2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

അഴിമതിയാരോപണങ്ങളെ പരിഹസിച്ച് തള്ളുകയല്ല വേണ്ടത്


 

ഇടതുമുന്നണി സര്‍ക്കാരിന് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ അഴിമതിയാരോപണങ്ങള്‍ ഓരോന്നായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊവിഡിനെ തുരത്താന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ മേന്മ നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം ആരോപണങ്ങള്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ആരോപണങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍നടപടികള്‍.
കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ സ്പ്രിംഗ്ലറിനെ ചുമതലപ്പെടുത്തിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ സര്‍ക്കാര്‍ ആദ്യം തള്ളിക്കളഞ്ഞെങ്കിലും വൈകാതെ സ്പ്രിംഗ്ലര്‍ കമ്പനിയെ ചുമതലയില്‍നിന്ന് നീക്കി. പിന്നീട് ഉയര്‍ന്നുവന്ന അഴിമതിയാരോപണമായിരുന്നു പമ്പയിലെ മണല്‍ നീക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. പമ്പയില്‍ അടിഞ്ഞുകൂടിയ എക്കല്‍ നീക്കാന്‍ കണ്ണൂരിലെ പൊതുമേഖലാ കമ്പനിയെ സര്‍ക്കാര്‍ നിയോഗിച്ചതോടെയാണ് അഴിമതിയാരോപണം ഉയര്‍ന്നത്. കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനത്തിന് ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയ മുന്‍പരിചയമില്ലെന്നും കോടിക്കണക്കിന് രൂപ വിലവരുന്ന മണല്‍ കടത്താനാണ് പദ്ധതിയെന്നും പ്രതിപക്ഷം ആരോപിച്ചപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍, പ്രതിപക്ഷ ആരോപണം ശരിവയ്ക്കുംവിധം സി.പി.ഐ പ്രശ്‌നത്തില്‍ ഇടപെടുകയും സി.പി.ഐ മന്ത്രിയായ കെ. രാജു ഇത് തടയുകയും ചെയ്തു. ഇതോടെ പൊതുമേഖലാ കമ്പനി എക്കല്‍ നീക്കുന്ന കരാറില്‍ നിന്ന് പിന്മാറി. പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം.

പിന്നാലെയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മന്ത്രി എം.എം മണി രംഗപ്രവേശനം ചെയ്യുന്നത്. ഇവിടെയും അഴിമതിക്ക് കളമൊരുങ്ങുകയാണെന്ന് പ്രധാനമായും ആരോപിച്ചത് ഘടകകക്ഷിയായ സി.പി.ഐ ആയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് നല്‍കിയ അനുമതി പുതുക്കാനുള്ള നടപടിക്രമം മാത്രമാണ് ചെയ്തതെന്നുപറഞ്ഞ് മന്ത്രി മണി ഒഴിഞ്ഞുമാറുകയും ചെയ്തു.
ഇപ്പോള്‍ മറ്റൊരു അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുകയാണ്. പതിവുപോലെ ഭരണപക്ഷ നേതാക്കള്‍ പ്രതിരോധം തീര്‍ക്കാനും പ്രതിപക്ഷ നേതാവിനെ പരിഹസിക്കാനും തുടങ്ങിയിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ പരിഹസിക്കുകയെന്നത് ബി.ജെ.പിയുടെ രീതിയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജ്യരക്ഷയെ സംബന്ധിച്ച് ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല. എന്നാല്‍, ബി.ജെ.പി പ്രസിഡന്റ് ജെ.പി നഡ്ഡ മറുപടിയെന്നോണം രാഹുല്‍ഗാന്ധിയെ പരിഹസിച്ചുകൊണ്ടിരിക്കുന്നു.

ചെന്നിത്തല കഴിഞ്ഞദിവസം ഉയര്‍ത്തിക്കൊണ്ടുവന്ന ഇ-മൊബിലിറ്റി അഴിമതിയാരോപണത്തിനെതിരേ ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ച രീതി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ അനുസ്മരിപ്പിക്കുന്നതായി. ഇ-മൊബിലിറ്റി അഴിമതിയാരോപണത്തിന് വ്യക്തമായ മറുപടി പറയാനാകാതെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ തപ്പിത്തടയുമ്പോള്‍ സാധാരണ ജനങ്ങള്‍ എന്താണ് മനസിലാക്കേണ്ടത്. ഓര്‍മയില്ല, ഫയല്‍ നോക്കണം എന്നൊക്കെയാണ് മന്ത്രി പറയുന്നത്.

2019 ഓഗസ്റ്റ് 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 4,500 കോടി രൂപ മുടക്കി കെ.എസ്.ആര്‍.ടി.സിക്ക് 3,000 ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ചതിനുപിന്നില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സിക്കും വിശദമായ പദ്ധതി റിപ്പോര്‍ട്ടിനും ചുമതലപ്പെടുത്തിയ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് കമ്പനിക്കെതിരേയാണ് പ്രധാനമായും ആരോപണം ഉയര്‍ത്തിയത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി നികുതി വെട്ടിപ്പ് ഉള്‍പ്പെടെ ഇന്ത്യയില്‍ നിരവധി കേസുകള്‍ നേരിടുന്നുണ്ട്. സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) രണ്ടുവര്‍ഷത്തെ വിലക്കും നേരിടുന്നുണ്ട്. 80 ലക്ഷമാണ് കമ്പനിക്ക് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരമൊരു കമ്പനിക്ക് നടപടിക്രമങ്ങള്‍ പാലിക്കാതെയും മന്ത്രിസഭ അറിയാതെയും കരാര്‍ നല്‍കേണ്ട എന്താവശ്യമാണ് ഉണ്ടായിരുന്നത്. സംശയനിഴലിലുള്ള കമ്പനിയുമായി നടത്തുന്ന ഇത്തരം ഇടപാടില്‍ അഴിമതിയുണ്ടാവുക സ്വാഭാവികം. കരാറില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുമ്പോള്‍ വസ്തുതകള്‍ നിരത്തി ഖണ്ഡിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടത്. പകരം അഴിമതിയാരോപണം ഉന്നയിക്കുന്നവരെ പരിഹസിക്കുമ്പോള്‍ ജനങ്ങളെന്താണ് മനസിലാക്കേണ്ടത്. ആരോപണത്തില്‍ വസ്തുതയുണ്ടെന്നല്ലേ.
സി.പി.എമ്മില്‍ ഇപ്പോള്‍ സമ്പത്തിനും സ്ഥാനമോഹങ്ങള്‍ക്കുമായുള്ള വിഭാഗീയതയാണുള്ളതെന്ന് കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരേ പാര്‍ട്ടി സ്വീകരിച്ച നടപടിയെ പരാമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ് കഴിഞ്ഞദിവസം പറഞ്ഞ വാചകം ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.