2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

രാജ്യത്തിന്റെ മകന്‍

ഫര്‍സാന.കെ

അഭിനന്ദന്‍ വര്‍ത്തമാന്‍, പാക് പിടിയിലായി വിട്ടയക്കപ്പെട്ട വിങ് കമാന്‍ഡറുടെ അനുഭവങ്ങളുമായി ഏറെ സാമ്യതകളുണ്ട് 54 വര്‍ഷം മുന്‍പ് ഇന്ത്യാ- പാക് യുദ്ധകാലത്ത് പിടിയിലായ എയര്‍ മാര്‍ഷല്‍ കരിയപ്പയുടേതിന്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക മേധാവി കെ.എം കരിയപ്പയുടെ മകന്‍ എയര്‍ മാര്‍ഷല്‍ കെ.സി കരിയപ്പയുടെ കഥ

 

വന്‍ എന്റെ മകന്‍ മാത്രം അല്ല. രാജ്യത്തിന്റെ മകന്‍ ആണ്. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ഓരോ സൈനികനും ദേശസ്‌നേഹി ആണ്. എന്റെ മകന് പ്രത്യേക പരിഗണന നല്‍കേണ്ടതില്ല. മറ്റ് യുദ്ധ തടവുകാര്‍ക്ക് നല്‍കുന്ന പരിഗണന മാത്രം നല്‍കിയാല്‍ മതി’.

1965 ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ജനറല്‍ കെ.എം കരിയപ്പ പാകിസ്താന്‍ പ്രസിഡന്റ് ജനറല്‍ അയൂബ് ഖാനോട് പറഞ്ഞ വാക്കുകള്‍. അഭിനന്ദന്റെ തടവും മോചനവും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഇങ്ങ് രാജ്യത്തിന്റെ തെക്കേ അറ്റത്തെ നാട്ടില്‍ നരബാധിച്ച ഓര്‍മകളില്‍ നിറയുന്നത് ഈ വാക്കുകളാണ്. കെ.സി കരിയപ്പ എന്ന നന്ദ. ഫീല്‍ഡ് മാര്‍ഷല്‍ ജനറല്‍ കെ.എം കരിയപ്പയുടെ മകന്‍. പാകിസ്താന്റെ യുദ്ധത്തടവുകാരന്‍.

തീയും പുകയും വെടിയൊച്ചയും അട്ടഹാസങ്ങളും രോദനവും നിറഞ്ഞ രാപ്പകലുകള്‍ ഏറെ തെളിച്ചത്തോടെ മിന്നുകയാണ് കെ.സി കരിയപ്പയുടെ നരബാധിച്ച കണ്ണില്‍. പ്രായത്തിനും നരയ്ക്കും തോല്‍പ്പിക്കാനാവാത്ത ഓര്‍മകള്‍.

‘1965ലെ ഇന്തോ-പാക് യുദ്ധം. മൂന്നാഴ്ചയോളം പിന്നിട്ടിട്ടും വെടിനിര്‍ത്തലിന്റെ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. യുദ്ധം എങ്ങിനെയാണ് മുന്നോട്ടു പോവുന്നത് എന്നതിന്റെ ഒരു ചിത്രം പോലും ഞങ്ങള്‍ സൈനികര്‍ക്കില്ല. കരയിലും വായുവിലും കരസേനയും വ്യോമസേനയും എന്തൊക്കെ നീക്കങ്ങളാണ് നടത്തുന്നതെന്ന ധാരണയില്ല. ലഭിക്കുന്നതാണെങ്കിലോ തീര്‍ത്തും അനൗദ്യോഗികമായ വിവരങ്ങള്‍ മാത്രം. ചെറുപ്പക്കാരായതിനാല്‍ യുദ്ധമുഖത്ത് ഞങ്ങള്‍ക്ക് പ്രത്യേക ചുമതലയുണ്ടാവും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. ശത്രുവുമായി ഏറ്റുമുട്ടുമെന്നും ആകാശത്ത് അവരെ വെടിവച്ചിടുമെന്നും ഞങ്ങള്‍ കണക്കു കൂട്ടി’- കരിയപ്പ ഓര്‍ത്തെടുക്കുന്നു.

