2018 May 11 Friday

രാജ്യത്ത് ഏറ്റവും ശുദ്ധമായ വായു കേരളത്തിലേതെന്ന് ഗ്രീന്‍പീസ് റിപ്പോര്‍ട്ട്

കെ. ജംഷാദ്

കോഴിക്കോട്: ഇനി ഒന്ന് ദീര്‍ഘമായി ശ്വസിച്ചോളൂ, കാരണം രാജ്യത്ത് ഏറ്റവും ശുദ്ധമായ വായു ഉള്ളത് കേരളത്തിലെന്ന് പഠനം. ഗ്രീന്‍ പീസ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട എയര്‍പോകാലിപ്്‌സ് 2 എന്ന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ വായുമലിനീകരണത്തെക്കുറിച്ചുള്ള വിവരമുള്ളത്. 280 നഗരങ്ങളെയാണ് പഠനവിധേയമാക്കിയത്. ഇതില്‍ 228 നഗരങ്ങളിലും മലിനീകരണ തോത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി.പി.സി.ബി) കീഴിലുള്ള നാഷനല്‍ ആംബിയന്റ് എയര്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് (എന്‍.എ.എ.ക്യു.എസ്) പാലിക്കുന്നില്ല. എന്നാല്‍ കേരളത്തിലെ നഗരങ്ങളില്‍ വായു മലിനീകരണം എന്‍.എ.എ.ക്യു.എസ് മാനദണ്ഡത്തേക്കാള്‍ കുറവാണ്. അന്തരീക്ഷത്തില്‍ 10 മൈക്രോമീറ്റര്‍ വരെ വലിപ്പമുള്ള പൊടിപടലങ്ങളുടെ അളവ് ക്യുബിക് മീറ്ററിന് 60 മൈക്രോഗ്രാം വരെയാണ് ദേശീയ മാനദണ്ഡപ്രകാരം അനുവദിക്കപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ഇത് 20 മൈക്രോഗ്രാമാണ്.
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ളത്. ദേശീയ മാനദണ്ഡത്തേക്കാള്‍ നാലിരട്ടിയാണ് ഇവിടത്തെ മലിനീകരണ തോത്. ദേശീയ നിലവാരത്തേക്കാള്‍ പലമടങ്ങ് കൂടുതലുള്ള ആന്ധ്രാപ്രദേശാണ് മലിനീകരണത്തില്‍ മുന്നിലുള്ളത്. തമിഴ്‌നാട്ടില്‍ മൂന്നു നഗരങ്ങളിലാണ് കൂടുതല്‍ മലിനീകരണം രേഖപ്പെടുത്തിയത്. കര്‍ണാടകയിലെ ആറു നഗരങ്ങളിലും മലിനീകരണ തോത് കൂടുതലാണ്.
കേരളത്തില്‍ എല്ലാ ജില്ലകളിലും ദേശീയ മാനദണ്ഡത്തേക്കാള്‍ കുറഞ്ഞ മലിനീകരണമാണ് രേഖപ്പെടുത്തിയത്. 2015 ലെയും 2016 ലെയും കണക്കുകളാണ് പഠനത്തിന് വിധേയമാക്കിയത്. 2015 നെ അപേക്ഷിച്ച് 2016 ല്‍ മിക്കയിടത്തും മലിനീകരണം കുറഞ്ഞു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ളത് കോട്ടയത്താണ്. 2015 ല്‍ ദേശീയ മാനണ്ഡത്തിന്റെ പരിധിയായ 60 മൈക്രോഗ്രാം ആയിരുന്നു ഇവിടത്തെ മലിനീകരണ തോത്. 2016 ല്‍ 55 മൈക്രോഗ്രാം ആയി കുറഞ്ഞു.
പത്തനംതിട്ടയിലാണ് മലിനീകരണം കുറവുള്ളത്. ലോകാരോഗ്യ സംഘടനയുടെ പരിധിയായ 20 ന് അല്‍പം മുകളിലാണ് പത്തനംതിട്ടയിലെ മലിനീകരണ തോത്. 2015 ലേക്കാള്‍ മലിനീകരണം ഇവിടെ അല്‍പം വര്‍ധിച്ചിട്ടുണ്ട്. കൊച്ചി, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ 2015 നേക്കാള്‍ മലിനീകരണ തോതില്‍ 5 മുതല്‍ 10 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. എന്നാല്‍ ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ മലിനീകരണം കുറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.