടങ്ങില്‍ ആ പേര് വിളിച്ചിരുന്നുവെന്നുമാണ് അച്ഛന്‍ പറഞ്ഞത്. പേരുണ്ടെങ്കിലേ കുട്ടിക്ക് സ്‌കൂളില്‍ ചേരാനാകൂ. നീതി നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു പേരുടെയും ആഗ്രഹം പരമാവധി അംഗീകരിച്ചാണ് പേരിടുന്നതെന്ന് കോടതി വ്യക്തമാക്കി. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേര് കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും സ്ഥാനത്ത് യഥാക്രമം രേഖപ്പെടുത്തണമെന്നും മുനിസിപ്പാലിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.