പാക് മണ്ണില്‍ വീണ ആ നിമിഷം

‘സെപ്റ്റംബര്‍ 22. സ്്ക്വാഡ്രന്‍ ലീഡറായിരുന്നു ഞാന്‍. തെക്കന്‍ ലാഹോറില്‍ നിന്ന് അല്‍പം അകലെയുള്ള ശത്രു കേന്ദ്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷം മറ്റിടങ്ങളിലേക്കു നീങ്ങാം. എന്നാല്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പോകുന്നില്ല എന്നൊരു തോന്നലുണ്ടായി. നാലു വിമാനങ്ങളില്‍ ഒന്ന് തുടക്കത്തില്‍ തന്നെ സാങ്കേതിക തകരാറ് മൂലം പിന്‍വാങ്ങിയിരുന്നു. മിഷന്റെ ആദ്യ ചില മണിക്കൂറുകള്‍ ഇന്ത്യന്‍ പ്രദേശത്തു തന്നെയായിരുന്നു. ഏറെ ആവേശത്തിലായിരുന്നു ഞങ്ങള്‍. ഞങ്ങളുടെ കേന്ദ്രം ലക്ഷ്യമിട്ടു വരുന്ന ശത്രുവിന്റെ ഒരു വിമാനത്തിനായുള്ള പരതലിലും. ഉള്ളില്‍ എന്തോ ഇരമ്പും പോലെ. അതിര്‍ത്തിയില്‍ എന്താണ് അവസ്ഥയെന്നതിനെ കുറിച്ചറിയില്ല. ശത്രു ഏത് പൊസിഷനിലാണെന്നറിയില്ല. അപ്പോഴാണ് കൂട്ടത്തില്‍ മറ്റൊരു വിമാനത്തിനും സാങ്കേതിത്തകരാറ് വന്നത്. തിരിച്ചു പോവാന്‍ അതിലെ പൈലറ്റിനോടാവശ്യപ്പെട്ടു. ശത്രുവിനെ കണ്ടെത്തി അവന്റെ സുരക്ഷാ കവചം തകര്‍ക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. മുന്നോട്ടു നീങ്ങുംതോറും മൂടല്‍ മാത്രം. ഒന്നും കാണാന്‍ കഴിയുന്നില്ല. തിരിച്ചു പറക്കാന്‍ തീരുമാനിച്ചു. തിരിച്ചു പറക്കുമ്പോഴാണ് ശത്രുവിന്റെ കയ്യില്‍ അകപ്പെട്ടത്. അവര്‍ ഞങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ ആരംഭിച്ചു. ഞങ്ങള്‍ തിരിച്ചടിച്ചു. ഏറെ കഴിയും മുമ്പ് ഞങ്ങളുടെ വിമാനത്തിന് തീപിടിച്ചു. പെട്ടെന്ന് പുറത്തേക്ക് ചാടി. പുറത്തേക്ക് ചാടുമ്പോള്‍ എന്റെ ഷൂ പറന്നു പോകുന്നത് എനിക്ക് കാണാമായിരുന്നു. താഴെവീണ് നിമിഷങ്ങള്‍ക്കകം പാക് സൈനികര്‍ എന്നെ വളഞ്ഞു. കീഴടങ്ങാനും കൈകള്‍ ഉയര്‍ത്താനും അവര്‍ എന്നോട് കല്‍പിച്ചു. എഴുന്നേറ്റ് നില്‍ക്കാന്‍ ആക്രോശിച്ചു. എനിക്കതിന് കഴിയില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. അത്രത്തോളം പരുക്ക് പറ്റിയിരുന്നു എനിക്ക്. ശരീരമാകെ തളര്‍ന്നു പോയതു പോലെയാണ് അപ്പോള്‍ തോന്നിയത്. കാക്കി യൂനിഫോമിലായിരുന്നു അവര്‍. ഒരുമാത്ര ഇന്ത്യന്‍ സൈനികരാണ് അതെന്ന് എനിക്കു തോന്നി. ആ സമയം വെടിയൊച്ചകള്‍ മുഴങ്ങി. അവരുടെ സൈനികര്‍ ഞങ്ങള്‍ക്കു നേരെ വെടിവയ്ക്കുകയാണ്. എന്റെയുള്ളില്‍ ഒരു തീപ്പൊരി മിന്നി. ഞാന്‍ ഒരു യുദ്ധത്തടവുകാരനായിരിക്കുന്നു’

