2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സഊദിയില്‍ കൊറോണ ബാധ സ്ഥിരീകരിച്ച മലയാളി നഴ്‌സിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ഐ.സി.യുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റി

നിസാര്‍ കലയത്ത്

ജിദ്ദ: സഊദിയിലെ അബഹയില്‍ കൊറോണ ബാധ സ്ഥിരീകരിച്ച മലയാളി നഴ്‌സിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇവരെ ഐ.സി.യുവില്‍നിന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റി. കൊറോണ ബാധയുമായി ബന്ധപ്പെട്ട് നിലവില്‍ ഒരാള്‍ പോലും നിരീക്ഷണത്തിലില്ലെന്ന് കോണ്‍സുലേറ്റ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും ഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റി പ്രസിഡന്റുമായ അഷ്‌റഫ് കുറ്റിച്ചല്‍ പറഞ്ഞു. മുപ്പതോളം പേര്‍ നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇവരില്‍ ഏഴു പേര്‍ ഒഴികെയുള്ളവര്‍ ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ പ്രവേശിക്കാത്തവര്‍ക്കും അസുഖബാധയില്ല. നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ ആരോഗ്യപരിശോധനയും പൂര്‍ത്തിയാക്കി. ആര്‍ക്കും കൊറോണയുള്ളതായി കണ്ടെത്തിയില്ല.

കൊറോണ ബാധ സ്ഥിരീകരിച്ച നഴ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട സഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇവരോടൊപ്പം ജോലി ചെയ്തിരുന്നു മുപ്പതോളം നഴ്‌സുമാരെ നിരീക്ഷണത്തില്‍ വെച്ചിരുന്നെങ്കിലും ആര്‍ക്കും രോഗ ബാധയില്ല. കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് സ്വദേശിയായ നഴ്‌സിനെ ശുശ്രൂഷിച്ച മലയാളി നഴ്‌സിനാണ് കൊറോണ പിടികൂടിയത്. ഇവരെ പിന്നീട് അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊറോണ വൈറസ് ബാധയേറ്റ ഫിലിപ്പീന്‍സ് യുവതിയെ കഴിഞ്ഞയാഴ്ചയാണ് അല്‍ ഹയാത്ത് ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചത്.
പനിയും ശരീര വേദനയും അനുഭവപ്പെട്ട ഫിലിപ്പിനോയ്ക്ക് നാല് ദിവസം കഴിഞ്ഞാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് അവരെ ശുശ്രൂഷിച്ച നഴ്‌സുമാരെ നിരീക്ഷിച്ചത്.

അതേ സമയം വൈറസ് ബാധ കണ്ടെത്തിയ ഫിലിപ്പിനോയുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സഊദി ആരോഗ്യമന്ത്രാലയവും അസീര്‍ ഗവര്‍ണറേറ്റും ഇവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അതേ സമയം മലയാളി നഴ്‌സുമാര്‍ക്ക് കൊറോണവൈറസ് ബാധ സംശയിക്കുന്നത് സംബന്ധിച്ച് ജിദ്ദയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സൗദിയിലെ അബഹയിലുള്ള അല്‍ ഹയാത്ത് ആശുപത്രിയിലാണ് നഴ്‌സുമാര്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രി മാനേജ്‌മെന്റുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാന്‍ പറഞ്ഞതായും വി മുരളീധരന്‍ വിശദീകരിച്ചു.

തേസമയം കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൈനയില്‍ നിന്നെത്തുന്നവര്‍ പരിശോധനയിലൂടെ കടന്നു പോകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അവിടുത്തെ ഇന്ത്യന്‍ എമ്പസി അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അബഹയിലെ സ്വകാര്യ ആശുപത്രിയായ ഹയാതില്‍ നൂറോളം മലയാളി നഴ്‌സുമാര്‍ തൊഴിലെടുക്കുന്നുണ്ട്. നഴ്‌സുമാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം.ഇതിനായി സഊദി ആരോഗ്യ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.