2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ബഹ്‌റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം എട്ടായി: യു.എ.ഇയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു

വൈറസ് ബാധ കണ്ടെത്തിയത് യു.എ.ഇവഴി ഇറാനില്‍ നിന്നും എത്തിയവരില്‍

ഉബൈദുല്ല റഹ് മാനി

മനാമ ഇറാനില്‍ നിന്നെത്തിയ ആറ് പേരില്‍ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ബഹ്‌റൈനില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 8 ആയി ഉയര്‍ന്നു. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ വൈറസ് ബാധിതരെല്ലാം ഇറാനില്‍ നിന്നും യു.എ.ഇ വഴി എത്തിയവരാണെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
അതിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ബഹ്‌റൈന്‍ പൗരന്മാരും നാലു പേര്‍ രാജ്യത്തെത്തിയ സൗദി പൗരന്മാരുമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെയെല്ലാവരെയും ഇപ്പോള്‍ ബഹ്‌റൈനിലെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ആദ്യമായി രോഗബാധയുണ്ടെന്ന് കണ്ടെത്തിയ സ്വദേശി പൗരനെ ഇബ്രാഹിം ഖലീല്‍ കാനൂ കമ്യൂണിറ്റി മെഡിക്കല്‍ സെന്ററിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വൈറസ് ബാധയേറ്റ ആളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയെല്ലാം കണ്ടെത്തിയതായും ഇവരെല്ലാം 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പരിഭ്രാന്തരാകേണ്ട സാഹചര്യം രാജ്യത്തില്ലെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാല്‍ 444 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അധികൃതരുമായി ബന്ധപ്പെടാമെന്നും വ്യാജ പ്രചരണം ഒഴിവാക്കാനായി മറ്റുള്ളവരോടുള്ള അന്വേഷണം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെയും ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലിന്റെയും നിര്‍ദേശപ്രകാരമുള്ള എല്ലാ മുന്‍കരുതലും രാജ്യത്ത് സ്വീകരിച്ചു വരുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയത്തെ ഉദ്ദരിച്ച് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.