പ്രത്യേക പരിഗണന ഇഷ്ടപ്പെട്ടില്ല

അവര്‍ പേരും റാങ്കും നമ്പറും ചോദിച്ചു. വേദന മൂലം അബോധാവസ്ഥയിലായിരുന്നു ഞാന്‍. എന്തൊക്കെയോ പറഞ്ഞു. ഒരു ജീപ്പിനു പിറകിലാണ് കിടക്കുന്നതെന്നും ഒരു ബ്രിഗേഡിയനാണ് ചോദ്യം ചെയ്യുന്നതെന്നും മാത്രമാണ് അതേക്കുറിച്ചുള്ള ഓര്‍മ. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം എന്നെ മറ്റൊരിടത്തേക്കു മാറ്റി. വീണ്ടും അബോധാവസ്ഥയില്‍. ഓര്‍മവരുമ്പോള്‍ ആശുപത്രിക്കിടക്കയിലാണ്. ഒരാഴ്ചയോളം അവിടെ. അതിനിടെ സന്ദര്‍ശിക്കാനെത്തിയ പാക് ആര്‍മി കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ മൂസ ഞാന്‍ കെ.എം കരിയപ്പയുടെ മകനാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ ഉത്തരവും നല്‍കി. എന്തെങ്കിലും ആവശ്യമുണ്ടോ എന്നും ചോദിച്ചു. പിന്നീട് എന്നെ ലാഹോറില്‍ നിന്ന് റാവല്‍പിണ്ടിയിലെ ആശുപത്രിയിലേക്കു മാറ്റി. അവിടെ പാക് പ്രസിഡന്റ് അയ്യൂബ് ഖാന്റെ മകന്‍ എന്നെ സന്ദര്‍ശിച്ചു. ആശുപത്രിയിലെ ചികിത്സയും ഭക്ഷണവും നല്ലതായിരുന്നു. എന്നാലും ഏകാന്തവാസം എന്നെ പ്രയാസപ്പെടുത്തി. മറ്റ് ഇന്ത്യന്‍ തടവുകാരോടൊപ്പമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.

ചികിത്സ കഴിഞ്ഞ് എന്നെ ജയിലിലേക്കു മാറ്റി. ഒരു ജോഡി ഹവായ് ചെരുപ്പുകള്‍, തണുപ്പിന് ഉപയോഗിക്കാന്‍ കമ്പിളിപ്പുതപ്പ് തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കി. എന്നാല്‍ എന്റെ മുറിയുടെ വാതിലുകള്‍ അടച്ചിട്ടു. എപ്പോഴും അന്ധകാരം. രാത്രിയില്‍ മങ്ങിയ നിറമുള്ള ഒരു ബള്‍ബ് കത്തിക്കും. പ്രാഥമിക കര്‍മങ്ങള്‍ക്കായി കണ്ണു മൂടിക്കെട്ടി 50 അടി അപ്പുറത്തുള്ള ടോയ്‌ലറ്റില്‍ കൊണ്ടുപോവും. ടോയ്‌ലറ്റിന് പുറത്ത് കാവല്‍ക്കാരുണ്ടാവും.

മാതൃരാജ്യത്തേക്കുള്ള മടക്കം

സംഭവബഹുലമായ ഒട്ടേറെ നാളുകള്‍. 1966 ജനുവരി 22. മാതൃരാജ്യത്തേക്കുള്ള മടക്കം. കണ്ണുകെട്ടി പെഷവാറിലേക്കുള്ള യാത്ര. അവിടുന്ന് ഡല്‍ഹിയിലേക്ക്. ഏതാണ്ട് 09:05ന് ഞങ്ങള്‍ അതിര്‍ത്തി കടന്നു. വിമാനം തകര്‍ന്ന് പാക് മണ്ണില്‍ ഞാന്‍ വീണ ഏകദേശ സമയം തന്നെ. അങ്ങിനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഏടുകള്‍ അവിടെ അവസാനിച്ചു.

അവന്‍ എന്റെ മകനല്ല, രാജ്യത്തിന്റെ മകന്‍

‘അവന്‍ ഇപ്പോള്‍ എന്റെ മകനല്ല. ഈ രാജ്യത്തിന്റെ മകനാണ്. മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹി. താങ്കളുടെ ഔദാര്യത്തിനു നന്ദിയുണ്ട്. പക്ഷെ, തടവിലായ എല്ലാവരെയും വിടുക. അല്ലെങ്കില്‍ ആരെയും വിടേണ്ട. അവനു പ്രത്യേക പരിഗണനയും കൊടുക്കേണ്ട’- ഒരു പിതാവിന്റെ ചരിത്രം രേഖപ്പെടുത്തിയ വാക്കുകളാണിത്.

സെപ്റ്റംബര്‍ 22ന് ഇന്ത്യന്‍ വായുസേനയില്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റായിരുന്ന, നന്ദ എന്ന ചെല്ലപ്പേരുള്ള, കെ.സി കരിയപ്പയുടെ ഹണ്ടര്‍ വിമാനം പാകിസ്താന്‍ വെടിവച്ചിട്ടു. പരുക്കേറ്റ നന്ദ പാക് തടവുകാരനായി. പാകിസ്താനിലും ഇന്ത്യയിലും വീരപരിവേഷമുണ്ടായിരുന്ന ജനറല്‍ കെ.എം കരിയപ്പയുടെ മകനായ നന്ദ തടവിലായതു മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.

അതിര്‍ത്തിയിലെ പാക് സൈനികോദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ടു പാക് പ്രസിഡന്റ് അയൂബ് ഖാന്‍ നേരിട്ട് അവരെ വിളിച്ചു നന്ദയുടെ സുഖസൗകര്യങ്ങള്‍ അന്വേഷിച്ചു. അയൂബ് ഖാന്‍, കര്‍ണാടകയിലെ മടിക്കേരിയിലായിരുന്ന ജനറല്‍ കെ.എം കരിയപ്പയെ ഫോണില്‍ വിളിച്ചു മകനെ ഉടന്‍ വിടുതല്‍ ചെയ്യാമെന്നറിയിച്ചു. അപ്പോള്‍ അയ്യൂബ്ഖാനെ പോലും അമ്പരപ്പിച്ച് കരിയപ്പ നല്‍കിയ മറുപടിയായിരുന്നു മുകളില്‍ പറഞ്ഞത്.

കര്‍ണാടകയിലെ കുടകുവാസികള്‍ പരമ്പരാഗതമായി പടയാളികളാണ്. കുടകിലെ മടിക്കേരി (മെര്‍ക്കാറ) യില്‍ ജനിച്ച ഫീല്‍ഡ് മാര്‍ഷല്‍ കോദണ്ഡേര മാടപ്പ കരിയപ്പ (28 ജനുവരി 1899- 15 മേയ് 1993), ക്വെറ്റ (ഇപ്പോള്‍ പാകിസ്താനില്‍) യിലെ മിലിട്ടറി കോളജിലെ ആദ്യത്തെ ഇന്ത്യന്‍ ഓഫീസര്‍ ട്രെയിനി ആയിരുന്നു. ലണ്ടനിലെ ഇമ്പീരിയല്‍ ഡിഫെന്‍സ് കോളജില്‍ എത്തിയ ആദ്യത്തെ ഇന്ത്യാക്കാരനുമായിരുന്നു. ബ്രിട്ടീഷ് സേനാംഗങ്ങളുടെ മേലധികാരിയായി വര്‍ത്തിച്ച ആദ്യത്തെ ഇന്ത്യന്‍ ഓഫിസറും കരിയപ്പ തന്നെ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക മേധാവിയും.

അയ്യൂബ് ഖാനുമായുള്ള ബന്ധം

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ വിദേശത്തു സ്തുത്യര്‍ഹമായി സേവനം ചെയ്തിട്ടുണ്ട് കെ.എം കരിയപ്പ. രണ്ടാം ലോകമഹായുദ്ധകാലത്ത് അയൂബ് ഖാന്റെ മേധാവി ആയിരുന്നു. അവര്‍ സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ റിപ്പബ്ലിക്കായ സ്വതന്ത്രേന്ത്യയില്‍ ജനങ്ങള്‍ക്കാണു പരമാധികാരമെന്നും സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിക്കരുതെന്നും അദ്ദേഹം വിശ്വസിച്ചു.

സൈന്യത്തില്‍ നിന്നു വിരമിച്ച ശേഷം ആസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഹൈക്കമ്മീഷണര്‍ ആയിരുന്നു. പിന്നീട്, 1957ലെ തെരഞ്ഞെടുപ്പില്‍, സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം, അദ്ദേഹം ഉത്തരമുംബൈയില്‍ നിന്നു സ്വതന്ത്രനായി ലോക്‌സഭയിലേക്കു മത്സരിച്ചുവെങ്കിലും വി.കെ കൃഷ്ണമേനോനോടു പരാജയപ്പെട്ടു.

1986ല്‍ വൈകിയാണെങ്കിലും, അദ്ദേഹത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആക്കി, 87 വയസ്സായപ്പോള്‍. 1993 മേയ് 15 ന് ഫീല്‍ഡ് മാര്‍ഷല്‍ കെ.എം കരിയപ്പ ബാംഗ്ലൂരില്‍ അന്തരിച്ചു. 1995ല്‍ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കി.

വീരനായ പിതാവിന്റെ ധീരനായ മകന്‍

പാക് പിടിയിലായി വിട്ടയച്ച അഭിനന്ദന്‍ വര്‍ത്തമാനും കെ.സി കരിയപ്പയ്ക്കും സമാനതകള്‍ ഏറെയാണ്. വീരനായ പിതാവിന്റെ ധീരനായ മകനാണ് കെ.സി കരിയപ്പയെ പോലെ അഭിനന്ദനും. പിതാവിന്റെ ഓര്‍മകകളെ ഇന്നും ആദരവോടെ കെ.സി കരിയപ്പ ചേര്‍ത്തു പിടിക്കുന്നു. 1986 ല്‍ എയര്‍മാര്‍ഷല്‍ ആയാണ് കെ.സി കരിയപ്പ വിരമിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.